< Back
Kerala
High Court against Censor Board over their Stand Against Haal Movie

Photo| Special Arrangement

Kerala

ഹാൽ സിനിമ: സെൻസർ ബോർഡിനെതിരെ ഹൈക്കോടതി; 'ഇഷ്ടാനുസരണം അധികാരം പ്രയോഗിക്കാനാവില്ല'

Web Desk
|
15 Nov 2025 7:29 AM IST

നിയമപോരാട്ടം തുടരുമെന്നും വെട്ടിമാറ്റിയ സിനിമ ഇറക്കില്ലെന്നും റഫീഖ് വീര മീഡിയവണിനോട് പറഞ്ഞു.

കൊച്ചി: പ്രദർശനാനുമതി നിഷേധിച്ചതിൽ ഹാൽ സിനിമയുടെ അണിയറ പ്രവർത്തകർ നൽകിയ ഹരജിയിൽ സെൻസർ ബോർഡിനെതിരെ ഹൈക്കോടതി. സിനിമയ്ക്ക് എ സർട്ടിഫിക്കറ്റ് നൽകിയ സെൻസർ ബോർഡ് നടപടി റദ്ദാക്കിയ കോടതി, ഇഷ്ടാനുസരണം അത്തരം അധികാരം പ്രയോഗിക്കാൻ കഴിയില്ലെന്നും വ്യക്തമാക്കി.

ചില രംഗങ്ങൾ മാറ്റി വീണ്ടും സെൻസർ ബോർഡിന് അപേക്ഷ നൽകാനും നിർമാതാക്കളോട് കോടതി നിർദേശിച്ചു. നിയമപോരാട്ടം തുടരുമെന്നും വെട്ടിമാറ്റിയ സിനിമ ഇറക്കില്ലെന്നും റഫീഖ് വീര മീഡിയവണിനോട് പറഞ്ഞു.

ഏതു സർട്ടിഫിക്കറ്റ് നൽകണമെന്ന അധികാരം സെൻസർ ബോർഡിൽ നിക്ഷിപ്തമാണെങ്കിലും ഇഷ്ടാനുസരണം അത്തരം അധികാരം പ്രയോഗിക്കാൻ കഴിയില്ല എന്നാണ് ജസ്റ്റിസ് വി.ജി അരുൺ വ്യക്തമാക്കിയത്. സിനിമയ്ക്ക് എ സർട്ടിഫിക്കറ്റ് നൽകിയ സെൻസർ ബോർഡ് നടപടി റദ്ദാക്കിയാണ് നിരീക്ഷണം.

ഹാൽ സിനിമയുടെ പ്രമേയം ഭരണഘടനാപരമായ മൂല്യങ്ങളുമായി ചേർന്നുപോകുന്നതാണ്. പരസ്പര വിശ്വാസങ്ങളെ തെറ്റായി സിനിമ ചിത്രീകരിക്കുന്നില്ല. മതപരമായ നിയന്ത്രണങ്ങളെ മറികടക്കാൻ പ്രണയത്തിന് കഴിയുമെന്ന് സിനിമ സംസാരിക്കുന്നു. മതേതര ലോകത്തിന്റെ സന്ദേശം അവതരിപ്പിക്കാനാണ് ഹാൽ സിനിമ ശ്രമിക്കുന്നതെന്നും കോടതി ഉത്തരവിൽ വ്യക്തമാക്കി.

അതായത് ലൗ ജിഹാദ് എന്നതുൾപ്പെടെയുള്ള കത്തോലിക്കാ കോൺഗ്രസിന്റെയും ആർഎസ്എസിന്റെയും വാദം കോടതി തള്ളുകയാണ്. ഒഴിവാക്കാൻ തടസമില്ലെന്ന് അഭിഭാഷകൻ അറിയിച്ചത് പ്രകാരം സെൻസർ ബോർഡ് നിർദേശിച്ച ചില മാറ്റങ്ങൾ കോടതി ശരിവയ്ക്കുകയും ചെയ്തു. ബീഫ് ബിരിയാണി കഴിക്കുന്ന രംഗം, രാഖിയുടെ ദൃശ്യം, ധ്വജപ്രണാമം, സംഘം കാവലുണ്ട് തുടങ്ങിയ വാക്കുകളും ഒഴിവാക്കേണ്ടി വരും. എന്നാൽ, വീണ്ടും കോടതിയെ സമീപിക്കാനാണ് അണിയറ പ്രവർത്തകരുടെ നീക്കം.

Similar Posts