
Photo| MediaOne
വീടുപണി പാതിവഴിയിൽ നിലച്ചു; അട്ടപ്പാടിയിൽ ആദിവാസി കുടുംബങ്ങൾ കഴിയുന്നത് കുടിലുകളിൽ
|മേൽക്കൂര ഇല്ലാത്തതിനാൽ പലരും വീടിന് മുകളിൽ മരക്കമ്പുകൾ വച്ച് ഷീറ്റിട്ടാണ് അതിനു താഴെ താമസിക്കുന്നത്.
പാലക്കാട്: അട്ടപ്പാടിയിൽ പാതിവഴിയിൽ വീടുപണി നിലച്ചതോടെ പല ആദിവാസി കുടുംബങ്ങളും കഴിയുന്നത് കുടിലുകളിൽ. മഴയത്ത് ചോർന്നൊലിക്കുന്ന കുടിലുകൾക്ക് താഴെ കഴിയുന്ന കുടുംബങ്ങൾക്കു പോലും സുരക്ഷിത താമസം ഒരുക്കാൻ സർക്കാർ സംവിധാനങ്ങൾക്ക് കഴിഞ്ഞിട്ടില്ല.
അന്തിയുറങ്ങാൻ വീട് നിർമിക്കാനായി സർക്കാർ പണം നൽകുമെന്ന് അറിയുന്നതോടെ ഒരോ കുടുംബവും വലിയ സന്തോഷത്തിലായിരുന്നു. എന്നാൽ പാതിവഴിയിൽ പണി നിലച്ചതോടെ ആ വീടുകൾക്ക് സമീപം ടാർപോളിൻ കൊണ്ട് ചെറിയ കുടിൽകൊട്ടി താമസിക്കുകയാണ് ഇവർ. വാർഡ് മെമ്പർമാർ ആരും തിരിഞ്ഞുനോക്കുന്നില്ലെന്നും വോട്ടെടുപ്പ് സമയത്ത് അവർ മാത്രമാണ് വരുന്നതെന്നും പ്രദേശവാസിയായ ലക്ഷ്മി മീഡിയവണിനോട് പറഞ്ഞു.
മേൽക്കൂര ഇല്ലാത്തതിനാൽ പലരും വീടിന് മുകളിൽ മരക്കമ്പുകൾ വച്ച് ഷീറ്റിട്ടാണ് അതിനു താഴെ താമസിക്കുന്നത്. ശക്തമായ മഴയിൽ ഷീറ്റ് തകർന്ന് വെള്ളം താഴെ വീണതോടെ കാളി, ലക്ഷ്മണൻ എന്നിവർ ചിണ്ടക്കി ഊരിലെ പാതിവഴിയിലായ വീട് ഉപപേക്ഷിച്ച് പൊട്ടിക്കല്ലിലെ ബന്ധുവീട്ടിലേക്ക് പോയി.
വീട് തകർന്ന് മരിച്ച കുട്ടികളുടെ കുടുംബം ലൈഫ് പദ്ധതി പ്രകാരം ലഭിച്ച തുക ഉപയോഗിച്ച് പണി തീർക്കാൻ കഴിയാത്തതിനാലാണ് കുടിലിൽ കഴിയുന്നത്. പലരും വീട് നിർമാണം തുടങ്ങിയതോടെ ബന്ധുവീടുകളിൽ നിന്നും ഇറങ്ങി. ഇനി അങ്ങോട്ട് തിരിച്ചുപോകാനും കഴിയില്ല. വീടുപണി നിലച്ചതോടെ ഈ കുടിലിൽ തന്നെ ശിഷ്ടകാലം കഴിയേണ്ട അവസ്ഥയാണ് ഇവരുള്ളത്.