< Back
Kerala
സ്വർണപ്പാളി വിവാദം; ദേവസ്വംബോർഡിലെ ഉദ്യോഗസ്ഥരുടെ പങ്ക് സംശയിച്ച് ഹൈക്കോടതി

 Photo| PTI

Kerala

സ്വർണപ്പാളി വിവാദം; ദേവസ്വംബോർഡിലെ ഉദ്യോഗസ്ഥരുടെ പങ്ക് സംശയിച്ച് ഹൈക്കോടതി

Web Desk
|
7 Oct 2025 6:38 AM IST

സ്വർണ്ണം നഷ്ടമായതിൻ്റെ ഉത്തരവാദിത്തം സ്പോൺസർക്കു മാത്രമല്ല എന്നും, തിരുവിതാംകൂർ ദേവസ്വംബോർഡിലെ ചില ഉദ്യോഗസ്ഥർക്ക് കൂടി പങ്കുള്ളതായി സംശയിക്കുന്നതായും കോടതി വ്യക്തമാക്കുന്നു

തിരുവനന്തപുരം: ശബരിമലയിലെ സ്വർണപാളികൾ സംബന്ധിച്ച ക്രമക്കേടിൽ, തിരുവിതാംകൂർ ദേവസ്വംബോർഡിലെ ഉദ്യോഗസ്ഥരുടെ പങ്ക് സംശയിച്ച് ഹൈക്കോടതി. പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചു കൊണ്ടുള്ള ഉത്തരവിലാണ് കോടതിയുടെ ഗുരുതര വിമർശനങ്ങൾ. സാമ്പത്തിക നേട്ടം മുൻനിർത്തി ദ്വാരപാലക ശിൽപങ്ങളിലെ സ്വർണം വിറ്റിട്ടുണ്ടാകാനുള്ള സാധ്യത കൂടുതലാണെന്നും കോടതി വിമർശിക്കുന്നു.

2019 ൽ സ്പോൺസർ ഉണ്ണികൃഷ്ണൻ പോറ്റി തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡൻ്റിന് അയച്ച ഇമെയിൽ സന്ദേശം ഞെട്ടിക്കുന്നതാണ് എന്നാണ് കോടതി വ്യക്തമാക്കിയത്. ദ്വാരപാലക ശില്പങ്ങളുടെയും ശ്രീകോവിലിലെ പ്രധാന വാതിലിൻ്റെയും സ്വർണപ്പണി പൂർത്തിയാക്കിയ ശേഷം അല്പം സ്വർണ്ണം ബാക്കിയുണ്ടെന്നും, ഇതുപയോഗിച്ച് ഒരു പെൺകുട്ടിയുടെ വിവാഹം നടത്താൻ ദേവസ്വം ബോർഡിൻറെ അനുമതി തേടിയും ആണ് സന്ദേശം. ഇതിനു മറുപടിയായി ദേവസ്വം സെക്രട്ടറി ബന്ധപ്പെട്ടവരിൽ നിന്ന് അഭിപ്രായം തേടുകയും ചെയ്തു.

സ്വർണ്ണം നഷ്ടമായതിൻ്റെ ഉത്തരവാദിത്തം സ്പോൺസർക്കു മാത്രമല്ല എന്നും, തിരുവിതാംകൂർ ദേവസ്വംബോർഡിലെ ചില ഉദ്യോഗസ്ഥർക്ക് കൂടി പങ്കുള്ളതായി സംശയിക്കുന്നതായും കോടതി വ്യക്തമാക്കുന്നു. ഒന്നര കിലോ സ്വർണമാണ് ദ്വാരപാലക ശിൽപ്പങ്ങളിൽ പൊതിഞ്ഞത്. എന്നാൽ മഹസറിൽ വെറും ' ചെമ്പ് തകിടുകൾ' എന്ന് മാത്രം തെറ്റിദ്ധരിപ്പിക്കുന്ന രീതിയിൽ ഉദ്യോഗസ്ഥർ രേഖപ്പെടുത്തി. ഇത് ഗുരുതര ക്രമക്കേടാണെന്നും കോടതി ചൂണ്ടിക്കാണിക്കുന്നു.

സാമ്പത്തിക നേട്ടം മുൻനിർത്തി സ്വർണ്ണം വിറ്റിട്ടുണ്ടാകാമെന്നും തട്ടിപ്പിന് ഉത്തരവാദികളായവർ ദുരുപയോഗം ചെയ്തുകാണുമെന്നും കോടതി വിമർശിക്കുന്നു. കൂടുതൽ വിശദാംശങ്ങൾ കൂടി കണ്ടെത്തി ആറാഴ്ചയ്ക്കകം അന്വേഷണം പൂർത്തിയാക്കാനാണ് പ്രത്യേക അന്വേഷണ സംഘത്തിന് കോടതി നിർദ്ദേശം.

Similar Posts