
'തേടിയ വള്ളി കാലിൽ ചുറ്റി'; അപകടത്തിൽ പരിക്കേറ്റ യുവാക്കളെ ആശുപത്രിയിലെത്തിച്ച് പൊലീസ്, തെളിഞ്ഞത് നിരവധി മോഷണക്കേസുകൾ-ട്വിസ്റ്റ്
|വിശദമായ ചോദ്യം ചെയ്യലിലാണ് പൊലീസുകാർ പോലും അന്തംവിട്ട് പോയത്
ഇടുക്കി: ഉടുമ്പൻ ചോലയിൽ മോഷ്ടിച്ച വാഹനവുമായി രക്ഷപ്പെടുമ്പോൾ അപകടത്തിൽപ്പെട്ട യുവാക്കളെ ആശുപത്രിയിൽ എത്തിച്ചത് പൊലീസുകാർ. പ്രാഥമിക ചികിത്സയ്ക്കുശേഷം പൊലീസുകാർ വിവരം തിരക്കിയപ്പോൾ യുവാക്കൾക്ക് മോഷണ വിവരം തുറന്നു പറയേണ്ടി വന്നു. പിന്നീട് നടത്തിയ ചോദ്യം ചെയ്യലിൽ പുറത്തുവന്നത് ജില്ലയിൽ ആകമാനം നടത്തിയ നിരവധി മോഷണത്തിന്റെ കഥകളായിരുന്നു.
കഴിഞ്ഞദിവസം ഇടുക്കി അടിമാലിയിലാണ് സംഭവങ്ങൾക്ക് തുടക്കം.വാഹന പരിശോധനയ്ക്കിടെ ബൈക്ക് മറിഞ്ഞ് അപകടം പറ്റിക്കിടക്കുന്ന രണ്ട് യുവാക്കളെ അടിമാലി പോലീസ് ആശുപത്രിയിൽ എത്തിച്ചു.കാലിനും കൈകൾക്കും പരിക്കേറ്റ ഇരുവരെയും പ്രാഥമിക ചികിത്സ നൽകിയശേഷം വിവരങ്ങൾ ചോദിച്ചറിഞ്ഞപ്പോൾ ലഭിച്ചത് പരസ്പരവിരുദ്ധമായ മറുപടി.ഒടുവിൽ ബൈക്ക് തങ്ങൾ ഉടുമ്പൻചോലയിൽ നിന്നും മോഷ്ടിച്ചതാണന്ന് യുവാക്കൾ സമ്മതിച്ചു. ഇതോടെ പൊലീസ് കേസെടുത് പ്രതികളുടെ അറസ്റ്റും രേഖപ്പെടുത്തി.
അനൂപ്, ചന്ദ്രപ്രസാദ് എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. തുടർന്ന് നടത്തിയ വിശദമായ ചോദ്യം ചെയ്യലിലാണ് പൊലീസുകാർ പോലും അന്തംവിട്ട് പോയത്. ജില്ലയിലെ വിവിധ സ്റ്റേഷനുകളിൽ മുൻപും ഇവർക്കെതിരെ ബൈക്ക് മോഷണത്തിന് കേസുണ്ട്.രാജാക്കാട്,കുമളി എന്നിവിടങ്ങളിൽ നിന്നായി നാല് ബൈക്കുകൾ പ്രതികൾ മോഷ്ടിച്ചത് കഴിഞ്ഞ ദിവസമാണ് ഇതിൽ എഫ്ഐആർ ഇട്ട് അന്വേഷണം നടത്തി വരവെയാണ് ഉടുമ്പൻചോലയിലെ മോഷണക്കേസിൽ പ്രതികൾ പിടിയിലായത്.
മറ്റ് സ്റ്റേഷൻ പരിധികളിൽ റിപ്പോർട്ട് ചെയ്തിട്ടുള്ള ബൈക്ക് മോഷണ കേസുകളുമായുള്ള പ്രതികളുടെ ബന്ധവും പൊലീസ് അന്വേഷിച്ചു വരികയാണ്.നെടുങ്കണ്ടം ഫസ്റ്റ് ക്ലാസ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.