< Back
Kerala
ഇടുക്കി നെടുങ്കണ്ടം സണ്ണിയെ പ്രതികൾ മനപൂർവം കൊലപ്പെടുത്തിയതെന്ന് പൊലീസ്
Kerala

ഇടുക്കി നെടുങ്കണ്ടം സണ്ണിയെ പ്രതികൾ മനപൂർവം കൊലപ്പെടുത്തിയതെന്ന് പൊലീസ്

Web Desk
|
18 Aug 2023 2:44 PM IST

കഴിഞ്ഞ ചൊവ്വാഴ്ച രാത്രിയിലാണ് മാവടി സ്വദേശി പ്ലാക്കൽ സണ്ണി വെടിയേറ്റ് മരിച്ചത്.

ഇടുക്കി: ഇടുക്കി നെടുങ്കണ്ടം സ്വദേശി സണ്ണിയെ പ്രതികൾ മനപൂർവം കൊലപ്പെടുത്തിയതെന്ന് പൊലീസ് നിഗമനം. ചാരായം വാറ്റിയ കേസിൽ പ്രതികൾക്കെതിരെ സണ്ണി പൊലീസിനു വിവരം നൽകിയതാണ് കൊലയ്ക്ക് കാരണം. പിടിയിലായ സജിയാണ് സണ്ണിയെ വെടി വച്ചതെന്നും പൊലീസ് പറഞ്ഞു. കട്ടപ്പന ഡി.വൈ.എസ്.പി വി.എ നിഷാദ് മോൻ്റെ നേതൃത്വത്തിൽ കസ്റ്റഡിയിലെടുത്ത പ്രതികളെ സംഭവ സ്ഥലത്തെത്തിച്ച് തെളിവെടുപ്പ് നടത്തി.

മാവടി സ്വദേശികളായ സജി ജോണ്‍, ബിനു, മുനിയറ സ്വദേശി വിനീഷ് എന്നിവരാണ് അറസ്റ്റിലായത്. കഴിഞ്ഞ ചൊവ്വാഴ്ച രാത്രിയിലാണ് മാവടി സ്വദേശി പ്ലാക്കൽ സണ്ണി വെടിയേറ്റ് മരിച്ചത്. പൊലീസ് നടത്തിയ പ്രാഥമിക പരിശോധനയിൽ ഇക്കാര്യം സ്ഥിരീകരിക്കുകയും ചെയ്തു. തുടർ പരിശോധനയിൽ മൃതദേഹത്തിൽ നിന്നു നാടൻ തോക്കിൽ ഉപയോഗിക്കുന്ന തിരയ്ക്ക് സമാനമായ ലോഹ ഭാഗവും കണ്ടെത്തി.

സണ്ണി കിടന്ന കട്ടിലിനോട് ചേർന്നുള്ള അടുക്കള വാതിലിൽ തറച്ചു കയറിയ അഞ്ചു തിരകൾ കണ്ടെടുത്തതോടെ പുറത്തു നിന്നുള്ളയാളാണ് വെടിയുതിർത്തതെന്ന നിഗമനത്തിൽ പൊലീസെത്തിയത്. നായാട്ടുസംഘത്തെ കേന്ദ്രീകരിച്ച് നടന്ന അന്വേഷണത്തിനൊടുവിലാണ് പ്രതികൾ പിടിയിലായത്. വന്യമൃഗത്തെ വേട്ടയാടിയപ്പോൾ സണ്ണിക്ക് അബദ്ധത്തിൽ വെടിയേറ്റുവെന്നാണ് പ്രതികൾ ആ​ദ്യം മൊഴി നൽകിയത്. വിശ​ദമായ ചോ​ദ്യം ചെയ്യലിനും തെളിവെടുപ്പിനും ശേഷമാണ് ബോധപൂർവ്വം സണ്ണിയെ വെടിവെച്ചു എന്ന് പ്രതികൾ സമ്മതിച്ചത്. സമീപത്തെ പടുതാക്കുളത്തിൽ നിന്ന് വെടിമരുന്നും തിരകളും കണ്ടെടുത്തു. കൃത്യത്തിനുപയോഗിച്ച തോക്ക് കണ്ടെത്താനുള്ള ശ്രമത്തിലാണ് അന്വേഷണ സംഘം.

Similar Posts