< Back
Kerala
ശബരിമല സ്വർണക്കൊള്ള; എസ്ഐടി അന്വേഷണത്തിൽ തൃപ്തി രേഖപ്പെടുത്തി ഹൈക്കോടതി
Kerala

ശബരിമല സ്വർണക്കൊള്ള; എസ്ഐടി അന്വേഷണത്തിൽ തൃപ്തി രേഖപ്പെടുത്തി ഹൈക്കോടതി

Web Desk
|
5 Jan 2026 6:36 PM IST

എസ്‌ഐടി വിപുലീകരിക്കാൻ എഡിജിപി എച്ച് വെങ്കിടേഷിന് ഹൈക്കോടതി അധികാരം നല്‍കി

കൊച്ചി: ശബരിമല സ്വർണക്കൊള്ള കേസിൽ എസ്ഐടി അന്വേഷണത്തിൽ തൃപ്തി രേഖപ്പെടുത്തി ഹൈക്കോടതി. ഇതുവരെ 181 സാക്ഷികളെ ചോദ്യം ചെയ്തതായി എസ്ഐടി ഹൈക്കോടതിയെ അറിയിച്ചു. ആവശ്യമെങ്കില്‍ എസ്‌ഐടി വിപുലീകരിക്കാൻ എഡിജിപി എച്ച് വെങ്കിടേഷിന് ഹൈക്കോടതി അധികാരം നല്‍കി.

പുതിയ ഉദ്യോഗസ്ഥരെ സംഘത്തിൽ ഉൾപ്പെടുത്തുമ്പോൾ ആ വിവരം കോടതിയെ റിപ്പോർട്ട് വഴി അറിയിക്കണമെന്നും നിർദേശം. പുറത്തുനിന്നുള്ള സമ്മർദ്ദങ്ങൾക്കോ തെറ്റായ പ്രചാരണങ്ങൾക്കോ വഴങ്ങരുത്. ഭയരഹിതമായും കൃത്യതയോടെയും അന്വേഷണം തുടരാൻ കോടതി നിർദ്ദേശം നൽകി. തെളിവുകൾ ശേഖരിക്കുന്നതിനായി അന്വേഷണ സംഘം കേരളത്തിന് പുറത്തും പരിശോധനകൾ നടത്തിയെന്ന് എസ്ഐടി കോടതിയെ അറിയിച്ചു. കൂടുതൽ സമയം വേണമെന്ന എസ്ഐടി ആവശ്യം കോടതി അം​ഗീകരിച്ചു.


അന്വേഷണ സംഘത്തിന് മേൽ മാധ്യമങ്ങൾ അനാവശ്യ സമ്മർദ്ദം ചെലുത്തുന്നുവെന്ന് എസ്ഐടി അറിയിച്ചു. വിഷയത്തിൽ ഹൈക്കോടതി ആശങ്ക രേഖപ്പെടുത്തി. കേവലം സങ്കൽപ്പങ്ങളുടെയും ഊഹാപോഹങ്ങളുടെയും അടിസ്ഥാനത്തിൽ അന്വേഷണ ഉദ്യോഗസ്ഥർക്കെതിരെ കുപ്രചാരണങ്ങൾ നടത്തുന്നത് നീതിന്യായ വ്യവസ്ഥയെ അട്ടിമറിക്കുമെന്ന് കോടതി. ഗൗരവകരമായ ഈ അന്വേഷണം മാധ്യമ വിചാരണയുടെ നിഴലിലല്ല നടക്കേണ്ടതെന്നും കോടതി.

വിക്രം സാരാഭായി സ്പേസ് സെൻററിൻ്റെ സഹായത്തോടെയും അന്വേഷണം എസ്ഐടി നടത്തുന്നു. സ്വർണപ്പാളികൾ മാറ്റി സ്ഥാപിക്കപ്പെട്ടോ എന്നതിലാണ് ശാസ്ത്രീയ പരിശോധന. വിക്രം സാരാഭായി സ്പേസ് സെന്ററിലെ ശാസ്ത്രജ്ഞർ സാമ്പിളുകൾ ശേഖരിച്ച് പരിശോധനകൾ നടത്തുന്നു. ഇതിൻറെ ഫലം കൂടുതൽ നിർണായകമാകുമെന്നാണ് വിലയിരുത്തൽ.

നിർണായക വിവരങ്ങൾ അടങ്ങിയ റിപ്പോർട്ടാണ് ഇന്ന് കോടതിയിൽ സമർപ്പിച്ചു. കേസിൽ മുൻ ദേവസ്വം വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രൻ, ദേവസ്വം വകുപ്പ് പ്രസിഡന്‍റായിരുന്ന പി.എസ് പ്രശാന്ത് എന്നിവരുടെ ചോദ്യം ചെയ്യലിനും എൻ. വിജയകുമാറിന്‍റെ അറസ്റ്റിനും ശേഷമുള്ള അന്വേഷണ വിവരങ്ങൾ ഉൾപ്പെടുന്ന റിപ്പോർട്ടാണ് സമർപ്പിച്ചത്.

Similar Posts