< Back
Kerala
മരംമുറി കേസുകളിൽ സിബിഐ അന്വേഷണം വേണ്ടെന്ന് ഹൈക്കോടതി
Kerala

മരംമുറി കേസുകളിൽ സിബിഐ അന്വേഷണം വേണ്ടെന്ന് ഹൈക്കോടതി

Web Desk
|
1 Sept 2021 2:48 PM IST

മുട്ടില്‍ മരംമുറി അന്വേഷണത്തിലെ കേസ് ഡയറി ഹാജരാക്കണമെന്നും കോടതി

പട്ടയഭൂമിയില്‍ നിന്ന് മരം മുറിച്ച് കടത്തിയ കേസുകളില്‍ സിബിഐ അന്വേഷണം വേണ്ടെന്ന് ഹൈക്കോടതി. മുട്ടില്‍ മരംമുറി ഉള്‍പ്പെടെയുള്ള കേസുകളില്‍ നിലവിലുള്ള ക്രൈംബ്രാഞ്ച് അന്വേഷണം തുടരാമെന്ന് കോടതി ഉത്തരവിട്ടു. മുട്ടില്‍ മരംമുറി അന്വേഷണത്തിലെ കേസ് ഡയറി ഹാജരാക്കാനും കോടതി നിർദേശിച്ചു.

പട്ടയഭൂമിയിലെ മരംമുറി കേസുകൾ സിബിഐക്ക് കൈമാറണമെന്ന് ആവശ്യപ്പെട്ട് തൃശൂര്‍ സ്വദേശി ജോര്‍ജ് വട്ടുകളം നല്‍കിയ പൊതുതാൽപ്പര്യ ഹർജിയാണ് കോടതി തള്ളിയത്. കേസുകളിൽ സമഗ്ര അന്വേഷണം നടക്കുന്നതിനാൽ സാവകാശം വേണ്ടിവരുമെന്നും അന്വേഷണം സിബിഐക്ക് കൈമാറേണ്ട ആവശ്യമില്ലെന്നുമാണ് സർക്കാർ കോടതിയെ അറിയിച്ചിരുന്നത്.

മരംമുറിച്ച് കടത്തുന്നത് സംബന്ധിച്ച് ഫലപ്രദമായ അന്വേഷണം നടത്താൻ കോടതി സര്‍ക്കാരിന് നിര്‍ദേശം നല്‍കി. നിലവില്‍ നടക്കുന്ന ക്രൈംബ്രാഞ്ച് അന്വേഷണം തൃപ്തികരമാണെന്നും ഇത് തുടരണമെന്നും കോടതി നിര്‍ദേശിച്ചു. ഏതെങ്കിലും ഘട്ടത്തില്‍ പരാതിയുണ്ടായാല്‍ പൊതുജനങ്ങള്‍ക്ക് കോടതിയെ സമീപിക്കാമെന്നും ചീഫ് ജസ്റ്റിസ് ഉള്‍പ്പെട്ട ഡിവിഷന്‍ ബഞ്ച് വ്യക്തമാക്കി.

ഇതിനിടെ മുട്ടിൽ മരം മുറിയിൽ കേസ് ഡയറി അടക്കമുള്ള രേഖകൾ ഹാജരാക്കാൻ സർക്കാരിന് ഹൈക്കോടതി നിർദേശം നൽകി. പ്രതികളായ അഗസ്റ്റിൻ സഹോദരന്മാരുടെ ജാമ്യാപേക്ഷയിലാണ് കോടതിയുടെ നിർദേശം. സ്വന്തം പട്ടയ ഭൂമിയിൽ നിന്നാണ് മരം മുറിച്ചതെന്നാണ് പ്രതികളുടെ വാദം. എന്നാൽ മറ്റ് ഉമകളുടെ ഭൂമിയിൽ നിന്നും പ്രതികൾ മരം മുറിച്ചിട്ടുള്ളതായി സർക്കാർ കോടതിയെ അറിയിച്ചിട്ടുണ്ട്. കേസിലെ മുഖ്യപ്രതികളായ ആന്റോ അഗസ്റ്റിൻ, റോജി അഗസ്റ്റിൻ, ജോസ്കുട്ടി അഗസ്റ്റിൻ എന്നിവരുടെ ജാമ്യ ഹർജികളാണ് ഹൈക്കോടതിയുടെ പരിഗണനയിലുള്ളത്.

Similar Posts