< Back
Kerala
I have been hunted for relentlessly criticizing the RSS; BJP does not have that approach against the Chief Minister of Kerala: Rahul Gandhi, Lok Sabha 2024, Elections 2024,

രാഹുല്‍ ഗാന്ധി

Kerala

'വിശ്രമമില്ലാതെ ആർ.എസ്.എസ്സിനെ വിമർശിച്ചതിന് വേട്ടയാടപ്പെട്ടയാളാണ് ഞാൻ; കേരളത്തിന്റെ മുഖ്യമന്ത്രിക്കെതിരെ ബി.ജെ.പിക്ക് ആ സമീപനമില്ല'

Web Desk
|
15 April 2024 10:48 PM IST

ആർ.എസ്.എസ്സിനും നരേന്ദ്ര മോദിക്കുമുള്ള കേരളത്തിന്റെ മറുപടിയാണ് അബ്ദുറഹീമിന്റെ മോചനത്തിനു വേണ്ടി നടന്ന ധനസമാഹരണമെന്നും രാഹുൽ

കോഴിക്കോട്: വിശ്രമമില്ലാതെ ആർ.എസ്.എസ്, ബി.ജെ.പി ആശയങ്ങളെ വിമർശിച്ചതിന് വേട്ടയാടപ്പെട്ടയാളാണ് താനെന്ന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. കേരളത്തിലെ മുഖ്യമന്ത്രിക്കെതിരെ ബി.ജെ.പി ഇത്തരം സമീപനം സ്വീകരിക്കുന്നില്ല. എനിക്കെതിരെയുള്ള വിമർശനത്തിന്റെ പകുതിയെങ്കിലും ബി.ജെ.പിയെയും വിമർശിക്കാൻ അദ്ദേഹം തയാറാകണമെന്നും മുഖ്യമന്ത്രി പിണറായി വിജയനെ ഉന്നമിട്ട് രാഹുൽ പറഞ്ഞു.

ലോക്‌സഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി കോഴിക്കോട്ട് നടന്ന യു.ഡി.എഫ് മഹാറാലിയിൽ സംസാരിക്കുകയായിരുന്നു രാഹുൽ ഗാന്ധി. വിശ്രമമില്ലാതെ ആർ.എസ്.എസ്-ബി.ജെ.പി വിമർശനം നടത്തുന്നയാളാണു ഞാൻ. അതിന്റെ പേരിൽ അവർ എന്നെ വേട്ടയാടി. ലോക്‌സഭാ അംഗത്വം റദ്ദാക്കി. അന്വേഷണ ഏജൻസികൾ ചോദ്യം ചെയ്തു. ഇതുകൊണ്ടൊന്നും അവർക്കെതിരെയുള്ള വിമർശനം ഞാൻ നിർത്തില്ല. ഇത് ആർ.എസ്.എസ്-ബി.ജെ.പി ആശയത്തിന് എതിരെയുള്ള പോരാട്ടമാണ്. എന്നെ ഇങ്ങനെ ബി.ജെ.പി വേട്ടയാടുന്നുവെന്നും രാഹുൽ പറഞ്ഞു.

എന്തുകൊണ്ട് കേരളത്തിലെ മുഖ്യമന്ത്രിക്കെതിരെ ബി.ജെ.പി ഇത്തരം സമീപനം സ്വീകരിക്കുന്നില്ല. മറ്റ് സംസ്ഥാനങ്ങളിൽ പലവിധ വേട്ടയാടൽ പ്രതിപക്ഷ നേതാക്കൾ നേരിടുന്നു. കേരളത്തിന്റെ മുഖ്യമന്ത്രി ബി.ജെ.പിയെ വിമർശിക്കുന്നില്ല. എല്ലായ്‌പ്പോഴും എനിക്കെതിരെ വിമർശം ഉന്നയിക്കുന്നു. എന്നെ വിമർശിക്കുന്നത്തിൽ പ്രശ്‌നമില്ല. പക്ഷേ, എനിക്കെതിരെയുള്ള വിമർശനത്തിന്റെ പകുതിയെങ്കിലും ബി.ജെ.പിക്കെതിരെയും മുഖ്യമന്ത്രി വിമർശിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

സൗദി ജയിലിലുള്ള അബ്ദുറഹീമിന് വേണ്ടിയുള്ള ധനസമാഹരണത്തെയും പ്രസംഗത്തിൽ അദ്ദേഹം പരാമർശിച്ചു. ആർ.എസ്.എസ്സിനും നരേന്ദ്ര മോദിക്കുമുള്ള കേരളത്തിന്റെ മറുപടിയാണിതെന്ന് രാഹുൽ പറഞ്ഞു. രാജ്യം കണ്ട ഏറ്റവും വലിയ തട്ടിപ്പുകളിൽ ഒന്നാണ് ഇലക്ടറൽ ബോണ്ടെന്നും പ്രധാനമന്ത്രി സ്വന്തം നിലയ്ക്കാണ് ഇതു രൂപകൽപന ചെയ്തതെന്നും അദ്ദേഹം ആരോപിച്ചു. ഇന്ത്യയുടെ പൗരത്വത്തിന്റെ അടിസ്ഥാനം മതമാകില്ലെന്നും രാഹുൽ വ്യക്തമാക്കി.

