
'പുതിയ ആളുകൾ വരുമ്പോൾ അവസരം നിഷേധിക്കാന്‍ പാടില്ല, ലീഗിന്‍റേത് മികച്ച സ്ഥാനാർഥി പട്ടിക'; എം.കെ മുനീർ
|കോഴിക്കോട് സൗത്തിൽ ഫൈസൽ ബാബുവിനെ ജയിപ്പിക്കേണ്ട ഉത്തരവാദിത്തം ഉണ്ടെന്നും മുനീര്‍ പറഞ്ഞു
കോഴിക്കോട്: നിയമസഭാ തെരഞ്ഞെടുപ്പില്‍ ലീഗിന്റേത് മികച്ച സ്ഥാനാർഥി പട്ടികയാണെന്ന് എം.കെ മുനീര്‍. നല്ല സ്ഥാനാര്‍ഥി പട്ടികയാണ് തങ്ങൾ പ്രഖ്യാപിച്ചതെന്നും യുവാക്കൾക്കും വനിതകൾക്കും അർഹമായ പ്രതിനിധ്യം ലഭിച്ചെന്നും മുനീര്‍ മാധ്യമങ്ങളോട് പ്രതികരിച്ചു.
'പാർട്ടി തീരുമാനം സ്വാഗതം ചെയ്യുന്നു.പാർട്ടി പറഞ്ഞാൽ സ്വീകരിക്കാൻ ബാധ്യസ്ഥനായിട്ടുള്ള ആളാണ് ഞാൻ . രണ്ടു തവണ മന്ത്രിയായിട്ടുണ്ട്. പാര്‍ട്ടി ഒരുപാട് അംഗീകാരങ്ങള്‍ നല്‍കിയിട്ടുണ്ട്. പുതിയ ആളുകൾ വരുമ്പോൾ അവര്‍ക്ക് അവസരം നിഷേധിക്കാന്‍ പാടില്ല,തലമുറകള്‍ കൈമാറി പോകേണ്ടതാണ് രാഷ്ട്രീയം. കോഴിക്കോട് സൗത്തിൽ ഫൈസൽ ബാബുവിനെ ജയിപ്പിക്കേണ്ട ഉത്തരവാദിത്തം എനിക്കുണ്ട്. ഫൈസല്‍ ബാബു ദേശീയ രാഷ്ട്രീയത്തില്‍ തിളങ്ങിയ വ്യക്തിയാണ്. സൈബർ ആക്രമണങ്ങൾ കാര്യമാക്കുന്നില്ല. അവസാന ശ്വാസം വരെ ഈ പാർട്ടിയിൽ ഉണ്ടാകും. പ്രചാരണ രംഗത്ത് സജീവമാകും'- മുനീര്‍ പറഞ്ഞു.
രണ്ട് വനിതകൾ ഉൾപ്പെടെ യുവപ്രാതിനിധ്യം ഉറപ്പാക്കിയാണ് ഇന്ന് മുസ്‍ലിം ലീഗ് സ്ഥാനാർഥി പട്ടിക പ്രഖ്യാപിച്ചത്. ഫാത്തിമ തെഹ്‍ലിയ പേരാമ്പ്ര മണ്ഡലത്തിലും കൂത്തുപറമ്പ് ജയന്തി രാജനും മത്സരിക്കും. എംഎസ്എഫ് യൂത്ത് ലീഗ് സംസ്ഥാന അധ്യക്ഷമാരും സ്ഥാനാർഥി പട്ടികയിലുണ്ട്. മലപ്പുറത്ത് പി.കെ കുഞ്ഞാലിക്കുട്ടിയും വേങ്ങരയിൽ കെ.എം ഷാജിയും മത്സരിക്കും.