< Back
Kerala
രാത്രി മുഖം പൊത്തി പിടിച്ച് അടിവയറ്റില്‍ ഇടിക്കും, കല്യാണം കഴിഞ്ഞ് മൂന്നാം നാള്‍ മുതല്‍ മര്‍ദനം;  കൊച്ചിയിൽ യുവതിയേയും അച്ഛനേയും ഭർത്താവ് ക്രൂര മര്‍ദനത്തിനിരയാക്കി
Kerala

'രാത്രി മുഖം പൊത്തി പിടിച്ച് അടിവയറ്റില്‍ ഇടിക്കും, കല്യാണം കഴിഞ്ഞ് മൂന്നാം നാള്‍ മുതല്‍ മര്‍ദനം'; കൊച്ചിയിൽ യുവതിയേയും അച്ഛനേയും ഭർത്താവ് ക്രൂര മര്‍ദനത്തിനിരയാക്കി

ijas
|
23 July 2021 2:27 PM IST

കാല് ഒടിയുകയും വാരിയെല്ലിന് പൊട്ടലേല്‍ക്കുകയും കൈക്കും തലക്കും മര്‍ദനത്തില്‍ പരിക്ക് പറ്റിയതായും യുവതിയുടെ പിതാവ് മീഡിയവണിനോട് പറഞ്ഞു

കൊച്ചിയിൽ സ്ത്രീധനത്തിന്‍റെ പേരിൽ യുവതിയേയും അച്ഛനേയും ഭർത്താവ് മർദിച്ചതായി പരാതി. കൊച്ചി പച്ചാളം സ്വദേശി ജിബ്സണ്‍ പീറ്ററാണ് ഭാര്യയേയും ഭാര്യാപിതാവിനേയും മർദിച്ചത്. മർദനത്തില്‍ പരിക്കേറ്റ് ചികിത്സയിലുള്ള ഭാര്യപിതാവിനെ ജിബ്സണ്‍ ആശുപത്രിയിലെത്തിയും മർദിച്ചു.

കൊച്ചി ചക്കരപറമ്പ് സ്വദേശിക്കാണ് ഭര്‍ത്താവിന്‍റെ ക്രൂര മര്‍ദനത്തിന് ഇരയാകേണ്ടി വന്നത്. കഴിഞ്ഞ മൂന്ന് മാസം മുമ്പാണ് ചക്കരപറമ്പ് സ്വദേശിയായ യുവതിയെ പച്ചാളം സ്വദേശിയായ ജിബ്സണ്‍ വിവാഹം കഴിക്കുന്നത്. വിവാഹത്തിന് മൂന്ന് ദിവസത്തിന് ശേഷം തന്നെ ഭര്‍ത്താവും വീട്ടുകാരും സ്ത്രീധനം ആവശ്യപ്പെട്ട് മര്‍ദനം ആരംഭിച്ചതായി യുവതി പറയുന്നു. മര്‍ദന വിവരം വീട്ടുകാരെ അറിയിക്കാന്‍ ശ്രമിച്ചെങ്കിലും ഫോണ്‍ വിളിക്കാന്‍ പോലും ഭര്‍ത്താവിന്‍റെ വീട്ടുകാര്‍ സമ്മതിച്ചില്ല. സ്വര്‍ണം വേണമെന്ന് ആവശ്യപ്പെട്ട് ഭര്‍ത്താവിന്‍റെ അമ്മ ഭക്ഷണം നല്‍കാറില്ലെന്നും യുവതി പറഞ്ഞു. പല ദിവസങ്ങളിലും ഭക്ഷണം കഴിക്കാതിരുന്നിട്ടുണ്ടെന്നും അങ്ങനെ ഒരുദിവസം രാത്രി 12 മണിക്ക് വീട്ടില്‍ നിന്നും ഇറക്കി വിട്ടതായും പരാതിയില്‍ പറയുന്നു. ഇങ്ങനെയാണ് യുവതി സ്വന്തം വീട്ടിലെത്തുന്നത്. ഇക്കഴിഞ്ഞ ശനിയാഴ്ച്ച യുവതിയുടെ പിതാവ് പ്രശ്നമെന്താണെന്ന് അന്വേഷിക്കാന്‍ ഭര്‍ത്താവിന്‍റെ വീട്ടില്‍ ചെന്നതും ഭര്‍ത്താവും അവരുടെ പിതാവും കടുത്ത മര്‍ദനം അഴിച്ചുവിട്ടതായി യുവതിയുടെ പിതാവ് പരാതിയില്‍ പറഞ്ഞു. കാല് ഒടിയുകയും വാരിയെല്ലിന് പൊട്ടലേല്‍ക്കുകയും കൈക്കും തലക്കും മര്‍ദനത്തില്‍ പരിക്ക് പറ്റിയതായും യുവതിയുടെ പിതാവ് മീഡിയവണിനോട് പറഞ്ഞു.

അതെ സമയം മര്‍ദനത്തില്‍ പോലീസ് നടപടി വൈകുന്നതിൽ പ്രതിഷേധിച്ച് നാട്ടുകാർ ആക്ഷൻ കൗൺസിൽ രൂപീകരിച്ചിട്ടുണ്ട്. ആല്‍ബര്‍ട്ട് കണ്‍വീനറായ ആക്ഷന്‍ കൗണ്‍സില്‍ ഭര്‍ത്താവിനെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ടു.

Related Tags :
Similar Posts