< Back
Kerala
തദ്ദേശതെരഞ്ഞെടുപ്പ്; എത്രപേർക്ക് വോട്ട് ചെയ്യണം? മൂന്ന് വോട്ട് ചെയ്യേണ്ടവർ ആരൊക്കെ ?
Kerala

തദ്ദേശതെരഞ്ഞെടുപ്പ്; എത്രപേർക്ക് വോട്ട് ചെയ്യണം? മൂന്ന് വോട്ട് ചെയ്യേണ്ടവർ ആരൊക്കെ ?

Web Desk
|
8 Dec 2025 2:34 PM IST

ആദ്യ ഘട്ട തെരഞ്ഞെടുപ്പ് ഡിസംബർ 9, രണ്ടാം ഘട്ട തെരഞ്ഞെടുപ്പ് ഡിസംബർ 11

കോഴിക്കോട്: ആദ്യ ഘട്ടത്തിൽ തദ്ദേശ തെരഞ്ഞെടുപ്പ് നടക്കുന്ന ജില്ലകളിലെ പരസ്യപ്രചാരണവും കൊട്ടിക്കലാശവും അവസാനിച്ചു. പരമാവധി വോട്ടർമാരെ നേരിൽ കണ്ട് വോട്ട് ഉറപ്പിക്കുന്ന തിരക്കിലാണ് സ്ഥാനാർഥികൾ. ആദ്യ ഘട്ട തെരഞ്ഞെടുപ്പ് ഡിസംബർ ഒമ്പതിനും രണ്ടാം ഘട്ട തെരഞ്ഞെടുപ്പ് ഡിസംബർ 11 നും നടക്കാനിരിക്കുകയാണ്. ആദ്യമായി വോട്ട് ചെയ്യുന്ന പലർക്കും ചില സംശയങ്ങളുണ്ടാവും. എത്രപേർക്ക് വോട്ട് ചെയ്യണം? മൂന്നാൾക്ക് വോട്ട് ചെയ്യേണ്ടവർ ആരൊക്കെ ? ഏതൊക്കെ തിരിച്ചറിയൽ രേഖകൾ കൊണ്ടുപോവണം ? നോട്ടക്ക് വോട്ട് ചെയ്യാൻ പറ്റുമോ ? ഇങ്ങനെ നിരവധി കൺഫ്യൂഷനുകൾ ഉണ്ടാവും. വിവരങ്ങൾ വിശദമായി അറിയാം...

മൊത്തം 33,157 പോളിങ് ബൂത്തുകൾ

ഓരോ വാർഡിലും ഒന്നോ ഒന്നിലധികമോ പോളിങ് ബൂത്തുകൾ ഉണ്ടാകും. ഗ്രാമപഞ്ചായത്തിൽ 1200 വരേയും നഗരങ്ങളിൽ 1500 വരെയും സമ്മതിദായകർ പോളിങ് ബൂത്തിലുണ്ടാവും. ബ്ലോക്ക്-ജില്ല പഞ്ചായത്തുകൾക്ക് പ്രത്യേകം പോളിങ് സ്റ്റേഷൻ ഉണ്ടാവില്ല. നഗരമേഖലകളിൽ 5620 ഉം ഗ്രാമീണമേഖലകളിൽ 28137 പോളിങ് സ്‌റ്റേഷനുകളുമാണ് സജ്ജമാക്കിയിട്ടുള്ളത്.

