< Back
Kerala
സംസ്ഥാനത്ത് കനത്ത മഴയില്‍ വ്യാപക നാശനഷ്ടങ്ങള്‍
Kerala

സംസ്ഥാനത്ത് കനത്ത മഴയില്‍ വ്യാപക നാശനഷ്ടങ്ങള്‍

Web Desk
|
26 July 2025 9:35 AM IST

കോഴിക്കോട് കല്ലാച്ചിയില്‍ മിന്നല്‍ ചുഴലിയില്‍ വന്‍ മരങ്ങള്‍ കടപുഴകി വീടുകള്‍ക്ക് മുകളില്‍ വീണു

തിരുവനന്തപുരം: സംസ്ഥാനത്ത് കനത്ത മഴ തുടരുന്നു. കണ്ണൂർ കണ്ണവത്ത് വീടിന് മുകളിൽ മരം വീണ് ഗൃഹനാഥൻ മരിച്ചു. പെരുവ സ്വദേശി പെരുവഴിയിലെ ചന്ദ്രനാണ് കണ്ണൂർ കണ്ണവത്ത് വീടിനു മുകളിൽ മരം വീണ് മരിച്ചത് കോട്ടയത്ത് ഇടവിട്ട് ശക്തമായ മഴ.

മറ്റക്കരയില്‍ വീട് തകര്‍ന്നു. ചോറ്റി സ്വദേശി സണ്ണിയുടെ വീടിനു മുകളില്‍ തെങ്ങ് വീണ് കേടുപാട് പറ്റി. വീട്ടുകാര്‍ അത്ഭുതകരമായി രക്ഷപ്പെട്ടു. ജില്ലയില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഇന്ന് കലക്ടര്‍ അവധി പ്രഖ്യാപിച്ചിരുന്നു.

കോഴിക്കോട് കല്ലാച്ചിയില്‍ മിന്നല്‍ ചുഴലിയില്‍ വന്‍ മരങ്ങള്‍ കടപുഴകി വീടുകള്‍ക്ക് മുകളില്‍ വീണു. ഇലക്ട്രിക് പോസ്റ്റുകളും തകര്‍ന്നു. ഇന്നലെ രാത്രിയിലാണ് മിന്നല്‍ ചുഴലിയുണ്ടായത്. കൊടിയത്തൂരില്‍ വീടിന് മുകളിലേക്ക് മരം ഒടിഞ്ഞു വീണു.

പാലക്കാട് ജില്ലയിലും കനത്ത മഴയില്‍ വ്യാപക നാശനഷ്ടങ്ങളുണ്ടായി. നെന്മാറയില്‍ വീട് തകര്‍ന്നു. വിത്തനശേരി സ്വദേശി രാമസ്വാമിയുടെ വീടാണ് തകര്‍ന്നത്. മംഗലാം ഡാം ചിറ്റടിയില്‍ റോഡിന് കുറുകെ മരം വീണ് ഗതാഗതം തടസ്സപ്പെട്ടു.

ആലപ്പുഴ മാരാരിക്കുളത്ത് റെയിൽവെ ട്രാക്കിൽ മരം വീണു ഗതാഗത തടസപ്പെട്ടു. തിരുവനന്തപുരത്ത് നിന്ന് കോഴിക്കോട്ടേക്കുള്ള ജനശദാബ്ദി എക്സ്പ്രസ് ആലപ്പുഴ സ്റ്റേഷനിൽ പിടിച്ചിട്ടു. മരം മുറിച്ചുമാറ്റാനുള്ള ശ്രമങ്ങൾ തുടരുന്നു.

അതേസമയം, സംസ്ഥാനത്തെ മഴ മുന്നറിയിപ്പിൽ മാറ്റം. ഒന്പത് ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. ബാക്കി ജില്ലകളിൽ യെല്ലോ അലർട്ട് തുടരും. വയനാട്,കോഴിക്കോട്,തൃശൂർ,എറണാകുളം,ഇടുക്കി,കോട്ടയം,ആലപ്പുഴ,പത്തനംതിട്ട,കൊല്ലം ജില്ലകളിലാണ് ഓറഞ്ച് അലർട്ട്

Related Tags :
Similar Posts