
ഐബി ഉദ്യോഗസ്ഥയുടെ മരണം: പ്രതി സുകാന്ത് കീഴടങ്ങി
|എറണാകുളം ഡിസിപി ഓഫീസിലാണ് കീഴടങ്ങിയത്
കൊച്ചി: തിരുവനന്തപുരത്തെ എമിഗ്രേഷൻ ജീവനക്കാരിയുടെ മരണത്തിൽ സഹപ്രവർത്തകൻ സുകാന്ത് സുരേഷ് കീഴടങ്ങി. എറണാകുളം ഡിസിപി ഓഫീസിലാണ് പ്രതി കീഴടങ്ങിയത്. സുകാന്തിന്റെ മുൻകൂർ ജാമ്യ അപേക്ഷ ഹൈക്കോടതി തള്ളിയിരുന്നു. സുകാന്തിനോട് കീഴടങ്ങണമെന്നും കോടതി നിർദേശിച്ചുിരുന്നു.
ഐബി ഉദ്യോഗസ്ഥയുടെ ആത്മഹത്യയിൽ നേരത്തെ സുകാന്തിനെ ജോലിയിൽ നിന്നും പിരിച്ചുവിട്ടിരുന്നു. ഐബി ഉദ്യോഗസ്ഥനാണ് സുകാന്ത്. കേസിൽ പ്രതിയായതോടെ വകുപ്പുതല അന്വേഷണം നടത്തിയാണ് നടപടിയെടുത്തത്. സുകാന്തിനെതിരെ കേസെടുത്തെന്ന് പൊലീസ് ഐബിയെ അറിയിച്ചിരുന്നു.
തിരുവനന്തപുരം രാജ്യാന്തര വിമാനത്താവളത്തിലെ എമിഗ്രേഷൻ ഇന്റലിജൻസ് ബ്യൂറോ ഉദ്യോഗസ്ഥയെ മാർച്ച് 24നാണ് റെയിൽവേ പാളത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. യുവതിയുടെ ആത്മഹത്യയ്ക്കു പിന്നാലെ സഹപ്രവർത്തകൻ സുകാന്തിനെതിരെ ഗുരുതര ആരോപണങ്ങളുമായി ഉദ്യോഗസ്ഥയുടെ കുടുംബം രംഗത്തെത്തിയിരുന്നു. യുവതിയെ സുകാന്ത് സാമ്പത്തികമായും ലൈംഗികമായും ചൂഷണം ചെയ്തുവെന്ന് ആരോപിച്ച കുടുംബം ഇതിനുള്ള തെളിവുകളും പൊലീസിന് കൈമാറിയിരുന്നു.
മകളുടെ അക്കൗണ്ടില്‍ നിന്നും സുകാന്തിന്റെ അക്കൗണ്ടിലേക്ക് പണം കൈമാറിയ വിവരം ബന്ധുക്കള്‍ വെളിപ്പെടുത്തിയതോടെയാണ് പൊലീസ് സുകാന്തിനെതിരെ അന്വേഷണം ശക്തമാക്കിയത്. പിന്നാലെയാണ് സുകാന്ത് ഹൈക്കോടതിയില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കിയത്. യുവതിയുടെ മരണശേഷം ഒളിവിൽ പോയ സുകാന്തിനെ ഇനിയും പൊലീസിനെ കണ്ടെത്താനായിട്ടില്ല.