< Back
Kerala
Delhi Assembly Election Results
Kerala

ഡൽഹിയിൽ എഎപി- കോൺഗ്രസ് പോര് തുണയായത് ബിജെപിക്ക്; വമ്പന്മാർ തോറ്റിടത്ത് കോൺഗ്രസ് വോട്ടിൽ വർധന

Web Desk
|
9 Feb 2025 1:34 PM IST

അരവിന്ദ് കെജ്രിവാളിന്റെ തോൽവി 4,089 വോട്ടിന്. ന്യൂഡൽഹി മണ്ഡലത്തിൽ കോൺഗ്രസ് സ്ഥാനാർഥി സന്ദീപ് ദീക്ഷിത് നേടിയതാകട്ടെ 4,568 വോട്ടുകളും

ന്യൂഡല്‍ഹി: ഡൽഹിയിൽ 27 വർഷങ്ങൾക്ക് ശേഷം ബിജെപി ഭരണത്തിൽ എത്തുമ്പോൾ, കോൺഗ്രസും ആം ആദ്മിയും പരസ്പരം പോരാടിച്ചത് തന്നെയാണ് അവര്‍ക്ക് ഗുണമായത്.

ആപ്പിന്റെ വമ്പന്മാർ വരെ തോൽവി നേരിട്ട മണ്ഡലങ്ങളിൽ കോൺഗ്രസ് നേടിയ വോട്ട് കൂടി പരിശോധിച്ചാൽ ഇത് വ്യക്തമാകും.

ആം ആദ്മിയുടെ തലവൻ അരവിന്ദ് കെജ്‌രിവാളിന്റെ ന്യൂഡൽഹി മണ്ഡലത്തിലെ തോൽവി 4089 വോട്ടിന്. ഇവിടെ കോൺഗ്രസ് സ്ഥാനാർഥി സന്ദീപ് ദീക്ഷിത് നേടിയതാകട്ടെ 4568 വോട്ടുകളും. അതോടെ ബിജെപി സ്ഥാനാർഥി പർവേശ് ശർമ നിയമസഭയിലേക്ക്.

ജംഗ്‌പുരയിൽ കോൺഗ്രസ് സ്ഥാനാർഥി ഫർഹദ് സുരി 7350 വോട്ട് നേടി, ആപ്പിന്റെ രണ്ടാമൻ മനീഷ് സിസോദിയ ഇവിടെ വീണത് കേവലം 675 വോട്ടിന്. ഗ്രേറ്റർ കൈലാഷിൽ സൗരഭ് ഭരദ്വാജിന്റെ തോൽവിയും ഭിന്നിച്ച് നിന്നതിന്റെ പരിണിതഫലം. 3188 വോട്ടിനാണ് സൗരഭ് ഭരദ്വാജ് തോറ്റത്. കോൺഗ്രസ് സ്ഥാനാർഥി ഗർവിത് സിങ്‌വി നേടിയത് 6711 വോട്ടുകൾ.

ആപ്പിലെ തലപ്പൊക്കമുള്ള നേതാക്കളിലൊരാളായ സോംനാഥ് ഭാരഥിയുടെ കഥയും ഇങ്ങനെ തന്നെ. മാളവ്യനഗറിൽ 2131 വോട്ടിനാണ് അദ്ദേഹത്തിന്റെ തോൽവി. കോൺഗ്രസ് സ്ഥാനാർഥിയായ ജിതേന്ദർ കുമാർ കൊച്ചാർ നേടിയതാകട്ടെ 6770 വോട്ടുകളും.

സംഗം വിഹാറിൽ ദിനേശ് മൊഹാനിയ, ത്രിലോക്‌പുരിയിൽ അഞ്ജന പർച്ച, രജീന്ദർ നഗറിൽ ദുർഗേഷ് പഥക് എന്നിങ്ങനെ തോൽവിയുടെ കാരണം അധികം തേടിപോകേണ്ടതില്ല ആം ആദ്മിക്ക്. ബഥ്ലിയിൽ അജേഷ് യാദവ് തോറ്റത് 15000ൽപരം വോട്ടിനാണ്. പക്ഷേ കോൺഗ്രസിനായി രംഗത്തിറങ്ങിയ ദേവേന്ദർ യാദവ് നേടിയ വോട്ട്- 20121. ഛത്തർപുരിൽ ബ്രാം സിങ് തൻവറും കോൺഗ്രസ് സ്ഥാനാർഥി നേടിയതിനേക്കാൾ കുറഞ്ഞ വോട്ടിനാണ് തോറ്റത്. ഇങ്ങനെ പത്തിലേറെ മണ്ഡലങ്ങളില്‍ കോണ്‍ഗ്രസ് പിടിച്ച വോട്ടുകള്‍ എഎപിക്ക് 'പാര'യായിട്ടുണ്ട്.

ലോക്സഭാ തെരഞ്ഞെടുപ്പിൽ 'ഇൻഡ്യ' മുന്നണിയായ് ഒന്നിച്ച്, നിയമസഭയിൽ ഭിന്നിച്ച് നിന്നതിന്റെ ഫലം കൂടിയാണ് തെരഞ്ഞെടുപ്പ് ഫലം. തോൽവിയുടെ ക്ഷീണം അകലാൻ സമയമെടുക്കുമെന്നറിയുമ്പോഴും പരസ്പരം പഴിചാരുകയാണ് കോൺഗ്രസും ആം ആദ്മിയും.

Watch Video Report


Similar Posts