
Photo: Special arrangement
ശബരിമല മേൽശാന്തിയുടെ സഹായികളുടെ മുഴുവൻ പേര് വിവരങ്ങൾ ഹാജരാക്കണം; നിർദേശവുമായി ഹൈക്കോടതി
|സന്നിധാനത്ത് സേവനത്തിലെത്തുന്നതിന് മുമ്പ് ഇവരുടെ രേഖകൾ ശേഖരിച്ച് പരിശോധിച്ചിട്ടുണ്ടോ എന്ന് വ്യക്തമാക്കണമെന്നും ഹൈക്കോടതി
കൊച്ചി: ശബരിമല മേൽശാന്തികളുടെ സഹായികളുടെ മുഴുവൻ പേരുവിവരങ്ങൾ ഹാജരാക്കാൻ ഹൈക്കോടതി നിർദേശം. സന്നിധാനത്ത് സേവനത്തിലെത്തുന്നതിന് മുമ്പ് ഇവരുടെ രേഖകൾ ശേഖരിച്ച് പരിശോധിച്ചിട്ടുണ്ടോ എന്ന് വ്യക്തമാക്കണമെന്നും ഹൈക്കോടതി. വിശദമായ സത്യവാങ്മൂലം നൽകാനും തിരുവിതാംകൂർ ദേവസ്വം ബോർഡിന് നിർദേശം നൽകി. മേൽശാന്തി നിയമനവുമായി ബന്ധപ്പെട്ട് ശബരിമല സ്പെഷ്യൽ കമ്മീഷണറുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ഹൈക്കോടതി സ്വമേധയാ എടുത്ത ഹരജിയിലാണ് നിർദേശം.
ശബരിമലയിലെ മേൽശാന്തിമാരുടെ സഹായികൾ ആരൊക്കെയാണ് എന്ന കാര്യത്തിൽ കാലങ്ങളായി നിലനിൽക്കുന്ന അവ്യക്തത ഒഴിവാക്കുന്നതിനായാണ് കോടതിയുടെ നിർദേശം. പുതുതായി തെരഞ്ഞെടുക്കപ്പെട്ട മേൽശാന്തിമാർ സ്വമേധയാ ആവശ്യപ്പെട്ട 20 സഹായിമാരെ കുറിച്ചുള്ള സമഗ്രമായ വിശദാംശങ്ങളാണ് കോടതി ആവശ്യപ്പെട്ടിരിക്കുന്നത്. ആരൊക്കെയാണ് ഈ വർഷത്തെ സഹായികൾ, ഇവരുടെ മുൻകാല പശ്ചാത്തലങ്ങൾ, ഇവരുടെ ചെലവുകൾ തുടങ്ങിയ വിവരങ്ങളാണ് ഹാജരാക്കാൻ നിർദേശിച്ചിരിക്കുന്നത്.
കഴിഞ്ഞ ശനിയാഴ്ച രാവിലെ എട്ടേകാലോട് കൂടിയാണ് ശബരിമല മേൽശാന്തിയുടെ തെരഞ്ഞെടുപ്പ് നടന്നത്. ചാലക്കുടി കൊടകര വാസുപുരം മറ്റത്തൂർകുന്ന് ഏറന്നൂർ മനയിൽ ഇ.ഡി പ്രസാദാണ് ശബരിമല മേൽശാന്തിയായി തെരഞ്ഞെടുക്കപ്പെട്ടത്. മാളികപ്പുറം മേൽശാന്തിയായി കൊല്ലം സ്വദേശിയായ മനു നമ്പൂതിരിയെ തെരഞ്ഞടുത്തു.