< Back
Kerala
Hostel Prank Lands 8 Children In Hospital, Their Eyes Were Sealed With Glue
Kerala

ഹോസ്റ്റലിൽ ഉറങ്ങിക്കിടന്ന കുട്ടികളുടെ കണ്ണിൽ പശ ഒഴിച്ച് സഹപാഠികളുടെ 'പ്രാങ്ക്'; ഒട്ടിപ്പിടിച്ച കണ്ണുകളുമായി എട്ട് വിദ്യാർഥികൾ ആശുപത്രിയിൽ

Web Desk
|
14 Sept 2025 4:55 PM IST

മൂന്ന്, നാല്, അഞ്ച് ക്ലാസുകളിലെ വിദ്യാർഥികളുടെ കണ്ണിലാണ് പശ ഒഴിച്ചത്

ഭുവനേശ്വർ: ഹോസ്റ്റലിൽ ഉറങ്ങിക്കിടക്കുകയായിരുന്ന വിദ്യാർഥികളുടെ കണ്ണിൽ പശ ഒഴിച്ച് സഹപാഠികളുടെ 'പ്രാങ്ക്' കാര്യമായി. കണ്ണുകൾ ഒട്ടിപ്പിടിച്ച് അവശനിലയിലായ എട്ട് വിദ്യാർഥികളെയാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഒഡീഷയിലെ കാന്ധമൽ ജില്ലയിലെ സലാഗുഡയിലുള്ള സേവാശ്രമം സ്‌കൂളിലാണ് സംഭവം.

മൂന്ന്, നാല്, അഞ്ച് ക്ലാസുകളിലെ വിദ്യാർഥികളുടെ കണ്ണിലാണ് പശ ഒഴിച്ചത്. കുട്ടികൾ ഹോസ്റ്റൽ മുറിയിൽ ഉറങ്ങിക്കിടക്കുകയായിരുന്നു. വേദനയും അസ്വസ്ഥതയും മൂലം കുട്ടികൾ ഞെട്ടിയുണർന്നപ്പോൾ കൺപോളകൾ ഒട്ടിയ അവസ്ഥയിലായിരുന്നു. ആശുപത്രിയിലേക്ക് മാറ്റിയ കുട്ടികൾ ചികിത്സയിലാണ്.

അടഞ്ഞുകിടക്കുന്ന കണ്ണുകളുമായി കരയുന്ന കുട്ടികളുടെ ചിത്രം സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. കണ്ണുകളിൽ പശ ഒഴിക്കുന്നത് കാഴ്ചശക്തി നഷ്ടപ്പെടുന്നതടക്കം ഗുരുതര പ്രശ്‌നങ്ങൾക്ക് കാരണമായേക്കുമെന്ന് ഡോക്ടർമാർ പറഞ്ഞു. ഒരു കുട്ടിയെ ആശുപത്രിയിൽ നിന്ന് ഡിസ്ചാർജ് ചെയ്തു. ഏഴ് കുട്ടികൾ ഇപ്പോഴും ചികിത്സയിൽ തുടരുകയാണ്.

സംഭവത്തിൽ ജില്ലാ ഭരണകൂടം വിശദമായ അന്വേഷണത്തിന് ഉത്തരവിട്ടു. പ്രാഥമിക അന്വേഷണത്തിൽ വീഴ്ചയുണ്ടായതായി കണ്ടെത്തിയതിനെ തുടർന്ന് ഹെഡ്മാസ്റ്റർ മനോരഞ്ജൻ സാഹുവിനെ സസ്‌പെൻഡ് ചെയ്തിട്ടുണ്ട്. ഉത്തരവാദികളായ വിദ്യാർഥികൾക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് അധികൃതർ പറഞ്ഞു.

Similar Posts