< Back
Kerala
ശബരിമലയിലെ സ്വർണപ്പാളി ഉടനെത്തിക്കേണ്ടെന്ന് ഹൈക്കോടതി: മാപ്പപേക്ഷിച്ച് ദേവസ്വം ബോർഡ്
Kerala

ശബരിമലയിലെ സ്വർണപ്പാളി ഉടനെത്തിക്കേണ്ടെന്ന് ഹൈക്കോടതി: മാപ്പപേക്ഷിച്ച് ദേവസ്വം ബോർഡ്

Web Desk
|
12 Sept 2025 1:19 PM IST

എല്ലാ രേഖകളും ഹാജരാക്കാൻ ദേവസ്വം ബോർഡിന് കോടതിയുടെ കർശന നിർദേശം

കൊച്ചി: ശബരിമലയിലെ ദ്വാരപാലക ശില്പങ്ങളിൽ നിന്ന് ഇളക്കിമാറ്റി അറ്റകുറ്റപ്പണികൾക്കായി കൊണ്ടുപോയ സ്വർണപാളികൾ അടിയന്തരമായി തിരികെ എത്തിക്കേണ്ടതില്ലെന്ന് ഹൈക്കോടതി. എന്നാൽ, ശ്രീകോവിലിലെ സ്വർണ്ണം പൂശിയതുമായി ബന്ധപ്പെട്ട മുഴുവൻ രേഖകളും ഹാജരാക്കാൻ ദേവസ്വം ബോർഡിന് ഹൈക്കോടതി കർശന നിർദേശം നൽകി. അനുമതി തേടാതെ സ്വർണപാളികൾ ഇളക്കി മാറ്റിയതിൽ ഹൈക്കോടതിയിൽ ദേവസ്വം ബോർഡ് മാപ്പപേക്ഷിച്ചു.

കാണിക്കയായി ഭക്തർ നാണയങ്ങൾ എറിയുന്നത് മൂലം ദ്വാരപാലക ശില്പങ്ങൾക്ക് കേടുപറ്റിയതിനാലാണ് അറ്റകുറ്റപ്പണി വേണ്ടിവന്നത്. സുരക്ഷാമാനദണ്ഡങ്ങൾ പാലിച്ചാണ് സ്പോൺസറുടെ ചിലവിൽ അറ്റകുറ്റപ്പണി നടത്തുന്നതെന്നും ദേവസ്വം ബോർഡ് ഹൈക്കോടതിയിൽ വിശദീകരിച്ചു.

എന്നാൽ, അനുമതി തേടാതെ ശില്പപാളി ഇളക്കിക്കൊണ്ടുപോയതിൽ, ദേവസ്വം ബോർഡ് കോടതിയിൽ മാപ്പപേക്ഷിച്ചു. സ്വർണ പാളി ഉരുക്കിയതിനാൽ, തിരികെ കൊണ്ടുവരുന്നത് പ്രതിസന്ധിയാണെന്നും ബോർഡ് കോടതിയെ അറിയിച്ചു. ഇതോടെ അടിയന്തരമായി ഇവ എത്തിക്കേണ്ടതില്ലെന്ന് കോടതി നിലപാടെടുത്തു.

എന്നാൽ, ശ്രീ കോവിലിലെ സ്വർണ്ണം പൂശിയതുമായി ബന്ധപ്പെട്ട 2018 മുതലുള്ള മഹസർ ഉൾപ്പെടെയുള്ള മുഴുവൻ രേഖകളും ഹാജരാക്കാൻ ദേവസ്വം ബെഞ്ച് തിരുവിതാംകൂർ ദേവസ്വം ബോർഡിന് കർശന നിർദേശം നൽകി. രേഖകൾ പരിശോധിച്ച ശേഷമായിരിക്കും വിഷയത്തിൽ ഹൈക്കോടതി അന്തിമ തീരുമാനമെടുക്കുക.


Similar Posts