< Back
Kerala
Human Rights Commission orders thorough investigation into cancer medicine change incident

Photo| Special Arrangement

Kerala

കാൻസർ മരുന്ന് മാറി നൽകിയ സംഭവം: സമഗ്രാന്വേഷണത്തിന് ഉത്തരവിട്ട് മനുഷ്യാവകാശ കമ്മീഷൻ

Web Desk
|
10 Oct 2025 5:50 PM IST

മൂന്നാഴ്ചയ്ക്കകം അന്വേഷണ റിപ്പോർട്ട് സമർപ്പിക്കണം. ആരുടെ ഭാഗത്താണ് വീഴ്ചയെന്ന് കണ്ടെത്തണം.

തിരുവനന്തപുരം: റീജ്യണൽ കാൻസർ സെന്ററിൽ തലച്ചോറിലെ കാൻസറിനു ചികിത്സയിലുള്ളവർക്ക് ശ്വാസകോശ കാൻസർ ബാധിതർക്കുള്ള കീമോതെറാപ്പി ഗുളികകൾ മാറി നൽകിയെന്ന പരാതിയിൽ സമഗ്രാന്വേഷണത്തിന് ഉത്തരവിട്ട് സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ.

സംസ്ഥാന ഡ്രഗ്സ് കൺട്രോളർക്കാണ് അന്വേഷണ ചുമതല. മൂന്നാഴ്ചയ്ക്കകം അന്വേഷണ റിപ്പോർട്ട് സമർപ്പിക്കണമെന്ന് കമ്മീഷൻ ചെയർപേഴ്സൺ ജസ്റ്റിസ് അലക്സാണ്ടർ തോമസ് നിർദേശിച്ചു. ആരുടെ ഭാഗത്താണ് വീഴ്ചയെന്ന് കണ്ടെത്തണം.

വീഴ്ച സംഭവിച്ചിട്ടുണ്ടെങ്കിൽ ഡ്രഗ്സ് ആന്റ് കോസ്മെറ്റിക്സ് നിയമത്തിലെ വ്യവസ്ഥകളുടെ അടിസ്ഥാനത്തിൽ ഡ്രഗ്സ് കൺട്രോളർ സ്വീകരിച്ച നടപടികളുടെ വിശദാംശങ്ങളും കമ്മീഷനെ അറിയിക്കണം. മരുന്ന് മാറി നൽകിയെന്ന് ആരോപണം ഉയർന്ന സാഹചര്യത്തിൽ ആർസിസി ഡയറക്ടറും സമഗ്രാന്വേഷണം നടത്തി മൂന്നാഴ്ചയ്ക്കകം റിപ്പോർട്ട് സമർപ്പിക്കണം.

നവംബർ ആറിന് രാവിലെ 10ന് കമ്മീഷൻ ആസ്ഥാനത്ത് ജസ്റ്റിസ് അലക്സാണ്ടർ തോമസ് നടത്തുന്ന സിറ്റിങ്ങിൽ ഡ്രഗ്സ് കൺട്രോളറുടെയും ആർസിസി ഡയറക്ടറുടേയും പ്രതിനിധികൾ നേരിട്ട് ഹാജരായി വസ്തുതകൾ ധരിപ്പിക്കണമെന്നും ഉത്തരവിൽ പറയുന്നു. പത്രവാർത്തയുടെ അടിസ്ഥാനത്തിൽ കമ്മീഷൻ സ്വമേധയാ രജിസ്റ്റർ ചെയ്ത കേസിലാണ് നടപടി.

മരുന്ന് മാറി നൽകിയതിൽ മരുന്ന് കമ്പനിക്ക് ഗുരുതര വീഴ്ചയെന്ന് കണ്ടെത്തിയതിനെ ​ഗുജറാത്ത് ആസ്ഥാനമായ ഗ്ലോബെല ഫാർമ കമ്പനിയെ ആശുപത്രി കരിമ്പട്ടികയിൽപ്പെടുത്തി. മരുന്ന് നൽകിയ രോഗികളെ ബന്ധപ്പെടാനുള്ള ശ്രമം ആരംഭിച്ചതായും ആശുപത്രി അധികൃതർ പറഞ്ഞിരുന്നു. മരുന്ന് പായ്ക്ക് ചെയ്തതിലുണ്ടായ പിഴവാണ് ഇതിന് കാരണമെന്നാണ് ആശുപത്രി അധികൃതരുടെ വിശദീകരണം.

Similar Posts