< Back
Kerala
കനത്ത മഴ; കോഴിക്കോട് തെങ്ങ് കടപുഴകി വീട് തകർന്നു
Kerala

കനത്ത മഴ; കോഴിക്കോട് തെങ്ങ് കടപുഴകി വീട് തകർന്നു

Web Desk
|
6 April 2022 8:20 PM IST

ശക്തമായ കാറ്റിലും മഴയിലും വയനാട് അഞ്ച് വീടുകളുടെ മേൽക്കൂരകൾ തകർന്നു

സംസ്ഥാനത്ത് കനത്ത മഴയിൽ വിവിധയിടങ്ങളിൽ നാശനഷ്ടം. കോഴിക്കോട് നാദാപുരത്ത് തെങ്ങു കടപുഴകി വീണു വീട് തകർന്നു. കൂടാതെ നാദാപുരം താലൂക് ആശുപത്രിയുടെ സമീപത്തെ സ്വകാര്യ ലാബിന്റെ ഗ്ലാസ് പാളികൾ ഇടിമിന്നലിൽ പൊട്ടിത്തെറിച്ചു.

വയനാട് മീനങ്ങാടിയിൽ ശക്തമായ കാറ്റിലും മഴയിലും വ്യാപക നാശനഷ്ടമാണ് ഉണ്ടായത്. അഞ്ച് വീടുകളുടെ മേൽക്കൂരകൾ തകർന്നു. മീനങ്ങാടി ചീരാംകുന്ന് കണിയാമ്പടിക്കൽ യോഹന്നാൻ, ചെന്നാളി റിയാസ്, പാലക്കമൂല ഹംസ, കൊരളമ്പം സുജിന എന്നിവരുടെ വീടിന്റെ മേൽക്കൂരകൾ ഭാഗികമായി തകർന്നു. അതേസമയം റോഡുകളിൽ കടപുഴകി വീണ മരങ്ങൾ നീക്കി.

എറണാകുളം കോതമംഗലത്ത് കനത്ത മഴയിലും കാറ്റിലും വീടുകൾ തകർന്നു. കുടമ്പുഴ പഞ്ചായത്തിലെ പതിനാലാം വാർഡിൽ ആറോളം വീടുകൾക്ക് നാശനഷ്ടങ്ങൾ സംഭവിച്ചു. വീടിന്റെ മേൽക്കൂരകൾ പൂർണ്ണമായും കാറ്റിൽ പറന്നു പോയി. തട്ടേക്കാട് കുട്ടമ്പുഴ റൂട്ടിൽ മരങ്ങൾ കടപുഴകി വീണ് ഗതാഗതം സംഭിച്ചു. ചിലയിടങ്ങളിൽ ഇലക്ട്രിക് പോസ്റ്റുകൾക്ക് മുകളിലേക്ക് മരങ്ങൾ വീണ് വൈദ്യുതി ബന്ധം തടസ്സപ്പെട്ടു. അതെ സമയം പത്തനംതിട്ട, എറണാകുളം ജില്ലകളിൽ യെല്ലോ അലേർട്ട് പ്രഖ്യാപിച്ചു. ജില്ലകളിൽ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയുണ്ടെന്ന് കാലാവസ്ഥ നിരീക്ഷണകേന്ദ്രം അറിയിച്ചു.

ജില്ലയടെ മലയോരമേഖലയിലാണ് മഴ കൂടുതൽ ശക്തി പ്രാപിച്ചിരിക്കുന്നത്. നഗര പ്രദേശങ്ങളിലടക്കം മഴക്ക് പുറമെ ശക്തമായ കാറ്റും ഇടിയും മിന്നലും തുടർന്നു കൊണ്ടിരിക്കുകയാണ്. ഇന്നലെ അങ്കമാലിയിലടക്കം മഴയിൽ വലിയ നാശനഷ്ടങ്ങൾ സംഭവിച്ചിരുന്നു.

കേരളത്തിൽ ഇടിമിന്നലോട് കൂടിയ മഴ അടുത്ത അഞ്ചുദിവസം വരെ തുടരാൻ സാധ്യതയുണെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. തെക്കൻ ആൻഡമാൻ കടലിലിന് മുകളിൽ ചക്രവാതചുഴി രൂപപ്പെട്ടിട്ടുണ്ട്. അടുത്ത 48 മണിക്കൂറിനുള്ളിൽ ചക്രവാതചുഴി തെക്ക് കിഴക്കൻ ബംഗാൾ ഉൾകടലിൽ ന്യൂന മർദമായി ശക്തി പ്രാപിക്കാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. എല്ലാ ജില്ലകളിലും ഒറ്റപ്പെട്ട മഴയുണ്ടാകാന്‍ സാധ്യതയുണ്ടെന്നും കാലാവസ്ഥ വകുപ്പ് അറിയിച്ചു.

Similar Posts