
ശക്തമായ മഴ: തെക്കൻ കേരളത്തിൽ കനത്ത നാശനഷ്ടം
|വിഴിഞ്ഞത്ത് വള്ളം മുങ്ങി മത്സ്യത്തൊഴിലാളി മരിച്ചു
തിരുവനന്തപുരം: തെക്കൻ കേരളത്തിലും മഴയിൽ കനത്ത നാശനഷ്ടം. വിഴിഞ്ഞത്ത് വള്ളം മുങ്ങി മത്സ്യത്തൊഴിലാളി മരിച്ചു. കൊല്ലത്ത് വിവിധ ഇടങ്ങളിൽ വീടിന് മുകളിൽ മരം വീണു. പത്തനംതിട്ട തിരുവല്ലയിൽ വീടുകളിൽ വെള്ളം കയറി.
വിഴിഞ്ഞത്ത് മത്സ്യബന്ധനത്തിനു പോയ വള്ളം മറിഞ്ഞ് പുല്ലുവിള സ്വദേശി ആന്റണി തദയുസാണ് മരിച്ചത്. കാണാതായ സെറ്റല്ലസിനായി തിരിച്ചിൽ തുടരുന്നു. വിഴിഞ്ഞത്തു നിന്നും മത്സ്യബന്ധനത്തിനു പോയ രണ്ടു വള്ളങ്ങൾ തിരിച്ചെത്താൻ ഉണ്ട്. കഴക്കൂട്ടം പുല്ലാട്ടുകരി ലക്ഷംവീട്ടിൽ സിന്ധുവിന്റെ വീട് മരം വീണ് തകർന്നു.
നെടുമങ്ങാട് വർക്കല വിതുര എന്നിവിടങ്ങളിലും മരം വീണ് വീടുകൾക്ക് നാശനഷ്ടമുണ്ടായി. കൊല്ലം കൊട്ടാരക്കരയിൽ സാം കുട്ടിയുടെ വീടിന് മുകളിൽ മരം വീണു. കൊല്ലം കുണ്ടറയിൽ വീടിനു മുകളിൽ മരം വീണ് യുവതിക്ക് പരിക്കേറ്റു. കുണ്ടറ കാഞ്ഞിരകോട് സുനിൽകുമാറിന്റെ വീടിനും മരം വീണ് നാശനഷ്ടങ്ങൾ ഉണ്ടായി.