< Back
Kerala
തലസ്ഥാനത്ത് മഴക്കെടുതി രൂക്ഷം; വിവിധ പ്രദേശങ്ങളിൽ വെള്ളക്കെട്ട്
Kerala

തലസ്ഥാനത്ത് മഴക്കെടുതി രൂക്ഷം; വിവിധ പ്രദേശങ്ങളിൽ വെള്ളക്കെട്ട്

Web Desk
|
26 Sept 2025 1:33 PM IST

തീരദേശ മേഖലകളില്‍ ജാഗ്രത നിര്‍ദേശം

തിരുവനന്തപുരം: തലസ്ഥാനത്ത് മഴക്കെടുതി രൂക്ഷം. വിവിധ പ്രദേശങ്ങളിൽ വെള്ളക്കെട്ട് രൂപപ്പെട്ടു. കിള്ളിപ്പാലം റോഡിന്റെ രണ്ട് ഇടറോഡുകളിൽ വെള്ളക്കെട്ട് രൂപപെട്ടതോടെ പ്രദേശവാസികൾ ആശങ്കയിലാണ്. കുന്നത്തുകാൽ അരുവിയോട് ആറിന്റെ പാലത്തിനു സമീപം ബണ്ട് തകർന്നു.

കനത്ത മഴയില്‍ വിവിധ ഇടങ്ങളില്‍ മഴക്കെടുതി തുടരുകയാണ്. രണ്ട് ദിവസമായി മഴ തുടരുന്ന തലസ്ഥാനത്ത് പലയിടങ്ങളിലും വെള്ളക്കെട്ട് രൂപപ്പെട്ടു. കിള്ളിപ്പാലം റോഡിന്റെ രണ്ട് ഇടറോഡുകളിൽ രൂപപ്പെട്ട വെള്ളക്കെട്ട് ജനങ്ങളിൽ ആശങ്ക സൃഷ്ട്ടിച്ചിട്ടുണ്ട്. ഓടയിലെ മലിനജലം സ്ഥലത്തെ വീടുകളിലേക്കും കയറുന്ന അവസ്ഥ. കടകൾ തുറക്കാൻ പറ്റാതെ വ്യാപാരികളും വലഞ്ഞു.

ചാല മാർക്കറ്റിൽ വെള്ളം കയറി വ്യാപാരികൾ കടത്തുറക്കാൻ കഴിയാതെ ബുദ്ധിമുട്ടി. നെയ്യാറിന്റെ കൈവഴിയായ കുന്നത്തുകാൽ അരുവിയോട് ആറിന്റെ പാലത്തിനു സമീപമുള്ള ബണ്ട് തകർന്നു. പ്രദേശത്ത് വലിയ അപകട സാധ്യതയാണ് നിലനിൽക്കുന്നത്. ഉള്ളൂർ - ആക്കുളം റോഡിൽ വെള്ളക്കെട്ട് മൂലം ഗതാഗതം തടസ്സപ്പെട്ടു.വെള്ളത്തിൽ കുടുങ്ങിയ നിരവധി വാഹനങ്ങൾ മാറ്റിയത് കെട്ടി വലിച്ചാണ് .

കനത്ത മഴ വേളി പൊഴി മുറിച്ചു എന്നാൽ ഇത് മുറിക്കാൻ കാലതാമസമുണ്ടായതായും ആക്ഷേപമുണ്ട്.പ്രതികൂല കാലാവസ്ഥ കാരണം പൊൻമുടി ഇക്കോ ടൂറിസം അടച്ചിട്ടിരിക്കുകയാണ്. മഴ കനത്തതോടെ വിവിധ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് ഓറഞ്ച്, യെല്ലോ അലേർട്ടുകൾ പ്രഖ്യാപിച്ചിട്ടുണ്ട്.

ശക്തമായ മഴയ്ക്കൊപ്പം കാറ്റിനും മിന്നലിനും സാധ്യതയുണ്ട്. ഡാമുകളിലും നദികളിലും ജലനിരപ്പ് ഉയരുന്നതിനാൽ തീരത്ത് താമസിക്കുന്നവർ ജാഗ്രത പാലിക്കാനും നിർദേശം നൽകിയിട്ടുണ്ട്.

Similar Posts