'കോൺഗസിന് വേണ്ടെങ്കിൽ തനിക്ക് വേറെ വഴികളുണ്ട്': കോൺഗ്രസിനെതിരെ തരൂർ
|ഇന്ത്യൻ എക്സ്പ്രസിന്റെ മലയാളം പോഡ്കാസ്റ്റിലാണ് തരൂരിന്റെ തുറന്ന് പറച്ചിൽ
ന്യൂഡൽഹി: ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിക്കൊപ്പമുള്ള കൂടികാഴ്ചക്കുശേഷവും നിലപാട് മയപ്പെടുത്താതെ തരൂർ. സ്വതന്ത്രമായി അഭിപ്രായ പ്രകടനം നടത്താൻ കഴിയുന്നതു കൊണ്ടുതന്നെയാണ് നാലുതവണയും താൻ എംപിയായി തെരഞ്ഞെടുക്കപ്പെട്ടതെന്ന് ഇന്ത്യൻ എക്സ്പ്രസിന്റെ മലയാളം പോഡ്കാസ്റ്റിൽ തരൂർ പറഞ്ഞു.
നാല് തവണ തിരുവനന്തപുരത്ത് നിന്ന് എംപിയായി വിജയിച്ചത് വെറുതെയല്ല. തന്റെ തുറന്ന അഭിപ്രായപ്രകടനം കൊണ്ട് കോൺഗ്രസ് വിരുദ്ധ വോട്ട് വരെ നേടാനായി. കോൺഗ്രസിന് തന്റെ സേവനം ആവശ്യമില്ലെങ്കിൽ തനിക്ക് മറ്റു വഴികളുണ്ട് തരൂർ കൂട്ടിച്ചേർത്തു. നന്നായി പ്രവർത്തിച്ചില്ലെങ്കിൽ കോൺഗ്രസ് മൂന്നാം തവണയും കേരളത്തിൽ പ്രതിപക്ഷത്തിരിക്കേണ്ടി വരുമെന്നും തരൂർ കോൺഗ്രസിനെ താക്കീത് ചെയ്തു. അതേസമയം, കേരളത്തിലെ കോൺഗ്രസിൽ ഒരു പ്രധാന നേതാവിന്റെ അഭാവമുണ്ടെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
കേരളത്തിലെ വ്യവസായ വകുപ്പിനെ പ്രശംസിച്ച് തരൂരിന്‍റെ ലേഖനം പുറത്തുവന്നതോടെ പൊല്ലാപ്പിലായിരുന്നു കേരളത്തിലെ കോൺഗ്രസ് നേതൃത്വം. പ്രതിപക്ഷ നേതാവും സംസ്ഥാനത്തെ മുതിർന്ന കോൺഗ്രസ് നേതാക്കളും തരൂരിനെ തള്ളി രംഗത്തെത്തിയിരുന്നു. സംസ്ഥാന നേതാക്കൾ തന്നെ തരൂർ രാജി വെക്കണമെന്ന ആവശ്യം മുന്നോട്ടുവെക്കുകയുണ്ടായി.