< Back
Kerala
സിനിമ എങ്ങനെയാണ് കത്തോലിക്ക കോണ്‍ഗ്രസിനെ ബാധിക്കുന്നത്? ഹാലിൽ ചോദ്യങ്ങളുമായി ഹൈക്കോടതി
Kerala

സിനിമ എങ്ങനെയാണ് കത്തോലിക്ക കോണ്‍ഗ്രസിനെ ബാധിക്കുന്നത്? ഹാലിൽ ചോദ്യങ്ങളുമായി ഹൈക്കോടതി

Web Desk
|
27 Nov 2025 12:22 PM IST

സിനിമയുടെ ഏത് ഭാഗമാണ് നിങ്ങളുടെ അന്തസിനെ ബാധിക്കുന്നത്

കൊച്ചി: ഹാല്‍ സിനിമയിലെ രംഗങ്ങള്‍ നീക്കേണ്ടതില്ലെന്ന സിംഗിള്‍ ബെഞ്ച് ഉത്തരവിനെതിരായ കത്തോലിക്ക കോൺഗ്രസിന്‍റെ അപ്പീലിൽ ചോദ്യങ്ങളുമായി ഹൈക്കോടതി. സിനിമ എങ്ങനെയാണ് കത്തോലിക്ക കോണ്‍ഗ്രസിനെ ബാധിക്കുന്നതെന്ന് ഹൈക്കോടതി ഡിവിഷൻ ബെഞ്ച് ചോദിച്ചു. സിനിമയുടെ ഏത് ഭാഗമാണ് നിങ്ങളുടെ അന്തസിനെ ബാധിക്കുന്നത്.

സിനിമ കാണാതെ അഭിപ്രായം പറയരുത്. സിംഗിള്‍ ബെഞ്ച് ഉത്തരവ് നിങ്ങള്‍ക്ക് എതിരല്ലല്ലോയെന്നും ഹൈക്കോടതി ചോദിച്ചു. കത്തോലിക്കാ കോണ്‍ഗ്രസിന്‍റെ അപ്പീല്‍ ഉത്തരവിനായി മാറ്റി. സിനിമയിലെ രംഗങ്ങള്‍ നീക്കാനോ കൂട്ടിച്ചേര്‍ക്കാനോ നിര്‍ദേശിക്കാനാവില്ലെന്നും കോടതി വ്യക്തമാക്കി.

പ്രദർശനാനുമതി നിഷേധിച്ചതിൽ ഹാൽ സിനിമയുടെ അണിയറ പ്രവർത്തകർ നൽകിയ ഹരജിയിൽ സെൻസർ ബോർഡിനെതിരെ ഹൈക്കോടതി രം​ഗത്തെത്തിയിരുന്നു. സിനിമയ്ക്ക് എ സർട്ടിഫിക്കറ്റ് നൽകിയ സെൻസർ ബോർഡ് നടപടി റദ്ദാക്കിയ കോടതി, ഇഷ്ടാനുസരണം അത്തരം അധികാരം പ്രയോഗിക്കാൻ കഴിയില്ലെന്നും വ്യക്തമാക്കി.

ചില രംഗങ്ങൾ മാറ്റി വീണ്ടും സെൻസർ ബോർഡിന് അപേക്ഷ നൽകാനും നിർമാതാക്കളോട് കോടതി നിർദേശിക്കുകയായിരുന്നു. ഈ വിധി പുനഃപരിശോധിക്കണമെന്നാവശ്യപ്പെട്ടാണ് സംവിധായകൻ കോടതിയെ സമീപിക്കാൻ തീരുമാനിച്ച‌ത്. ഏത് സർട്ടിഫിക്കറ്റ് നൽകണമെന്ന അധികാരം സെൻസർ ബോർഡിൽ നിക്ഷിപ്തമാണെങ്കിലും ഇഷ്ടാനുസരണം അത്തരം അധികാരം പ്രയോഗിക്കാൻ കഴിയില്ല എന്നാണ് ജസ്റ്റിസ് വി.ജി അരുൺ വ്യക്തമാക്കിയത്. സിനിമയ്ക്ക് എ സർട്ടിഫിക്കറ്റ് നൽകിയ സെൻസർ ബോർഡ് നടപടി റദ്ദാക്കിയാണ് നിരീക്ഷണം.

ഹാൽ സിനിമയുടെ പ്രമേയം ഭരണഘടനാപരമായ മൂല്യങ്ങളുമായി ചേർന്നുപോകുന്നതാണ്. പരസ്പര വിശ്വാസങ്ങളെ തെറ്റായി സിനിമ ചിത്രീകരിക്കുന്നില്ല. മതപരമായ നിയന്ത്രണങ്ങളെ മറികടക്കാൻ പ്രണയത്തിന് കഴിയുമെന്ന് സിനിമ സംസാരിക്കുന്നു. മതേതര ലോകത്തിന്റെ സന്ദേശം അവതരിപ്പിക്കാനാണ് ഹാൽ സിനിമ ശ്രമിക്കുന്നതെന്നും കോടതി ഉത്തരവിൽ വ്യക്തമാക്കി.

ലൗ ജിഹാദ് എന്നതുൾപ്പെടെയുള്ള കത്തോലിക്കാ കോൺഗ്രസിന്റെയും ആർഎസ്എസിന്റെയും വാദം കോടതി തള്ളുകയാണ്. ഒഴിവാക്കാൻ തടസമില്ലെന്ന് അഭിഭാഷകൻ അറിയിച്ചത് പ്രകാരം സെൻസർ ബോർഡ് നിർദേശിച്ച ചില മാറ്റങ്ങൾ കോടതി ശരിവയ്ക്കുകയും ചെയ്തു. ബീഫ് ബിരിയാണി കഴിക്കുന്ന രംഗം, രാഖിയുടെ ദൃശ്യം, ധ്വജപ്രണാമം, സംഘം കാവലുണ്ട് തുടങ്ങിയ വാക്കുകളും ഒഴിവാക്കേണ്ടി വരും.



Similar Posts