ശബരിമലയിൽ എത്ര സ്വർണം നഷ്ടമായി? പ്രത്യേക അന്വേഷണ സംഘം ഇന്ന് ഹൈക്കോടതിയെ അറിയിച്ചേക്കും
|കഴിഞ്ഞ ദിവസമാണ് വിഎസ്എസ്‍സിയുടെ പരിശോധനാ റിപ്പോർട്ട് എസ്ഐടിക്ക് ലഭിച്ചത്
കൊച്ചി: ശബരിമല ദ്വാരപാലക ശിൽപത്തിൽ നിന്നും കട്ടിളപ്പാളിയിൽ നിന്നും എത്രത്തോളം സ്വർണം നഷ്ടമായെന്ന വിവരം പ്രത്യേക അന്വേഷണ സംഘം ഇന്ന് ഹൈക്കോടതിയെ അറിയിച്ചേക്കും. കഴിഞ്ഞ ദിവസമാണ് വിഎസ്എസ്‍സിയുടെ പരിശോധനാ റിപ്പോർട്ട് എസ്ഐടിക്ക് ലഭിച്ചത്. പാളികളിൽ നിന്ന് 989 ഗ്രാം സ്വർണം ലഭിച്ചെന്നായിരുന്നു ഉണ്ണികൃഷ്ണൻ പോറ്റി നൽകിയിരുന്ന മൊഴി.
എന്നാൽ ഇതിൽ കൂടുതൽ സ്വർണം നഷ്ടമായിട്ടുണ്ടെന്നാണ് വി എസ്എസ്‍സി റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിലുള്ള അന്വേഷണ സംഘത്തിന്‍റെ വിലയിരുത്തൽ. വൈകാതെ തന്നെ കുറ്റപത്രം സമർപ്പിക്കാനുള്ള നടപടികളിലേക്ക് അന്വേഷണ സംഘം കടക്കും.
അതേസമയം കേസിൽ തന്ത്രി കണ്ഠരര് രാജീവരുടെ ജാമ്യഹർജിയിൽ കൊല്ലം വിജിലൻസ് കോടതി ഇന്ന് വിശദമായ വാദം കേൾക്കും. ഇരു ജാമ്യ ഹർജികളിലും വാദം കേൾക്കുന്ന കോടതി എസ്ഐടി റിപ്പോർട്ട് കൂടെ പരിഗണിച്ചാകും തീരുമാനം എടുക്കുക. റിമാൻഡ് 90 ദിവസം ആയതിനെ തുടർന്ന് സ്വഭാവിക ജാമ്യം തേടി എൻ വാസു ഇന്ന് അപേക്ഷ നൽകും.
സ്വർണക്കൊള്ള കേസിൽ അറസ്റ്റിലായി 90 ദിവസം തികഞ്ഞില്ലെങ്കിലും രണ്ട് കേസുകളിലും ജാമ്യം തേടിയാണ് തന്ത്രി കോടതിയെ സമീപിച്ചത്. ശബരിമലയിലെ ആചാരപരമായ കാര്യങ്ങളിൽ മാത്രമേ തനിക്ക് ഉത്തരവാദിത്തം ഉള്ളൂവെന്നത് ആണ് പ്രധാന വാദം. സ്വർണക്കൊള്ളയുമായി ബന്ധപ്പെട്ട് യാതൊരു പങ്കും ഇല്ലെന്ന് ആണ് തന്ത്രി ജാമ്യഹരജിയിൽ പറയുന്നത്. നിലവിൽ ദ്വാരപാലക ശില്പ കേസിലും കട്ടിളപ്പാളി കേസിലും തന്ത്രിയെ പ്രതി ചേർത്തിട്ടുണ്ട്. കേസിലെ മുഖ്യ പ്രതി ഉണ്ണികൃഷ്ണൻ പോറ്റി ഉൾപ്പെടെ ജയിൽ മോചിതനായ സാഹചര്യത്തിലാണ് തന്ത്രിയുടെ ജാമ്യ ഹരജികളും വിജിലൻസ് കോടതി പരിഗണിക്കുന്നത്.
ആരോഗ്യ പ്രശ്നങ്ങൾ ഉള്ളതിനാൽ കഴിഞ്ഞ ആഴ്ചയിൽ തന്ത്രിയെ ഓൺലൈൻ മുഖേനയാണ് കോടതിയിൽ ഹാജരാക്കി റിമാൻഡ് നീട്ടിയത്. ജാമ്യ ഹരജികളെ എതിർത്തു കൊണ്ട് എസ്ഐടി റിപ്പോർട്ട് സമർപ്പിച്ചിട്ടുണ്ട്. എല്ലാം നടന്നത് തന്ത്രിയുടെ അറിവോടെയാണെന്നും ഗുരുതരമായുള്ള ആരോഗ്യ പ്രശ്നങ്ങൾ ഇല്ലെന്നുമാണ് എസ്ഐടി റിപ്പോർട്ടിൽ പറയുന്നത്. കോടതി നിർദേശ പ്രകാരമുള്ള ചികിത്സ നൽകുന്നതായും റിപ്പോർട്ടിൽ രേഖപ്പെടുത്തിയിട്ടുണ്ട്.
ജാമ്യഹരജി തള്ളിയാൽ മേൽക്കോടതിയെ സമീപിക്കാനുള്ള നീക്കത്തിലാണ് പ്രതിഭാഗം. കട്ടിളപ്പാളി കേസിലെ മൂന്നാം പ്രതിയായ എൻ. വാസുവിന്‍റെ റിമാൻഡ് കാലാവധി 90 ദിവസം പിന്നിട്ടു. സ്വാഭാവിക ജാമ്യം തേടി വിജിലൻസ് കോടതിയിൽ ജാമ്യഹരജി ഇന്ന് സമർപ്പിക്കും.