< Back
Kerala
ശബരിമല സ്വർണക്കൊള്ള; സമഗ്ര അന്വേഷണത്തിന് നിർദേശിച്ച് ഹൈക്കോടതി
Kerala

ശബരിമല സ്വർണക്കൊള്ള; സമഗ്ര അന്വേഷണത്തിന് നിർദേശിച്ച് ഹൈക്കോടതി

Web Desk
|
19 Jan 2026 8:13 PM IST

കഴിഞ്ഞ 20 വർഷത്തെ ദേവസ്വം ബോർഡിന്റെ ഇടപാടുകൾ അന്വേഷിക്കണമെന്നാണ് കോടതി നിർദേശം

കൊച്ചി: ശബരിമല സ്വർണക്കൊള്ളയിൽ സമഗ്ര അന്വേഷണത്തിന് നിർദേശിച്ച് ഹൈക്കോടതി. കഴിഞ്ഞ 20 വർഷത്തെ ദേവസ്വം ബോർഡിന്റെ ഇടപാടുകൾ അന്വേഷിക്കണമെന്നാണ് കോടതി നിർദേശം. 2024-25 കാലത്തെ ഇടപാടുകളിലും അന്വേഷണം അനിവാര്യമാണ്. വിഎസ്എസ്‌സി റിപ്പോർട്ടിൽ ഗുരുതര കണ്ടെത്തലുകളാണുള്ളത്. പാളികൾ വീണ്ടും പരിശോധിക്കാൻ ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവിൽ നിർദേശമുണ്ട്.

ശബരിമലയിലെ ദ്വാരപാലക ശിൽപം, കട്ടിളപ്പാളി, വാജിവാഹനം എന്നിവയുമായി ബന്ധപ്പെട്ട അന്വേഷണം എല്ലാ മേഖലയിലേക്കും വ്യാപിപ്പിക്കണമെന്നാണ് കോടതിയുടെ നിർദേശം. കഴിഞ്ഞ രണ്ട് തവണത്തെ പിണറായി സർക്കാരുകൾ അതിന് മുന്നേയുള്ള വിഎസ്, ഉമ്മൻ ചാണ്ടി സർക്കാർ എന്നിങ്ങനെ നാല് സർക്കാരുകളുടെ കാലയളവിലുള്ള ഭരണസമിതിയുടെ ഇടപാടുകളെ കുറിച്ച് അന്വേഷണം വിപുലീകരിക്കാനാണ് അന്വേഷണ സംഘത്തിന് കോടതി നിർദേശം നൽകിയിരിക്കുന്നത്.

ശബരിമലയിൽ നിന്ന് ദ്വാരപാലക ശില്പവും കട്ടിളപ്പാളിയും കൊണ്ടുപോയി സ്വർണം തട്ടിയെടുത്തു എന്ന നിരീക്ഷണമാണ് കോടതി പങ്കുവെക്കുന്നത്. 1998ലാണ് വിജയ് മല്ല്യയുടെ നേതൃത്വത്തിലുള്ള യുപി ഗ്രൂപ് ഇതിൽ സ്വർണം പൂശിയത്. 2019ലാണ് ആദ്യമായി ഇവ പുറത്ത് കൊണ്ടുപോകുന്നത്. അറ്റകുറ്റപ്പണിക്ക് ശേഷം തിരികെ കൊണ്ടുവന്ന സ്വർണം 2025ൽ വീണ്ടും പുറത്തുകൊണ്ടുപോയി. രണ്ട് തവണകളായാണ് ദ്വാരപാലക ശില്പവും കട്ടിളപ്പാളിയും പുറത്തുകൊണ്ടുപോയത്.

2017ൽ പ്രയാർ ഗോപാലകൃഷ്‌ണൻ ദേവസ്വം ബോർഡ് പ്രസിഡന്റായിരുന്ന കാലത്തുള്ള കൊടിമരത്തിന്റെ പുനർനിർമാണവും വാജിവാഹനം കൈമാറ്റം ചെയ്ത സംഭവത്തിലേക്കും അന്വേഷണം വ്യാപിപ്പിക്കാൻ നിർദ്ദേശത്തിലുണ്ട്. അതുപോലെ പി.എസ് പ്രശാന്ത് പ്രസിഡന്റ് ആയിരുന്ന കാലത്തെയും അന്വേഷണം നടത്തണമെന്നും കോടതി.

Similar Posts