
'ഞാൻ മത്സരിക്കുന്നില്ല, മുഖ്യമന്ത്രി മത്സരിക്കുന്നുണ്ട്'; എം.വി ഗോവിന്ദൻ
|പിബിയിൽ നിന്ന് ഒരാൾ മാത്രമേ മത്സരത്തിനുണ്ടാകൂ
കണ്ണൂര്‍: നിയമസഭ തെരഞ്ഞെടുപ്പിലെ സ്ഥാനാർഥി നിർണയത്തിൽ ഉറപ്പായി ജയിക്കുന്ന സ്ഥലത്ത് സിപിഎം രണ്ട് ടേം വ്യവസ്ഥ ഉണ്ടാകുമെന്ന് സംസ്ഥാനസെക്രട്ടറി എംവി ഗോവിന്ദൻ. ഒരാഴ്ചയോടെ സ്ഥാനാർഥി നിർണയം പൂർത്തിയാകും. താൻ ഇത്തവണ മത്സര രംഗത്ത് ഇല്ലെന്നും അദ്ദേഹം വ്യക്തമാക്കി.
പിബിയിൽ നിന്ന് ഒരാൾ മാത്രമേ മത്സരത്തിനുണ്ടാകൂ. ജി.സുധാകരൻ മത്സരിക്കുമോ എന്ന ചോദ്യത്തിന് ഒരു പരിഗണനയും ഇല്ലെന്നായിരുന്നു സംസ്ഥാന സെക്രട്ടറിയുടെ മറുപടി. മുഖ്യമന്ത്രി മത്സരിക്കും. പാര്‍ട്ടി സെക്രട്ടറിമാരായിട്ട് നിൽക്കുമ്പോൾ മത്സര രംഗത്തുണ്ടാകില്ല. ഇനിയിപ്പോൾ മത്സരിക്കുന്നുണ്ടെങ്കിൽ സെക്രട്ടറി സ്ഥാനത്ത് നിന്ന് മാറിയിട്ട് വേണം മത്സരിക്കാനെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
അമേരിക്കയും ഇസ്രായേലും ചേർന്ന് ലോകം കത്തിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. പശ്ചിമേഷ്യയിലെ യുദ്ധക്കെടുതി കേരളത്തെ നേരിട്ട് ബാധിക്കുമെന്നും ഗോവിന്ദൻ ചൂണ്ടിക്കാട്ടി.
വീണ ജോർജിനെതിരെ കള്ളപ്രചാരവേല നേരത്തെ നടക്കുന്നുണ്ട്. ചില ചാനലുകളിൽ വാർത്ത ചമയ്ക്കാൻ പ്രത്യേക സംവിധാനം രൂപപ്പെടുത്തി. പത്രപ്രവർത്തന ലോകത്ത് നിന്നും സാമൂഹ്യ പ്രവർത്തനത്തിലേക്ക് വന്നവരാണ് അവർ. അവർക്കെതിരെ വലിയ പ്രചരണം നടത്തുന്നു. മത്സരിക്കുന്ന ഘട്ടങ്ങളിലൊക്കെ കള്ളപ്രചാരവേലാ പരമ്പരകൾ സൃഷ്ടിച്ചു. അതിനെയൊക്കെ അതിജീവിച്ച വിജയമാണ് നേടിയതെന്നും പറഞ്ഞു.