
കുഞ്ഞ് ചെരുപ്പ് ഒലിച്ചു പോയി, ജയപ്രസാദിന്‍റെ കണ്ണില്‍ സങ്കടമിരമ്പി, 'ഒട്ടിപ്പുള്ള' പുതിയ ചെരുപ്പ് വാങ്ങി നല്‍കി വി.ഡി സതീശന്‍
ഒട്ടിപ്പൊള്ള ചെരുപ്പ് തന്നെ വേണമെന്ന കുഞ്ഞു ജയപ്രസാദിന്‍റെ ആവശ്യം കേട്ട പ്രതിപക്ഷ നേതാവ് ഉടനെ തന്നെ അവനെയും കൂട്ടി അടുത്തുള്ള ചെരുപ്പ് കട തിരക്കിയിറങ്ങി
കൊച്ചി: കനത്ത മഴയെ തുടര്‍ന്നുള്ള വെള്ളത്തില്‍ ചെരുപ്പ് ഒലിച്ചു പോയ കൊച്ചുമിടുക്കന് പുത്തന്‍ പുതിയ ചെരുപ്പ് വാങ്ങി നല്‍കി പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍. പുത്തന്‍വേലിക്കര എളന്തിക്കര സ്ക്കൂളിലെ ദുരിതാശ്വാസ ക്യാമ്പിൽ കഴിയുന്ന ജയപ്രസാദിന്‍റെ ചെരുപ്പ് മഴ പെയ്തതിനെ തുടര്‍ന്നുള്ള വെള്ളത്തില്‍ ഒലിച്ചുപോവുകയായിരുന്നു. ചെരുപ്പ് നഷ്ടമായതോടെ കുഞ്ഞ് ജയപ്രസാദിന്‍റെ കണ്ണില്‍ നിന്നും സങ്കടക്കടലിരമ്പമായി. സങ്കടപ്പെട്ടതിൻ്റെ കാര്യം തിരക്കിയ വി.ഡി സതീശനോട് തന്‍റെ ചെരുപ്പ് ഒലിച്ചുപോയ കഥ പറഞ്ഞതോടെയാണ് അപ്രതീക്ഷിത സമ്മാനം കൈയ്യിലെത്തിയത്.
'കരയണ്ട നമുക്ക് പരിഹാരം ഉണ്ടാക്കാം', എന്ന് വി.ഡി സതീശന്‍ ജയപ്രസാദിനെ ആശ്വസിപ്പിച്ചു. അതെ സമയം തനിക്ക് ഒട്ടിപ്പൊള്ള ചെരുപ്പ് തന്നെ വേണമെന്ന കുഞ്ഞു ജയപ്രസാദിന്‍റെ ആവശ്യം കേട്ട പ്രതിപക്ഷ നേതാവ് ഉടനെ തന്നെ അവനെയും കൂട്ടി അടുത്തുള്ള ചെരുപ്പ് കട തിരക്കിയിറങ്ങി. കുഞ്ഞുമിടുക്കനോട് വർത്തമാനം പറഞ്ഞ് വിശേഷം തിരക്കിയ വി.ഡി സതീശന്‍ മഴയത്ത് ഒരു ചായയും കുടിച്ച് നല്ലൊരു ചെരുപ്പും വാങ്ങി നല്‍കിയാണ് ജയപ്രസാദിനെ യാത്രയാക്കിയത്.