< Back
Kerala
Impersonation in PSC Exams, accused surrendered, latest malayalam news, PSC പരീക്ഷകളിൽ ആൾമാറാട്ടം, പ്രതി കീഴടങ്ങി, ഏറ്റവും പുതിയ മലയാളം വാർത്ത
Kerala

പി.എസ്.സി പരീക്ഷയിലെ ആൾമാറാട്ടം; പ്രതികളായ സഹോദരങ്ങള്‍ കീഴടങ്ങി

Web Desk
|
9 Feb 2024 6:00 PM IST

ഇരുവരെയും വഞ്ചിയൂർ കോടതി 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു

തിരുവനന്തപുരം: പി.എസ്.സി പരീക്ഷയിലെ ആൾമാറാട്ടത്തിൽ പ്രതികൾ കോടതിയിൽ കീഴടങ്ങി. സഹോദരങ്ങളായ അമൽജിത്ത്, അഖിൽജിത്ത് എന്നിവരാണ് കീഴടങ്ങിയത്. ഇരുവരെയും വഞ്ചിയൂർ കോടതി 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു.


പി.എസ്.സി പരീക്ഷയിൽ ആൾമാറാട്ടം നടത്തിയത് ഉദ്യോഗാർഥിയുടെ സഹോദരനാണെന്ന് നേരത്തെ പൊലീസ് കണ്ടെത്തിയിരുന്നു. അമൽജിത്തിന്റെ സഹോദരൻ അഖിൽജിത്താണ് പരീക്ഷയെഴുതാൻ എത്തിയത്. പരീക്ഷ ഹാളിൽ നിന്ന് ഇറങ്ങിയോടിയ അഖിൽജിത്തിനെ രക്ഷപ്പെടുത്തിക്കൊണ്ടുപോയത് അമൽജിത്തായിരുന്നു.



പൂജപ്പുര ചിന്നമ്മ മെമ്മോറിയൽ ഗേൾസ് സ്കൂളിൽ നടന്ന സർവകലാശാല ലാസ്റ്റ് ഗ്രേഡ് പരീക്ഷയിലാണ് തട്ടിപ്പ് കണ്ടെത്തിയത്. തിരുവനന്തപുരം നേമം മേലാംകോട് ശ്രീഹരി സദനത്തിൽ അമൽജിത്ത് എന്ന പേരിലാണ് ഒരാൾ ആൾമാറാട്ടം നടത്തി പരീക്ഷ എഴുതാനെത്തിയത്. ഹാജർ രജിസ്റ്ററിൽ ഒപ്പിട്ട ഇയാൾ ഡ്രൈവിങ് ലൈസൻസാണ് തിരിച്ചറിയൽ രേഖയായി ഹാജരാക്കിയത്. ഇത് ഇൻവിജിലേറ്റർ പരിശോധിച്ച ശേഷമാണ് ബയോമെട്രിക് പരിശോധനയ്‌ക്ക് ഉദ്യോഗസ്ഥൻ എത്തിയത്.


പി.എസ്.സി ആദ്യമായി ബയോമെട്രിക് പരിശോധന നടപ്പാക്കിയ പരീക്ഷയായിരുന്നു ഇത്. ഇതിന്റെ ഭാഗമായി ഉദ്യോഗാർഥികളുടെ വിരൽ വെച്ചുള്ള പരിശോധന നടക്കുന്നതിനിടെ ഒരാൾ പുറത്തേക്ക് ഇറങ്ങിയോടി. പുറത്തിറങ്ങിയ ഇയാൾ മറ്റൊരാളോടൊപ്പം ബൈക്കിൽ കയറി പോകുന്നത് സി.സി.ടി.വി ദൃശ്യങ്ങളിൽ നിന്ന് വ്യക്തമായി. അമൽജിത്താണ് പ്രതിയെ ബൈക്കിൽ രക്ഷപ്പെടുത്തിയതെന്ന് പൊലീസ് സ്ഥിരീകരിച്ചിരുന്നു.

Similar Posts