< Back
Kerala
രവി പിള്ളയുടെ മകന്‍റെ വിവാഹ ചടങ്ങിന് കോവിഡ് മാനദണ്ഡങ്ങള്‍ ലംഘിക്കപ്പെട്ടെന്ന് ഹൈക്കോടതി
Kerala

രവി പിള്ളയുടെ മകന്‍റെ വിവാഹ ചടങ്ങിന് കോവിഡ് മാനദണ്ഡങ്ങള്‍ ലംഘിക്കപ്പെട്ടെന്ന് ഹൈക്കോടതി

Web Desk
|
14 Sept 2021 3:48 PM IST

കഴിഞ്ഞ ഒരു മാസത്തിനിടെ ഗുരുവായൂരില്‍ നടന്ന എല്ലാ വിവാഹങ്ങളുടെയും വിശദാംശങ്ങള്‍ അറിയിക്കാനും കോടതി നിര്‍ദേശം നല്‍കി.

ഗുരുവായൂര്‍ ക്ഷേത്രത്തില്‍ രവി പിള്ളയുടെ മകന്‍റെ വിവാഹ ചടങ്ങിന് കോവിഡ് മാനദണ്ഡങ്ങള്‍ ലംഘിക്കപ്പെട്ടെന്ന് ഹൈക്കോടതി. വിവാഹത്തിന്‍റെ ദൃശ്യങ്ങളില്‍ വലിയ ആള്‍ക്കൂട്ടം വ്യക്തമാണെന്ന് ഹൈക്കോടതി ഡിവിഷന്‍ ബഞ്ച് പറഞ്ഞു.

ക്ഷേത്രത്തിന്‍റെ നടപ്പന്തലില്‍ പുഷ്പാലങ്കാരം മാത്രമല്ല ഉണ്ടായിരുന്നത്. നടപ്പന്തല്‍ ഓഡിറ്റോറിയത്തിന് സമാനമായ തരത്തില്‍ രൂപമാറ്റം വരുത്തി. വിവാഹ ചടങ്ങ് നടന്ന സമയത്ത് നടപ്പന്തലിലെ സുരക്ഷാ ചുമതല സ്വകാര്യ സെക്യൂരിറ്റി ഏജന്‍സിക്ക് നല്‍കിയോ എന്നും കല്യാണമണ്ഡപങ്ങളില്‍ ഒന്നു പൂര്‍ണമായി രവി പിള്ളയുടെ മകന്‍റെ വിവാഹത്തിന് വിട്ടുനല്‍കിയോ എന്നും കോടതി ചോദിച്ചു.

കഴിഞ്ഞ ഒരു മാസത്തിനിടെ ഗുരുവായൂരില്‍ നടന്ന എല്ലാ വിവാഹങ്ങളുടെയും വിശദാംശങ്ങള്‍ അറിയിക്കാനും കോടതി നിര്‍ദേശം നല്‍കി. നടപ്പന്തലിലെ സിസിടിവി ദൃശ്യങ്ങള്‍ സുരക്ഷിതമായി സൂക്ഷിക്കണമെന്ന് അറിയിച്ച ഹൈക്കോടതി, വിവാഹത്തിന്‍റെ ദൃശ്യങ്ങളും പരിശോധിച്ചു.

തൃശൂര്‍ എസ്.പിയെയും ഗുരുവായൂര്‍ സി.ഐയെയും സെക്ടറല്‍ മജിസ്ട്രേറ്റിനെയും കേസില്‍ കോടതി കക്ഷി ചേര്‍ത്തു. കേസ് ഒക്ടോബര്‍ അഞ്ചിന് പരിഗണിക്കും.

Similar Posts