വോട്ടു ചെയ്യാൻ വേണ്ട തിരിച്ചറിയൽ രേഖകൾ

1. കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ നൽകിയ വോട്ടർ തിരിച്ചറിയൽ കാർഡ്

2.സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷൻ നൽകിയ വോട്ടർ സ്ലിപ്പ്

3. പാസ്‌പോർട്ട്

4.ഡ്രൈവിങ് ലൈസൻസ്

5. പാൻകാർഡ്

6.ആധാർകാർഡ്

7.ഫോട്ടോപതിച്ച എസ്എസ്എൽസി

8. സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷൻ നൽകിയ തിരിച്ചറിയൽ കാർഡ്

9. ഏതെങ്കിലും ദേശസാത്കൃത ബാങ്കിൽ നിന്നും തെരഞ്ഞെടുപ്പ് തീയതിക്ക് ആറുമാസക്കാലയളവിന് മുമ്പ് നൽകിയ ഫോട്ടോ പതിച്ച പാസ്ബുക്ക്

( ഇതിന് പുറമെ സംസ്ഥാന കമ്മീഷൻ പ്രത്യേക ഉത്തരവിലൂടെ അംഗീകരിക്കുന്ന മറ്റേതെങ്കിലും തിരിച്ചറിയൽ രേഖ )

വോട്ടെടുപ്പ് സമയം

  • വോട്ടെടുപ്പ് രാവിലെ ഏഴ് മണി മുതൽ ആറ് മണിവരെയാവും. രാവിലെ ആറിന് ഹാജരായ സ്ഥാനാർഥികളുടെയോ ഏജന്റുമാരുടെയോ സാന്നിധ്യത്തിൽ മോക്‌പോൾ നടത്തും.
  • വൈകുന്നേരം ആറിന് ബൂത്തിൽ ക്യു നിൽക്കുന്നവർക്കെല്ലാം വോട്ട് ചെയ്യാം. ഇവർക്ക് പ്രിസൈഡിങ് ഓഫീസർമാർ സ്ലിപ്പ് നൽകും. ഏറ്റവും അവസാനത്തെ ആൾക്ക് ഒന്ന് എന്ന ക്രമത്തിലാകും ഇത്. വോട്ടെടുപ്പ് സമയം കഴിഞ്ഞാലും ക്യുവിലുള്ള എല്ലാവരും വോട്ട് ചെയ്യുന്നത് വരെ വോട്ടെടുപ്പ് തുടരും.

വോട്ടിങ് എങ്ങനെ ?

