< Back
Kerala
കനത്ത മഴ: സർവകലാശാലാ പരീക്ഷകൾ മാറ്റി
Kerala

കനത്ത മഴ: സർവകലാശാലാ പരീക്ഷകൾ മാറ്റി

Web Desk
|
17 Oct 2021 7:26 PM IST

നാളെ നടത്താനിരുന്ന പ്ലസ്‌വൺ പരീക്ഷ മാറ്റിവച്ചതായി വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി നേരത്തെ അറിയിച്ചിരുന്നു

സംസ്ഥാനത്ത് ശക്തമായ മഴ തുടരുന്ന പശ്ചാത്തലത്തിൽ വിവിധ സർവകലാശാലകൾ നാളെ നടത്താനിരുന്ന പരീക്ഷകൾ മാറ്റിവച്ചു. കാലിക്കറ്റ്, കണ്ണൂർ, എംജി സർവകലാശാലകളാണ് പരീക്ഷകൾ നീട്ടി ഉത്തരവിറക്കിയത്. നേരത്തെ, നാളെ നടത്താനിരുന്ന പ്ലസ്‌വൺ പരീക്ഷ മാറ്റിവച്ചതായി വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി ഫേസ്ബുക്ക് കുറിപ്പിലൂടെ അറിയിച്ചിരുന്നു.

കണ്ണൂർ സർവകലാശാല നാളെ നടത്താനിരുന്ന രണ്ടാം വർഷ വിദൂര വിദ്യാഭ്യാസ ബിരുദ പരീക്ഷകളും ഐടി പഠന വകുപ്പിലെ ഒന്നാം സെമസ്റ്റർ എംഎസ്‌സി കംപ്യൂട്ടർ സയൻസ് പരീക്ഷകളുമാണ് മാറ്റിവച്ചത്. പുതുക്കിയ തീയതി പിന്നീട് അറിയിക്കും. തലശ്ശേരി കാംപസിലെ ഒന്നാം സെമസ്റ്റർ എംബിഎ പരീക്ഷകൾക്ക് മാറ്റമില്ല.

കാലിക്കറ്റ് സർവകലാശാല നാളെ നടത്താനിരുന്ന എല്ലാ പരീക്ഷകളും മാറ്റിവച്ചിട്ടുണ്ട്. പുതുക്കിയ തീയതി പിന്നീട് അറിയിക്കുമെന്ന് പരീക്ഷാ വിഭാഗം അറിയിച്ചു. കേരള സർവകലാശാലയും മുഴുവൻ പരീക്ഷകളും മാറ്റിയിട്ടുണ്ട്. തിയറി, പ്രാക്ടിക്കൽ, എൻട്രൻസ് അടക്കം എല്ലാ പരീക്ഷകളും ഇതിൽ ഉൾപ്പെടും. മറ്റു ദിവസത്തെ പരീക്ഷകൾക്ക് മാറ്റമില്ല.

മഹാത്മാഗാന്ധി സർവകലാശാലയും നാള നടത്താൻ നിശ്ചയിച്ചിരുന്ന എല്ലാ പരീക്ഷകളും മാറ്റി. പുതുക്കിയ തീയതി പിന്നീട് അറിയിക്കുമെന്ന് പരീക്ഷാ വിഭാഗം അറിയിച്ചു.

തിങ്കളാഴ്ച നടക്കാനിരുന്ന പ്ലസ്‌വൺ പരീക്ഷ മാറ്റി നേരത്തെ പൊതുവിദ്യാഭ്യാസ ഡയരക്ടർ ഉത്തരവിറക്കിയിരുന്നു. പുതുക്കിയ തീയതി പിന്നീട് അറിയിക്കുമെന്നാണ് ഉത്തരവിൽ പറയുന്നത്. നാളത്തെ എച്ച്ഡിസി പരീക്ഷയും മാറ്റിവച്ചതായി സംസ്ഥാന സഹകരണ യൂനിയൻ പരീക്ഷാ ബോർഡ് സെക്രട്ടറി അനിത ടി. ബാലൻ അറിയിച്ചു.

Similar Posts