< Back
Kerala
idukki landslide

ശാന്തന്‍പാറ ഉരുള്‍പൊട്ടല്‍ 

Kerala

ഉരുൾപൊട്ടല്‍; ശാന്തൻപാറയിൽ വ്യാപക കൃഷി നാശം,50 ഏക്കറിലെ കൃഷി നശിച്ചു

Web Desk
|
7 Nov 2023 6:52 AM IST

കർഷകർക്ക് നഷ്ടപരിഹാരം നൽകാനുള്ള നടപടികൾ കൃഷി വകുപ്പ് തുടങ്ങി

ഇടുക്കി: ഉരുൾപൊട്ടലുണ്ടായ ഇടുക്കി ശാന്തൻപാറയിൽ വ്യാപക കൃഷി നാശം. അമ്പത് ഏക്കർ സ്ഥലത്തെ കൃഷി നശിച്ചു. കർഷകർക്ക് നഷ്ടപരിഹാരം നൽകാനുള്ള നടപടികൾ കൃഷി വകുപ്പ് തുടങ്ങി. മണ്ണിടിച്ചിൽ ഭീഷണി നിലനിൽക്കുന്ന പ്രദേശത്ത് ജനജീവിതം സാധാരണ രീതിയിലാകാൻ സമയമെടുത്തേക്കും.

കഴിഞ്ഞ ദിവസം പെയ്ത അതിശക്തമായ മഴയിൽ ഉരുൾപൊട്ടലുണ്ടായ പേത്തൊട്ടിയിലും മണ്ണിടിച്ചിലുണ്ടായ പുത്തടിയിലുമാണ് കൂടുതൽ കൃഷിനാശമുണ്ടായത്. അമ്പത് ഏക്കറിൽ 22 ഏക്കർ കൃഷി ഭൂമി പൂർണ്ണമായി ഒലിച്ചുപോയി. കൃഷിയിടത്തിൽ പതിച്ച കൂറ്റൻ കല്ലുകളും വൻ മരങ്ങളും നീക്കം ചെയ്യുകയെന്നതാണ് കർഷകർ നേരിടുന്ന പ്രധാന വെല്ലുവിളി. 25 കർഷകരെ മഴക്കെടുതി പ്രതികൂലമായി ബാധിച്ചെന്നാണ് കൃഷിവകുപ്പിന്‍റെ പ്രാഥമിക വിലയിരുത്തൽ.

കൃഷിയിടം നഷ്ടപ്പെട്ട നാല് ഏക്കറിൽ താഴെയുള്ള ചെറുകിട കർഷകർക്ക് ഹെക്ടറിന് 47,000 രൂപ വരെ ധനസഹായം ലഭിക്കും. പാട്ടത്തിനെടുത്ത സ്ഥലമാണെങ്കിൽ സ്ഥലമുടമക്കും കൃഷിനാശമുണ്ടായതിന് കർഷകനുമായിരിക്കും നഷ്ടപരിഹാരം നൽകുക. നടപടികൾ വേഗത്തിലാക്കണമെന്നാണ് കർഷകരുടെ ആവശ്യം.



Similar Posts