  • വോട്ടിങ് യന്ത്രം(ഇവിഎം) ഉപയോഗിച്ചാണ് വോട്ടെടുപ്പ്. പേപ്പർ ബാലറ്റില്ല. ഓരോ ബൂത്തിലും ഒരു പ്രിസൈഡിങ് ഓഫീസർ മൂന്ന് പോളിങ് ഓഫീസർമാരും ഉണ്ടാവും.
  • ഒരു കൺട്രോൾ യൂനിറ്റും ഒരു ബാലറ്റ് യൂനിറ്റും ചേരുന്ന സിംഗിൾ പോസ്റ്റ് ഇവിഎമ്മുകളാകും കോർപ്പറേഷനുകളിലും മുനിസിപ്പാലിറ്റിയിലും ഉപയോഗിക്കുക.
  • ത്രിതല പഞ്ചായത്തുകളിൽ മൾട്ടി പോസ്റ്റ് ഇവിഎമ്മുകളാവും. ഒരു കൺട്രോൾ യൂനിറ്റും മൂന്ന് ബാലറ്റ് യൂനിറ്റുകളുമാണ് ഇതിലുണ്ടാവുക.
  • വോട്ടിങ് കമ്പാർട്ട്‌മെന്റിൽ വെച്ച മൂന്ന് ബാലറ്റ് യൂനിറ്റുകളിൽ ആദ്യത്തേത് ഗ്രാമപഞ്ചായത്തിന്റെയാവും. തുടർന്ന്, ബ്ലോക്ക് പഞ്ചായത്ത്, ശേഷം ജില്ല പഞ്ചായത്ത് എന്ന ക്രമത്തിലാവും സജ്ജീകരിക്കുക. 16 ൽ കൂടുതൽ സ്ഥാനാർഥികൾ ഉണ്ടെങ്കിൽ മറ്റൊരു ബാലറ്റ് യൂനിറ്റ് കൂടി സജ്ജമാക്കും. എന്നാൽ, ഇത്തവണ 15 ൽ കൂടുതൽ സ്ഥാനാർഥികൾ ഒരു വാർഡിലുമില്ല.
  • കോർപ്പറേഷൻ, നഗരസഭ പരിധിയിലുള്ളവർക്ക് ഒറ്റവോട്ടായിരിക്കും.
  • വോട്ടിങ് കമ്പാർട്ട്‌മെന്റിൽ വെച്ച മൂന്ന് ബാലറ്റ് യൂനിറ്റുകളിൽ ഗ്രാമപഞ്ചായത്ത്, ബ്ലോക്ക് പഞ്ചായത്ത്, ജില്ല പഞ്ചായത്ത് എന്ന ക്രമത്തിലാവും.
  • ആദ്യത്തെ ബാലറ്റ് യൂനിറ്റിൽ ഗ്രാമപഞ്ചായത്ത് വാർഡിൽ മത്സരിക്കുന്ന സ്ഥാനാർഥികളുടെ പേരും അവരുടെ ചിഹ്നവും ആയിരിക്കും. പഞ്ചായത്തിലേക്കുള്ള ബാലറ്റ് യൂനിറ്റിന് വെള്ളനിറത്തിലുള്ള ലേബൽ ആയിരിക്കും പതിച്ചിരിക്കുന്നത്. ബ്ലോക്ക് പഞ്ചായത്ത് ബാലറ്റ് യൂനിറ്റിൽ പിങ്ക് നിറത്തിലുള്ള ലേബലായിരിക്കും. ജില്ല പഞ്ചായത്തിലേക്കുള്ള ബാലറ്റ് യൂനിറ്റിൽ ഇളം നീല നിറത്തിലുള്ള ലേബലായിരിക്കും പതിച്ചിരിക്കുന്നത്.
  • വോട്ട് ചെയ്യാൻ ആഗ്രഹമുള്ള സ്ഥാനാർഥിയുടെ ചിഹ്നത്തിന് നേരെയുള്ള ബട്ടണിൽ അമർത്തിയാൽ ബീപ് ശബ്ദം കേൾക്കാം

നോട്ടയില്ല, വിവിപാറ്റും

തദ്ദേശ തെരഞ്ഞെടുപ്പിൽ നോട്ടക്ക് വോട്ടുചെയ്യാനാകില്ല. നിയമസഭ, ലോക്‌സഭ തെരഞ്ഞെടുപ്പുകളിൽ മത്സരിക്കുന്ന സ്ഥാനാർഥികളിലാർക്കും വോട്ട് ചെയ്യുന്നില്ലെങ്കിൽ നോട്ടക്ക് ചെയ്യാം. എന്നാൽ, പഞ്ചായത്തീരാജ്-മുനിസിപ്പാലിറ്റി നിയമങ്ങളിൽ നോട്ടക്ക് വ്യവസ്ഥയില്ല. അതുകൊണ്ട് തന്നെ തെരഞ്ഞെടുപ്പിൽ ഉൾപ്പെടുത്തിയിട്ടില്ല. ഗ്രാമ,ബ്ലോക്ക്, ജില്ല പഞ്ചായത്ത് സ്ഥാനാർഥികളിൽ ആർക്കും വേട്ട് ചെയ്യാൻ താൽപര്യമില്ലെങ്കിൽ എൻഡ് ബട്ടൺ അമർത്തി മടങ്ങാം. ജില്ലാ പഞ്ചായത്തിലേക്കുള്ള ബാലറ്റിന്റെ അവസാനമാണ് എൻഡ് ബട്ടൺ ഉള്ളത്. ഇഷ്ടമുള്ള സ്ഥാനാർഥിക്ക് വോട്ട് ചെയ്ത ശേഷം എൻഡ് ബട്ടൺ അമർത്താനും അവസരമുണ്ട്.

Similar Posts