
സ്പാർക്ക് ഡാറ്റാ ചോർച്ച: സര്‍ക്കാറിന് ആശ്വാസം; ഹരജി തള്ളി ഹൈക്കോടതി
|സ്പാർക്ക് ഡാറ്റാ കൈമാറ്റം ചെയ്തിട്ടില്ലെന്നും കോടതി
കൊച്ചി: സർക്കാർ ജീവനക്കാർക്ക് മുഖ്യമന്ത്രിയുടെ ഓഫീസ് വാട്ട്സാപ്പ് സന്ദേശങ്ങൾ അയച്ചതിൽ നിയമവിരുദ്ധതയില്ലെന്ന് ഹൈക്കോടതി. സന്ദേശങ്ങൾ നല്ല ഭരണത്തിന്റെ ലക്ഷണമാണെന്നും കോടതി നിരീക്ഷിച്ചു. ഡാറ്റാ ചോർച്ചയിൽ സർക്കാരിനെതിരായ ഹരജി ഹൈക്കോടതി തള്ളി.
നല്ല ഭരണവും സാമൂഹ്യക്ഷേമവും ഉൾപ്പെടെയുള്ള നിയമപരമായ ആവശ്യങ്ങൾക്കായി ശേഖരിക്കുന്ന വിവരങ്ങൾ സ്വകാര്യതയുടെ ലംഘനമായി കണക്കാക്കാൻ കഴിയില്ലന്ന് ഹൈക്കോടതി വ്യക്തമാക്കി. സർക്കാരിന്റെ ഭാഗമായ ഐടി മിഷന്റെ പക്കലുള്ള വിവരങ്ങൾ ഉപയോഗിച്ച് സർക്കാരിന്റെ പേരിൽ രജിസ്റ്റർ ചെയ്ത വാട്ട്സാപ്പ് അക്കൗണ്ടിലൂടെയാണ് സന്ദേശങ്ങൾ അയച്ചത്. അവ എന്തെങ്കിലും നിയമവിരുദ്ധമായ കാര്യങ്ങൾക്കല്ലെന്നും ഇതിനെ തെറ്റായ ഒന്നായി കാണാൻ സാധിക്കില്ലന്നും ജസ്റ്റിസ് ബച്ചു കുര്യൻ തോമസ് ചൂണ്ടികാട്ടി.
ശമ്പളത്തെയും മറ്റ് ആനുകൂല്യങ്ങളെയും സംബന്ധിച്ചുള്ള സന്ദേശങ്ങൾ ഒരു രാഷ്ട്രീയ പ്രചാരണമായോ നിയമവിരുദ്ധമായ ഒന്നായോ കാണാൻ കഴിയില്ലന്നും കോടതി വിലയിരുത്തി. തെരഞ്ഞെടുപ്പ് അടുത്ത സമയത്താണെങ്കിൽ പോലും ഇത്തരം നടപടികൾ നിയമവിരുദ്ധമാണെന്ന് പറയാനാവില്ല. വിവരങ്ങൾ മുഖ്യമന്ത്രിയുടെ ഓഫീസിലേക്ക് കൈമാറിയെന്നോ, അവർക്ക് ഈ വിവരങ്ങൾ ലഭ്യമാണെന്നോ തെളിയിക്കാൻ യാതൊരു രേഖകളുമില്ല. അതിനാൽ ഹരജി നിലനിൽക്കില്ലെന്ന് കോടതി ചൂണ്ടിക്കാട്ടി .
സിംഗിൾ ബെഞ്ച് വിധി അനുകൂലമല്ലാത്ത സാഹചര്യത്തിൽ ഡിവിഷൻ ബെഞ്ചിൽ അപ്പീൽ നൽകാനാണ് ഹരജിക്കാരുടെ തീരുമാനം. വിഷയത്തിൽ മേൽകോടതിയെ സമീപിക്കുമെന്നും നല്ല ഭരണമാണോ എന്ന് തീരുമാനിക്കേണ്ടത് ജനങ്ങളാണെന്നും രമേശ് ചെന്നിത്തല പ്രതികരിച്ചു.
വയനാട് പുനരധിവാസത്തിനായി CMDRF ലേക്ക് സംഭാവന നൽകിയവർക്ക് നന്ദി സന്ദേശങ്ങൾ അയക്കാനുള്ള അനുമതിയും ഹൈക്കോടതി നൽകി. എന്നാൽ ഐടി മിഷന്റെ കൈവശമുള്ള രേഖകൾ ഉപയോഗിച്ച് സന്ദേശങ്ങൾ അയക്കാമെങ്കിലും അവ ചോരുന്നില്ലെന്ന് സർക്കാർ ഉറപ്പു വരുത്തണമെന്നും കോടതി നിർദേശിച്ചു.