< Back
Kerala
പരസ്യത്തിലെ വാഗ്ദാനങ്ങൾ പാലിച്ചില്ലെന്ന പരാതി; മോഹൻലാലിനെതിരായ കേസ് ഹൈക്കോടതി റദ്ദാക്കി
Kerala

പരസ്യത്തിലെ വാഗ്ദാനങ്ങൾ പാലിച്ചില്ലെന്ന പരാതി; മോഹൻലാലിനെതിരായ കേസ് ഹൈക്കോടതി റദ്ദാക്കി

Web Desk
|
10 Jan 2026 12:09 PM IST

മോഹൻലാലിന്‍റെ വാഗ്ദാനം വിശ്വസിച്ചാണ് വായ്പ എടുത്തതെന്നും അതിനാൽ സേവനത്തിലെ പിഴവിന് താരം ഉത്തരവാദിയാണ് എന്നുമായിരുന്നു പരാതി

കൊച്ചി: പരസ്യത്തിലെ വാഗ്ദാനങ്ങൾ പാലിച്ചില്ലെന്ന പരാതിയിൽ, നടൻ മോഹൻലാലിനെതിരായ കേസ് ഹൈക്കോടതി റദ്ദാക്കി. മണപ്പുറം ഫിനാൻസിന്‍റെ ബ്രാൻഡ് അംബാസഡർ എന്ന നിലയിലായിരുന്നു പരാതി. കുറഞ്ഞ പലിശ നിരക്കിന് സ്വർണവായ്പ എന്നായിരുന്നു മോഹൻലാൽ അഭിനയിച്ച പരസ്യങ്ങളിലെ വാഗ്ദാനം. എന്നാൽ, വായ്പ തിരിച്ചടച്ച് പണയ സ്വർണം എടുക്കാൻ എത്തിയപ്പോൾ മണപ്പുറം ഫിനാൻസ് ഉയർന്ന പലിശ നിരക്ക് ഈടാക്കിയെന്നാണ് പരാതിക്കാരുടെ ആക്ഷേപം.

മോഹൻലാലിന്‍റെ വാഗ്ദാനം വിശ്വസിച്ചാണ് വായ്പ എടുത്തതെന്നും അതിനാൽ സേവനത്തിലെ പിഴവിന് താരം ഉത്തരവാദിയാണ് എന്നുമായിരുന്നു പരാതി. എന്നാൽ പരാതിക്കാരും മോഹൻലാലും തമ്മിൽ നേരിട്ട് ഒരു ഇടപാടും നടന്നിട്ടില്ലെന്ന് കോടതി ചൂണ്ടിക്കാട്ടി.

ബ്രാൻഡ് അംബാസഡർ എന്ന നിലയിൽ സ്ഥാപനത്തിന്‍റെ സേവനങ്ങളെ പരിചയപ്പെടുത്തുക മാത്രമാണ് മോഹൻലാൽ ചെയ്തത്. പരസ്യത്തിലെ വാഗ്ദാനങ്ങൾ പാലിക്കുന്നതിൽ വീഴ്ച വരുത്തിയാൽ പൂർണ ഉത്തരവാദിത്തം സ്ഥാപനത്തിനാണ്. ഇക്കാര്യത്തിൽ ബ്രാൻഡ് അംബാസഡർക്ക് ഉത്തരവാദിത്തമില്ലെന്നും ജസ്റ്റിസ് സിയാദ് റഹ്മാന്‍റെ ഉത്തരവിലുണ്ട്. തിരുവനന്തപുരം ജില്ലാ ഉപഭോക്തൃ കമ്മീഷനും സംസ്ഥാന ഉപഭോക്തൃ തർക്ക പരിഹാര കമ്മീഷനും നേരത്തെ മോഹൻലാലിനെ കേസിൽ നിന്ന് ഒഴിവാക്കാൻ വിസമ്മതിച്ചിരുന്നു. ഇതിനെതിരെ മോഹൻലാൽ സമർപ്പിച്ച ഹരജിയിലാണ് ഹൈക്കോടതിയുടെ ഉത്തരവ്.

Similar Posts