< Back
Kerala
നെയ്യാറ്റിൻകരയിലെ വീട്ടമ്മയുടെ ആത്മഹത്യ; ഡിസിസി ജനറൽ സെക്രട്ടറിക്ക് സസ്‌പെൻഷൻ

Photo|Special Arrangement

Kerala

നെയ്യാറ്റിൻകരയിലെ വീട്ടമ്മയുടെ ആത്മഹത്യ; ഡിസിസി ജനറൽ സെക്രട്ടറിക്ക് സസ്‌പെൻഷൻ

Web Desk
|
19 Oct 2025 8:41 PM IST

ആരോപണങ്ങളുടെ പശ്ചാത്തലത്തിലാണ് ജോസ് ഫ്രാങ്ക്‌ളിനെ സസ്‌പെൻഡ് ചെയ്യുന്നതെന്ന്‌ കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ്

തിരുവനന്തപുരം: നെയ്യാറ്റിൻകരയിലെ വീട്ടമ്മയുടെ ആത്മഹത്യയിൽ ഡിസിസി ജനറൽ സെക്രട്ടറി ജോസ് ഫ്രാങ്ക്‌ളിനെ സസ്‌പെൻഡ് ചെയ്ത് കോൺഗ്രസ്. ആരോപണങ്ങളുടെ പശ്ചാത്തലത്തിലാണ് സസ്‌പെൻഷനെന്ന് കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് അറിയിച്ചു. നെയ്യാറ്റിൻകര നഗരസഭാ കൗൺസിലർ കൂടിയാണ് ആരോപണ വിധേയനായ ജോസ് ഫ്രാങ്ക്‌ളിൻ. ജീവനൊടുക്കിയ സ്ത്രീയുടെ ആത്മഹത്യാക്കുറിപ്പിൽ ജോസ് ഫ്രാങ്ക്‌ളിനെതിരെ പരാമർശമുണ്ടായിരുന്നു.

ജോസ് ഫ്രാങ്ക്‌ളിൻ ലൈംഗികമായി ഉപദ്രവിച്ചുവെന്നും വീട്ടമ്മ ആത്മഹത്യാക്കുറിപ്പിൽ ആരോപിച്ചിരുന്നു. മകനും മകൾക്കും വേണ്ടി പ്രത്യേകം കത്തെഴുതിവെച്ചാണ് അവർ ജീവനൊടുക്കിയത്. മകനെഴുതിയ കുറിപ്പിലാണ് ഇക്കാര്യം പറയുന്നത്. ജോസ് ഫ്രാങ്ക്‌ളിന് വഴങ്ങിക്കൊടുക്കാതെ ജീവിക്കാൻ സമ്മതിക്കുന്നില്ലെന്ന് ആത്മഹത്യാക്കുറിപ്പിൽ പറയുന്നു. നിരന്തരം കടയിലെത്തി ലൈംഗിക ആവശ്യം ഉന്നയിച്ചു. ഭർത്താവില്ലാത്ത സ്ത്രീയോട് ഇങ്ങനെ ചെയ്യാമോ?, ലോണിന്റെ കാര്യം എന്തായെന്ന് ചോദിക്കുമ്പോൾ എപ്പോൾ വരും, എപ്പോൾ കാണാമെന്ന് ജോസ് ഫ്രാങ്ക്‌ളിൻ ചോദിക്കുമെന്ന് യുവതി തന്റെ ആത്മഹത്യ കുറിപ്പിൽ പറയുന്നു. തന്നെ ജീവിക്കാൻ ജോസ് ഫ്രാങ്ക്‌ളിൻ സമ്മതിക്കില്ലെന്നും വൃത്തികെട്ട് ജീവിക്കേണ്ടെന്നും അതുകൊണ്ട് മരിക്കുന്നുവെന്നും വീട്ടമ്മ കുറിപ്പിൽ പറഞ്ഞു.

ദിവസങ്ങൾക്ക് മുമ്പാണ് നെയ്യാറ്റിൻകരയിൽ വീട്ടമ്മയെ മരിച്ച നിലയിൽ കണ്ടെത്തിയത്. ഗ്യാസിൽ നിന്ന് തീ പടർന്നായിരുന്നു മരണം. എന്നാൽ സംഭവം ആത്മഹത്യയെന്ന് പൊലീസ് കണ്ടെത്തുകയായിരുന്നു. തിരുവനന്തപുരം മെഡിക്കൽ കോളജിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. യുവതി വീടിന് സമീപം ബേക്കറി നടത്തിവരുകയായിരുന്നു.

Similar Posts