
'ഒ.എൽ.എക്‌സ് വഴി വിറ്റവണ്ടി ഡ്യൂപ്ലിക്കേറ്റ് താക്കോൽ ഉപയോഗിച്ച് മോഷ്ടിക്കും' : ഹൈടെക് കള്ളന്മാർ പൊലീസ് പിടിയിൽ
|സമാനമായ രീതിയിൽ കൂടുതൽ പേർ മോഷണം നടത്തിയിട്ടുണ്ടോയെന്ന് പൊലീസ് അന്വേഷിച്ചു വരികയാണ്
ഒ.എൽ.എക്‌സ് വഴി ഹൈടെക് മോഷണം നടത്തിയ സംഘം പൊലീസ് പിടിയിൽ. പരപ്പനങ്ങാടി സ്വദേശി ഇക്ബാൽ, മലപ്പുറം സ്വദേശികളായ മുഹമ്മദ് ഫാഹിൽ, ശ്യാം മോഹൻ എന്നിവരാണ് പൊലീസ് പിടിയിലായത്. ബംഗ്ലൂരുവിൽ നിന്നാണ് പ്രതികളെ കസ്റ്റഡിയിൽ എടുത്തത്. പള്ളുരുത്തി സ്വദേശിയിൽ നിന്ന് ഒരു ലക്ഷത്തി നാൽപതിനായിരം രൂപ സംഘം തട്ടിയിട്ടുണ്ട്.
വിൽപ്പന നടത്തുന്ന വാഹനം സ്വന്തം വാഹനമോ ഇവർ മോഷ്ടിച്ച വാഹനമോ ആയിരിക്കില്ല, മറ്റാരുടെയെങ്കിലും കയ്യിൽ നിന്ന് താൽക്കാലികമായി ഉപയോഗത്തിന് വാങ്ങിക്കുന്നതാണെന്ന് പൊലീസ് വ്യക്തമാക്കി. വളരെ ചെറിയ വിലയ്ക്കാണ് ഇവർ കാറുകൾ വിൽപ്പന നടത്തുന്നത്. കുറഞ്ഞ വിലയിൽ ആകൃഷ്ടരായാണ് പലരും പ്രതികളെ സമീപിച്ചിരുന്നത്. വിൽപ്പന നടത്തുന്ന സമയത്ത് തന്നെ വാഹനത്തിൽ ജി.പി.എസ് ഘടിപ്പിച്ച് അതുമായി ബന്ധപ്പെട്ട ആപ്പ് ഫോണിൽ ഇൻസ്റ്റാൾ ചെയ്ത് മോഷണം നടത്തി വരികയായിരുന്നു പ്രതികൾ. പിന്നീട് ഉടമകൾ വാഹനം എവിടെയെങ്കിലും നിർത്തി പോകുമ്പോൾ കാറുമായി കടന്നു കളയുകയാണ് ഇവരുടെ പതിവ്. തിരുവനന്തപുരം സ്വദേശിയാണ് കോഴിക്കോടെത്തി ഒന്നേ മുക്കാൽ ലക്ഷം രൂപ കൊടുത്ത് പ്രതികളിൽ നിന്നും വാഹനം വാങ്ങിയത്. പിന്നീട് എറണാംകുളത്ത് ഹോട്ടലിൽ ഭക്ഷണം കഴിക്കാൻ കയറിയ ഉടമയെ കബിളിപ്പിച്ചാണ് ഇവർ കാറുമായി കടന്നു കളഞ്ഞത്. കോഴിക്കോട് മുതൽ എറണാകുളം വരെ ഇയാളെ മൂവർ സംഘം പിന്തുടരുകയായിരുന്നു. കാറുമായി കടന്നു കളഞ്ഞ സംഘം പിന്നീട് സംസ്ഥാനത്തിന് പുറത്ത് ആഡംബര ജീവിതം നയിക്കുകയായിരുന്നുവെന്ന് പൊലീസ് വ്യക്തമാക്കി.
രേഖകൾ ഒന്നും ഇല്ലാതെയാണ് ഈ മൂവർ സംഘം വാഹന വിൽപ്പന നടത്തിയത്. പ്രതികൾക്കെതിരെ ബെൻസ് കാർ വിറ്റ് 6 ലക്ഷം രൂപ തട്ടിയതിനും കേസുണ്ട്. സൈബർ സെല്ലിന്റെ സഹായത്തോടെയാണ് പ്രതികളെ പൊലീസ് കസ്റ്റഡിയിലെടുത്തത്. സമാനമായ രീതിയിൽ കൂടുതൽ പേർ മോഷണം നടത്തിയിട്ടുണ്ടോയെന്ന് പൊലീസ് അന്വേഷിച്ചു വരികയാണ്. ഇത്തരത്തിൽ ആരെങ്കിലും മോഷണത്തിന് ഇരയായിട്ടുണ്ടെങ്കിൽ പൊലീസിനെ സമീപിക്കണമെന്ന് ഈ കേസിന്റെ പശ്ചാതലത്തിൽ ഡി.സി.പി അറിയിച്ചു.