< Back
Kerala
ഇടുക്കിയിൽ അതിശക്തമായ മഴ; നിർത്തിയിട്ട ട്രാവലർ ഒഴുകിപ്പോയി, കല്ലാർ ഡാമിന്റെ ഷട്ടറുകൾ മുഴുവനായും ഉയർത്തി

Photo|Special Arrangement

Kerala

ഇടുക്കിയിൽ അതിശക്തമായ മഴ; നിർത്തിയിട്ട ട്രാവലർ ഒഴുകിപ്പോയി, കല്ലാർ ഡാമിന്റെ ഷട്ടറുകൾ മുഴുവനായും ഉയർത്തി

Web Desk
|
18 Oct 2025 6:27 AM IST

ജലനിരപ്പ് ഉയർന്ന സാഹചര്യത്തിൽ മുല്ലപ്പെരിയാർ ഡാമിന്റെ ഷട്ടറുകൾ രാവിലെ എട്ട് മണിയോടെ ഘട്ടംഘട്ടമായി തുറക്കും

ഇടുക്കി: ഇടുക്കിയിൽ അതിശക്തമായ മഴ. നെടുങ്കണ്ടത്തും കട്ടപ്പനയിലും നൂറുകണക്കിന് വീടുകളിൽ വെള്ളം കയറി. കട്ടപ്പനക്ക് സമീപം ഉരുൾപൊട്ടിയതായി സംശയമുണ്ട്. ജലനിരപ്പ് ഉയർന്ന സാഹചര്യത്തിൽ മുല്ലപ്പെരിയാർ ഡാമിന്റെ ഷട്ടറുകൾ ഘട്ടംഘട്ടമായി തുറക്കും. രാവിലെ എട്ടുമണിയോടെയാണ് ഡാമിന്റെ ഷട്ടറുകൾ തുറക്കുക.

നെടുങ്കണ്ടത്ത് നൂറുകണക്കിന് വീടുകളിലാണ് വെള്ളം കയറിയത്. നിർത്തിയിട്ട ട്രാവലലറും ഓട്ടോറിക്ഷയും ഒഴുകിപ്പോയി. കല്ലൂർ ഡാം തുറന്നതിന് പിന്നാലെ തൂവർ അരുവിയിൽ വെള്ളം ഉയർന്നതോടെയാണ് ഓട്ടോ ഒഴുകിപ്പോയത്. വീടുകളിൽ നിന്നും ആളുകളെ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റിയിട്ടുണ്ട്. താന്നിമൂട് മേഖല പൂർണമായും ഒറ്റപ്പെട്ടു. നെടുങ്കണ്ടം-കമ്പം അന്തർ സംസ്ഥാന പാതയിലൂടെയുള്ള ഗതാഗതം പൂർണമായും തടസപ്പെട്ടു. കൂട്ടാർ, തേർഡ് ക്യാമ്പ്, സന്യാസിയോട, മുണ്ടിയെരുമ, തൂക്കുപാലം, താന്നിമൂട്, കല്ലാർ തുടങ്ങിയ ടൗണുകൾ വെള്ളത്തിനടിയിലായി. കുമളിയിൽ വെള്ളം കയറിയതിനെ തുടർന്ന് വീടുകളിൽ നിന്നും ആളുകളെ രക്ഷപ്പെടുത്തി. കല്ലാർ ഡാമിന്റെ ഷട്ടറുകൾ മുഴുവനായും ഉയർത്തി.

മുണ്ടിയെരുമയിലും നിരവധി വീടുകൾ വെള്ളത്തിനടിയിലായി. രണ്ടുനില വീടുകളുടെ ഒരു നില പൂർണമായും വെള്ളത്തിനടിയിലാണ്. ആളുകളെ മേഖലയിൽ നിന്നും മാറ്റിക്കൊണ്ടിരിക്കുകയാണ്. നെടുങ്കണ്ടം - കമ്പം അന്തർ സംസ്ഥാന പാതയിലൂടെയുള്ള ഗതാഗതം പൂർണമായും തടസ്സപ്പെട്ടു. കട്ടപ്പന വി.ടി പടിയ്ക്ക് സമീപം ഉരുൾപൊട്ടി. മുല്ലപ്പെരിയാർ ഡാമിന്റെ ഷട്ടറുകൾ ഉയർത്തി. സ്പിൽവേയിലെ മൂന്നു ഷട്ടർ ആണ് തുറന്നത്.

അതേസമയം, സംസ്ഥാനത്ത് ഇന്നും ഇടിമിന്നലോട് കൂടിയ ഒറ്റപ്പെട്ട അതിശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്. ഒൻപത് ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. വയനാട്, കോഴിക്കോട്, മലപ്പുറം, പാലക്കാട്, തൃശൂർ, ഇടുക്കി, എറണാകുളം, കോട്ടയം, പത്തനംതിട്ട ജില്ലകളിലാണ് യെല്ലോ അലർട്ട്. വരും ദിവസങ്ങളിലും മഴ ശക്തമായി തുടരും.

മഴക്കൊപ്പം മണിക്കൂറിൽ 40 കിലോമീറ്റർ വേഗതിയിൽ കാറ്റുവീശാനും സാധ്യതയുണ്ട്. കേരളതീരത്ത് മത്സ്യബന്ധനത്തിനേർപ്പെടുത്തിയ വിലക്ക് തുടരുകയാണ്. മഴ കനക്കുന്നതിനാൽ മലയോര മേഖലയിലുള്ളവരും തീരദേശവാസികളും ജാഗ്രത പാലിക്കണമെന്നും മുന്നറിയിപ്പുണ്ട്.

Similar Posts