
ശബരിമല സ്വർണക്കൊള്ള: തിരുവിതാംകൂർ ദേവസ്വം ബോർഡിൻ്റെ മിനുട്സ് ബുക്ക് പിടിച്ചെടുക്കാൻ ഹൈക്കോടതി നിർദേശം
|'മിനുട്ട്സ് ബുക്കിന്റെ പകർപ്പ് ഹൈക്കോടതി രജിസ്ട്രാർ ജനറലിന് കൈമാറണം'
കൊച്ചി: ശബരിമല സ്വർണക്കൊള്ളയിൽ തിരുവിതാംകൂർ ദേവസ്വം ബോർഡിൻ്റെ മിനുട്ട്സ് ബുക്ക് പിടിച്ചെടുക്കാൻ ഹൈക്കോടതി നിർദേശം. കേസിൽ കുറ്റകൃത്യത്തിന്റെ ഗൗരവം കണക്കിലെടുത്താണ് ഹൈക്കോടതി നിർദേശം. മിനുട്ട്സ് ബുക്ക് പകർപ്പ് ഹൈക്കോടതി രജിസ്ട്രാർ ജനറലിനും കൈമാറണമെന്ന് കോടതി നിർദേശിച്ചു.
മഹസറില്‍ വിവരങ്ങള്‍ കൃത്യമായി രേഖപ്പെടുത്താതിരുന്നതിന്റെ ഉത്തരവാദിത്തം ദേവസ്വം ഉദ്യോഗസ്ഥര്‍ക്കാണെന്ന് ഹൈക്കോടതി ചൂണ്ടിക്കാട്ടി. ദ്വാരപാലക ശില്പങ്ങള്‍ പോറ്റിക്ക് കൈമാറാന്‍ ദേവസ്വം നേതൃത്വം ബോധപൂര്‍വ്വം ശ്രമിച്ചെന്നും ദേവസ്വം മാന്വല്‍ ലംഘക്കപ്പെട്ടുവെന്നും ഹൈക്കോടതി പറഞ്ഞു.
ശബരിമലയിൽ 2024ല്‍ സ്വര്‍ണപ്പാളികള്‍ കേടുവന്നതിലും ഹൈക്കോടതിക്ക് സംശയം പ്രകടിപ്പിച്ചു. 2019ലെ തട്ടിപ്പിന്റെ ബാക്കിയാണോ 2025ലെ ശ്രമമെന്ന് അന്വേഷിക്കണമെന്ന് ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവിൽ പറയുന്നു.
ഉണ്ണികൃഷ്ണന്‍ പോറ്റിക്ക് ശില്പപാളികളും താങ്ങുപീഠവും കൈമാറാന്‍ തിരുവാഭരണ കമ്മീഷണർ നിലപാടെടുത്തു. നിലവിലെ ദേവസ്വം ബോർഡ് പ്രസിഡൻ്റ് ഇതിനായി നിർദേശം നല്‍കിയാതായി തിരുവാഭരണ കമ്മീഷണറുടെ പരാമർശം ഉണ്ട്. സ്വര്‍ണക്കൊള്ളയുടെ ഉത്തരവാദിത്തത്തില്‍ നിന്ന് ബോര്‍ഡ് നേതൃത്വത്തിന് ഒഴിഞ്ഞുമാറാനാവില്ലെന്നും കോടതി നിരീക്ഷിച്ചു.
സ്വര്‍ണക്കൊള്ളയില്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റിന്റെയും ദേവസ്വം കമ്മീഷണറുടെയും നടപടികള്‍ സംശയകരമെന്ന് ഹൈക്കോടതി ചൂണ്ടിക്കാട്ടിയിരുന്നു. സ്‌പോണ്‍സര്‍ ഉണ്ണികൃഷ്ണന്‍ പോറ്റിക്ക് അനുകൂലമായി 2019ലെ ബോര്‍ഡ് പ്രസിഡന്റ് നിലപാടെടുത്തത് നിസാരമായി കാണാനാവില്ല എന്നാണ് ഹൈക്കോടതി ദേവസ്വം ബെഞ്ച് വ്യക്തമാക്കിയത്. സ്വർണക്കൊള്ളയുമായി ബന്ധപ്പെട്ട് പുതിയ ഹരജി ഫയലിൽ സ്വീകരിക്കാനും കോടതി തീരുമാനിച്ചു.