< Back
Kerala
elder brother shot dead younger brother in Kasaragod
Kerala

താനൂരിൽ നവജാത ശിശുവിനെ മാതാവ് കൊലപ്പെടുത്തിയത് വെള്ളത്തിൽ മുക്കി; മൃതദേഹം പുറത്തെടുത്തു

Web Desk
|
29 Feb 2024 10:56 AM IST

വീട്ടിനടുത്തുള്ള പറമ്പിലാണ് മൃതദേഹം കുഴിച്ചിട്ടത്

മലപ്പുറം: താനൂരിൽ മാതാവ് കൊന്ന് കുഴിച്ചുമൂടിയ മൂന്ന് മാസം പ്രായമായ കുഞ്ഞിന്റെ മൃതദേഹം പൊലീസ് പുറത്തെടുത്തു. സംഭവത്തിൽ കുഞ്ഞിന്‍റെ മാതാവ് താനൂർ പരിയാപുരം വില്ലേജിലെ ഒട്ടുംപുറം ആണ്ടിപ്പാട്ട്​ ജുമൈലത്തിനെ (29) കഴിഞ്ഞദിവസം പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.

കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ കഴിഞ്ഞ തിങ്കളാഴ്ചയാണ് യുവതി ആൺകുഞ്ഞിന്​​ ജന്മം നൽകിയത്​. തുടർന്ന്​ വീട്ടിലെത്തിയശേഷം കുഞ്ഞിനെ അർധരാത്രി ​കൊന്ന്​ വീട്ടിലെ പറമ്പിൽ കുഴിച്ചുമൂടിയെന്നാണ്​​ പൊലീസ്​ പറയുന്നത്​. ബക്കറ്റിൽ വെള്ളം നിറച്ച ശേഷം കുട്ടിയെ മുക്കി കൊല്ലുകയായിരുന്നു. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ പൊലീസ്​ യുവതിയെ ചോദ്യംചെയ്തപ്പോഴാണ്​ ദാരുണ​ കൊലപാതകത്തിന്റെ ചുരുളഴിഞ്ഞത്​. ആശുപത്രിയിൽനിന്ന് വീട്ടിലെത്തിയ ഉടൻ യുവതി കൃത്യം ചെയ്തെന്നാണ് അറിയുന്നത്.

ഒരു വർഷമായി ഭർത്താവുമായി അകന്നുകഴിയുകയാണ് ജുമൈലത്ത്. കുഞ്ഞ് ജനിച്ചത് പുറത്തറിയാതിരിക്കാനാണ് കടുംകൈ ചെയ്തതെന്നാണ് ഇവരുടെ പ്രാഥമിക മൊഴി. വീട്ടിനടുത്തുള്ള പറമ്പിലാണ് മൃതദേഹം കുഴിച്ചിട്ടതെന്ന് ഇവർ മൊഴി നൽകിയിരുന്നു. കുഞ്ഞിന്‍റെ കൊലപാതകത്തിൽ മറ്റാർക്കെങ്കിലും പങ്കുണ്ടോയെന്നും പൊലീസ്​ അന്വേഷിക്കുന്നുണ്ട്​.

ഐപിസി 302 പ്രകാരം യുവതിക്കെതിരെ കൊലക്കുറ്റം ചുമത്തിയിട്ടുണ്ട്. വ്യാഴാഴ്ച രാവിലെ യുവതിയെ പൊലീസ് സംഭവസ്ഥലത്ത് എത്തിച്ചിരുന്നു. ഫോറെൻസിക് സംഘവും സ്ഥലത്ത് പരിശോധന നടത്തി. തിരൂർ തഹസീൽദാർ എസ്. ഷീജ,താനൂർ ഡിവൈ.എസ്.പി വി.വി. ബെന്നി തുടങ്ങിയവരുടെ നേതൃത്വത്തിലാണ് നടപടികൾ പുരോഗമിക്കുന്നത്.

അതേസമയം, കുഞ്ഞിനെ ആശുപത്രിയിൽനിന്ന് കൊണ്ടുപോകുമ്പോൾ തന്നെ കുടംബത്തിന്റെ പെരുമാറ്റത്തിൽ അസ്വാഭാവിക തോന്നിയതായി ഓട്ടോ ഡ്രൈവർ നജീബ് പറയുന്നു. കുഞ്ഞിനെ ഏതെങ്കിലും അനാഥാലയത്തിൽ ഉപേക്ഷിക്കണമെന്നാണ് ആവശ്യപ്പെട്ടത്. ഇക്കാര്യം പൊലീസിനെ അറിയിച്ചിരുന്നെന്നും ഓട്ടോ ഡ്രൈവർ നജീബ് പറഞ്ഞു. നജീബിൽനിന്നും താനൂർ പൊലീസ് വിവരങ്ങൾ തേടിയിട്ടുണ്ട്.



Similar Posts