കേരളത്തിന്റെ ആത്മാവ് എന്താണെന്ന് ലോകത്തിന് കാണിച്ചുകൊടുക്കുന്ന സംഭവമായിരുന്നു അബ്ദുറഹീമിനു വേണ്ടിയുള്ള ധനസമാഹരണമെന്ന് അദ്ദേഹം പറഞ്ഞു. മത, ജാതി ഭേദമന്യേ എല്ലാവരും റഹീമിന്റെ മോചനത്തിനായി പ്രവർത്തിച്ചു. ആരും അയാളുടെ മതം നോക്കിയില്ലെന്നും രാഹുൽ അഭിപ്രായപ്പെട്ടു.

''പ്രധാനമന്ത്രി ഒരൊറ്റ രാജ്യം, ഒരു നേതാവ്, ഒരു ഭാഷ എന്നു പറയുന്നു. കേരളത്തിൽ മലയാളമാണ്, അത്തരം ഭാഷ സംസാരിക്കുന്നവരെ അപമാനിക്കുന്ന പ്രസ്താവന. പല സംസ്‌കാരങ്ങളുള്ള രാജ്യമാണിത്. പ്രധാനമന്ത്രിക്ക് രാജ്യത്തിന്റെ സവിശേഷത മനസ്സിലായിട്ടില്ല. വൈവിധ്യമാണ് രാജ്യത്തിന്റെ ശക്തിയെന്നു പ്രധാനമന്ത്രിക്ക് മനസ്സിലാകുന്നില്ല.''

ഇലക്ടറൽ ബോണ്ട് രാഷ്ട്രീയത്തിൽ സുതാര്യത കൊണ്ടുവരുമെന്നാണ് പ്രധാനമന്ത്രി പറയുന്നത്. പക്ഷേ, രാജ്യത്തിന്റെ പരമോന്നത കോടതി അത് നിയമവിരുദ്ധമാണെന്നു കണ്ടെത്തി. ബി.ജെ.പിക്ക് ഇലക്ടറൽ ബോണ്ട് വഴി പണം നൽകിയവരുടെ വിവരങ്ങൾ പുറത്തുവരാതിരിക്കാൻ അവർ ശ്രമിച്ചു. എന്തുകൊണ്ടാണ് ഈ വിവരങ്ങൾ പുറത്തുവരുന്നതിൽ ഭയം?

ദുരൂഹമായ ഇടപാടുകളാണ് ഇലക്ടറൽ ബോണ്ട് വഴി നടന്നിട്ടുള്ളത്. ബി.ജെ.പിക്ക് പണം നൽകിയതിനു പല കമ്പനികൾക്കും വഴിവിട്ട സഹായം ലഭിച്ചു. ഇലക്ടറൽ ബോണ്ട് രാഷ്ട്രീയം സുതാര്യമാക്കാനല്ല. രാജ്യം കണ്ട ഏറ്റവും വലിയ തട്ടിപ്പുകളിൽ ഒന്നാണ്. പ്രധാനമന്ത്രി സ്വന്തം നിലയ്ക്കാണ് ഇത് രൂപകൽപന ചെയ്തത്. രാജ്യത്തെ ജനങ്ങളുടെ പണം കോർപ്പറേറ്റുകൾക്ക് എത്തിക്കാനാണ് ബി.ജെ.പി ശ്രമം.

സർക്കാരിന്റെ ജനദ്രോഹനയങ്ങൾ കോൺഗ്രസ് തിരുത്തും. ആദ്യം രാജ്യത്തെ വനിതകളെ ശാക്തീകരിക്കും. സ്ത്രീകളാണ് രാജ്യത്തെ അടിത്തറയുടെ കരുത്ത്. ദാരിദ്ര്യരേഖയ്ക്കു താഴെയുള്ള കുടുംബങ്ങളിലെ സ്ത്രീകൾക്ക് എല്ലാമാസവും ബാങ്ക് അക്കൗണ്ടിൽ പണം നൽകും. സർക്കാർ ജോലികളിൽ 50 ശമതാനം സ്ത്രീ സംവരണം കൊണ്ടുവരും.

ബി.ജെ.പി സർക്കാർ കോർപ്പറേറ്റുകളുടെ ലോണുകളാണ് എഴുതിത്തള്ളുന്നത്. കോൺഗ്രസ് കർഷകരുടെ ബാങ്ക് ലോണുകൾക്കാണ് ഇളവ് നൽകുക. രാജ്യത്തെ ഓരോ കർഷകനും അവരുടെ അധ്വാനത്തിന്റെ പ്രതിഫലം തിരികെ നൽകും. ഇൻഡ്യ മുന്നണി അധികാരത്തിൽ വന്നാൽ സൈന്യത്തെ ദുർബലപ്പെടുത്തുന്ന അഗ്‌നിവീർ പദ്ധതി നിർത്തലാക്കും. ഇന്ത്യയുടെ പൗരത്വത്തിന്റെ അടിസ്ഥാനം മതമാകില്ലെന്നും ഇന്ത്യ എന്ന ആശയം മാത്രമായിരിക്കുമെന്നും രാഹുൽ ഗാന്ധി കൂട്ടിച്ചേർത്തു.

Summary: I have been hunted for relentlessly criticizing the RSS; BJP does not have that approach against the Chief Minister of Kerala: Rahul Gandhi

Similar Posts