< Back
Kerala
sayyid sadikali thangal
Kerala

'ഞാൻ കേട്ടിട്ടില്ല'; ജാമിഅ സമ്മേളനത്തിൽ യുവനേതാക്കളെ വെട്ടിയെന്ന ആരോപണത്തിൽ സാദിഖലി തങ്ങൾ

Web Desk
|
3 Jan 2024 12:40 PM IST

ജാമിഅ നൂരിയ്യ സനദ് ദാന സമ്മേളനത്തിൽനിന്ന് അബ്ദുൽ ഹമീദ് ഫൈസി അമ്പലക്കടവ് അടക്കമുള്ളവരെ ഒഴിവാക്കിയതാണ് വിവാദങ്ങൾക്ക് വഴിവച്ചത്

മലപ്പുറം: പട്ടിക്കാട് ജാമിഅ നൂരിയ്യ സനദ് ദാന സമ്മേളനത്തിൽ സമസ്ത യുവനേതാക്കളെ ഒഴിവാക്കിയെന്ന ആരോപണത്തില്‍ പ്രതികരിച്ച് സാദിഖലി ശിഹാബ് തങ്ങൾ. ഇതേക്കുറിച്ച് താൻ കേട്ടിട്ടില്ല എന്നായിരുന്നു സാദിഖലി തങ്ങളുടെ പ്രതികരണം. ഇക്കാര്യത്തിൽ കൂടുതൽ സംസാരിക്കാൻ അദ്ദേഹം തയ്യാറായില്ല.

'പട്ടിക്കാട് ജാമിഅ നൂരിയ്യ സമ്മേളനത്തിൽ യുവനേതാക്കളെ വെട്ടി എന്ന ഒരാരോപണം സമസ്തയിലെ ഒരു വിഭാഗം ഉന്നയിക്കുന്നുണ്ട്. മുമ്പ് പ്രഭാഷകരായി ഉണ്ടായിരുന്ന ആളുകളൊന്നും ഇത്തവണ ലിസ്റ്റിലില്ല എന്നാണ് ഉന്നയിക്കപ്പെടുന്ന ആരോപണം.' -എന്നായിരുന്നു മാധ്യമങ്ങളുടെ ചോദ്യം. ഇതിനോട് ചിരിച്ചു കൊണ്ട് 'ഞാൻ കേട്ടിട്ടില്ല' എന്ന മറുപടിയാണ് സാദിഖലി തങ്ങൾ നൽകിയത്.

ജാമിഅ സമ്മേളനത്തിൽ നിന്ന് സുന്നി യുവജന സംഘം (എസ്.വൈ.എസ്) വർക്കിങ് ജനറൽ സെക്രട്ടറി അബ്ദുൽ ഹമീദ് ഫൈസി അമ്പലക്കടവ്, എസ്കെഎസ്എസ്എഫ് നേതാവ് സത്താര്‍ പന്തല്ലൂര്‍ തുടങ്ങിയവരെ ഒഴിവാക്കിയതാണ് വിവാദങ്ങൾക്ക് വഴിവച്ചത്. മുസ്‌ലിം ലീഗ് നേതൃത്വത്തോട് അടുപ്പം പുലർത്തുന്ന നാസർ ഫൈസി കൂടത്തായി അടക്കമുള്ള എസ്‌വൈഎസ് നേതാക്കളെ ക്ഷണിച്ചിട്ടുമുണ്ട്. ലീഗ് നേതൃത്വത്തിന്റെ അറിവോടെയാണ് ഹമീദ് ഫൈസി അടക്കമുള്ളവരെ വെട്ടിയത് എന്നാണ് ഒരു വിഭാഗം ആരോപിക്കുന്നത്.

സ്ഥാപനത്തിൽനിന്ന് പഠിച്ചിറങ്ങിയ ചില പൂർവ്വ വിദ്യാർത്ഥികള്‍ ഹമീദ് ഫൈസിക്കു വേണ്ടി സമൂഹമാധ്യമങ്ങളിൽ ശബ്ദമുയർത്തുന്നുണ്ട്. യുഎഇ ഓസ്‌ഫോജന നാഷണൽ കമ്മിറ്റി, എസ്‌കെഎസ്എസ്എഫ് ദുബായ് കമ്മിറ്റികൾ പ്രതിഷേധം പരസ്യമായി അറിയിച്ചു. സ്ഥാപനത്തിനു വേണ്ടി നടക്കുന്ന പണപ്പിരിവിൽ സഹകരിക്കില്ലെന്ന് ചിലർ അറിയിച്ചിട്ടുണ്ട്. ഇതുമായി ബന്ധപ്പെട്ട വോയ്‌സ് ക്ലിപ്പുകൾ വാട്‌സ് ആപ്പ് അടക്കമുള്ള സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്.

സമസ്തയിൽ ഷജറ എന്ന പേരിൽ പ്രവർത്തിക്കുന്ന അനൗദ്യോഗിക വിഭാഗത്തിന്റെ നേതാക്കളിൽ ഒരാളായാണ് അബ്ദുൽ ഹമീദ് ഫൈസി വിലയിരുത്തപ്പെടുന്നത്. മുസ്‌ലിം ലീഗ് നേതൃത്വവുമായി അകലം പാലിക്കുന്ന വിഭാഗമാണിത്. വാഫി വിദ്യാഭ്യാസ സംവിധാനവുമായി ബന്ധപ്പെട്ട വിവാദത്തിന് ശേഷമാണ് ഈ സംഘം പരസ്യമായി സമൂഹമാധ്യമങ്ങളിൽ സജീവമാകുന്നത്.




Similar Posts