
കോഴിക്കോട് കോർപറേഷന്‍ വാർഡ് വിഭജനത്തില്‍ ബിജെപിക്ക് സഹായം; ചാലപ്പുറത്ത് നിന്ന് മുഖദാറിലേക്ക് മാറ്റിയ വോട്ടുകളില്‍ കൂടുതലും മുസ്‌ലിം വോട്ടുകൾ
|ചാലപ്പുറത്ത് നിന്ന് മുഖദാറിലേക്ക് മാറ്റിയ 3200 വോട്ടുകളില്‍ 2900 ഉം മുസ്‌ലിം വോട്ടുകൾ
കോഴിക്കോട്: കോഴിക്കോട് കോർപറേഷന്‍ വിഭജനത്തില്‍ ബിജെപി അനുകൂല സമീപനം സ്വീകരിച്ചതായി ആക്ഷേപം. ചാലപ്പുറം വാർഡില്‍ നിന്ന് 3200 വോട്ടുകള്‍ തൊട്ടടുത്ത വാർഡായ മുഖദാറിലേക്ക് മാറ്റി. വാർഡിലേക്ക് മാറ്റയതില്‍ 2900 വോട്ടും മുസ്‌ലിം വിഭാഗത്തിലേതാണ്. കോണ്ഗ്രസ് വിജയിക്കുന്ന വാർഡില്‍ ബിജെപിക്ക് വഴിയൊരുക്കാനാണ് നീക്കമെന്ന് ആരോപണവുമായി കോണ്ഗ്രസും മുസ്‌ലിം ലീഗും രംഗത്തെത്തി.
കോഴിക്കോട് കോർപറേഷനിലെ ചാലപ്പുറം വാർഡിലുണ്ടായിരുന്നത് 7295 വോട്ടർമാരാണ്. വാർഡ് പുനസംഘടന നടന്ന ശേഷമുള്ള പുതിയ വോട്ടർ പട്ടിക വന്നപ്പോള്‍ വോട്ടർമാരുടെ എണ്ണം 4052 ആയി കുറഞ്ഞു. 3243 വോട്ടർമാരുടെ കുറവ്. ഈ വോട്ട് പോയിരിക്കുന്നത് സമീപത്തെ വാർഡായ മുഖദാറിലേക്കാണ്. മുഖദാറിലെ വോട്ടർമാരുടെ എണ്ണം 8659 ല്‍ നിന്ന് 12400ലേക്ക് വർധിക്കുകയും ചെയ്തു.
ചാലപ്പുറത്ത് നിന്ന് മുഖദാറിലേക്ക് മൂവായിരത്തോളം വോട്ട് മാറിയത് തന്നെ അസന്തലുതത്വം ഉണ്ടാക്കുന്നതാണ്. എന്നാല്‍ അതിലേറെ ഗൗരവമുള്ളോരു കാര്യം ചാലപ്പുറത്ത് നിന്ന് മുഖദാറിലേക്ക് മാറിയ മൂവായരത്തോളം വോട്ടുകളില്‍ 2900ഉം മുസ് ലിം വോട്ടർമാരാണ് എന്നതാണ്. മുഖദാറില്‍ മുസ്‌ലിം ലീഗിന് മേല്‍കൈയ്യുള്ള വാർഡാണ്. പാർട്ടിയിലെ തർക്കം മൂലം സിപിഎം വിജയിച്ചെങ്കിലും ലീഗിന്റെ മേല്‍കൈ നഷ്ടപ്പെട്ടിട്ടില്ല. അതുകൊണ്ടുതന്നെ മുഖദാറില്‍ കൂടുതല്‍ മുസ്‌ലിം വോട്ടുകള്‍ വരുന്നത് വലിയ മാറ്റം വരുത്തില്ല പക്ഷെ ചാലപ്പുറത്ത് നിന്ന് ആ വോട്ടുകള്‍ മാറുമ്പോള്‍ ചാലപ്പുറം വാർഡിന്റെ വോട്ടിങ് പാറ്റേണ്‍ സാരമായി മാറും.
നിലവില്‍ കോൺഗ്രസ് ജയിക്കുന്ന വാർഡാണ് ചാലപ്പുറം. രണ്ടാം സ്ഥാനത്ത് എൽഡിഎഫ് ഘടകക്ഷിയായ ജെഡിഎസാണ്. ബിജെപി 900ത്തോളം വോട്ടോടെ മൂന്നാം സ്ഥാനത്തും. യുഡിഎഫിനും എൽഡിഎഫിനും കിട്ടാന്‍ സാധ്യതയുള്ള മുസ്‌ലിം വോട്ടുകള്‍ വാർഡില്‍ നിന്നും മാറിയതോടെ ബിജെപിക്ക് അനുകൂലമായ സാഹചര്യം ചാലപ്പുറത്ത് രൂപപ്പെട്ടു എന്നാണ് രാഷ്ട്രീ പാർട്ടികളുടെ വിലയിരുത്തല്‍. നാലായിരത്തോളം വോട്ട് മാത്രമായി മാറിയ ചാലപ്പുറത്ത് ത്രികോണ മത്സരത്തില്‍ ആയിരത്തിനടുത്ത വോട്ട് നേടുന്ന പാർട്ടിക്ക് ജയിക്കാന്‍ കഴിയും.
ആർഎസ്എസ്, ബിജെപി ഓഫീസുകള്‍ സ്ഥിതി ചെയ്യുന്ന മണ്ഡലത്തില്‍ ബിജെപിക്ക് നല്ല സാന്നിധ്യമുണ്ട്. ഡീലിമിറ്റേഷന്‍ കമ്മീഷന്റെ റിപ്പോർട്ട് പ്രകാരമുള്ള വാർഡ് വിഭജനമാണ് നടന്നതെന്നാണ് കോർപേറഷന്‍ അധികൃതർ നൽകുന്ന വിശദീകരണം. വാർഡ് വിഭജനത്തില്‍ ഭരിക്കുന്നവരുടെ രാഷ്ട്രീ താല്പര്യങ്ങള്‍ പ്രതിഫലിക്കാറുണ്ട്. എന്നാല്‍ സി പി എം ഭരിക്കുന്ന കോഴിക്കോട് കോർപറേഷനിലെ വാർഡ് വിഭജനത്തില്‍ ബിജെപിക്ക് അനുകൂലമായ രീതിയില്‍ സാഹചര്യമുണ്ടായതെങ്ങനെയെന്ന ചോദ്യം പ്രസക്താണ്.