< Back
Kerala
കൊടുങ്ങല്ലൂരിൽ ബാങ്ക് ലോക്കറിൽ സൂക്ഷിച്ച അറുപത് പവനോളം സ്വർണം കാണാനില്ലെന്ന് പരാതി
Kerala

കൊടുങ്ങല്ലൂരിൽ ബാങ്ക് ലോക്കറിൽ സൂക്ഷിച്ച അറുപത് പവനോളം സ്വർണം കാണാനില്ലെന്ന് പരാതി

Web Desk
|
21 Sept 2023 8:30 PM IST

എടമുട്ടം സ്വദേശി സുനിതയാണ് കൊടുങ്ങല്ലൂർ പൊലീസിൽ പരാതി നൽകിയത്

തൃശ്ശൂർ: കൊടുങ്ങല്ലൂരിൽ ബാങ്ക് ലോക്കറിൽ സൂക്ഷിച്ച സ്വർണം കാണാനില്ലെന്ന് പരാതി. സഹകരണ ബാങ്കിന്റെ അഴീക്കോട് ശാഖയിൽ നിന്ന് അറുപത് പവനോളം സ്വർണം കാണാതായെന്നാണ് പരാതി. എടമുട്ടം സ്വദേശി സുനിതയാണ് കൊടുങ്ങല്ലൂർ പൊലീസിൽ പരാതി നൽകിയത്.

സുനിതയുടെയും അമ്മ സാവിത്രിയുടെയും പേരിലാണ് ബാങ്കിൽ സേഫ് ഡെപ്പോസിറ്റ് ലോക്കറുള്ളത്. ബാംഗ്ലൂരിൽ താമസിക്കുന്ന സുനിത നാട്ടിലെത്തി ബാങ്ക് ലോക്കർ തുറന്നപ്പോഴാണ് സ്വർണത്തിൽ കുറവുള്ളതായി ശ്രദ്ധയിൽ പെട്ടത്

തുടർന്ന് ഇവർ കൊടുങ്ങല്ലൂർ പൊലീസിൽ പരാതി നൽകുകയായിരുന്നു. കഴിഞ്ഞ വർഷം ഒക്ടോബറിലാണ് കൂടുതൽ ആഭരണങ്ങൾ സുനിത ഇവിടെ സൂക്ഷിച്ചത്. പിന്നീട് പലപ്പോഴായി പല ആഭരണങ്ങളും ലോക്കറിൽ വെക്കുകയും ചെയ്തതായി സുനിത പറഞ്ഞു.

സേഫ് ഡെപ്പോസിറ്റ് ലോക്കറിന്റെ താക്കോൽ ഇടപാടുകാരന്റെ കൈവശവും മാസ്റ്റർ കീ ബാങ്കിലും മാത്രമാണ് ഉണ്ടാവുക. ഈ രണ്ടു താക്കോലുകളും ഉപയോഗിച്ച് മാത്രമേ ലോക്കർ തുറക്കാനാവുകയുള്ളു. സംഭവത്തിൽ ബാങ്ക് അധികൃതരും പൊലീസിൽ പരാതി നൽകിയിട്ടുണ്ട്.

Similar Posts