< Back
Kerala
യാക്കോബായ സഭ കാതോലിക്കാ ബാവയുടെ സ്ഥാനാരോഹണം; കേന്ദ്രസർക്കാർ പ്രതിനിധി സംഘത്തെ അയക്കും
Kerala

യാക്കോബായ സഭ കാതോലിക്കാ ബാവയുടെ സ്ഥാനാരോഹണം; കേന്ദ്രസർക്കാർ പ്രതിനിധി സംഘത്തെ അയക്കും

Web Desk
|
21 March 2025 6:29 PM IST

ചടങ്ങില്‍ പ്രതിനിധി സംഘത്തെ അയക്കാന്‍ സംസ്ഥാന സര്‍ക്കാരിന് വിലക്കില്ലെന്ന് ഹൈക്കോടതി

കോട്ടയം: യാക്കോബായ സഭ കാതോലിക്കാ ബാവയുടെ സ്ഥാനാരോഹണത്തിനായി കേന്ദ്രസർക്കാർ പ്രതിനിധി സംഘത്തെ അയക്കും. മുൻ കേന്ദ്രമന്ത്രി വി. മുരളീധരൻ ഉൾപ്പെടെ നാലംഗ സംഘമാണ് ലബനനിലേക്ക് തിരിക്കുക. ചടങ്ങില്‍ പ്രതിനിധി സംഘത്തെ അയക്കാന്‍ സംസ്ഥാന സര്‍ക്കാരിന് വിലക്കില്ലെന്ന് ഹൈക്കോടതി വ്യക്തമാക്കി. സംസ്ഥാന സർക്കാർ പ്രതിനിധി സംഘത്തെ അയക്കുന്നതിനെതിരെ ഓർത്തഡോക്സ് സഭ ഗവർണർക്കും മുഖ്യമന്ത്രിക്കും കത്തയച്ചു.

ജോസഫ് മാര്‍ ഗ്രിഗോറിയോസ് മെത്രാപ്പോലീത്തയെ കാതോലിക്കയായി വാഴിക്കുന്ന ചടങ്ങില്‍ മുൻ കേന്ദ്രമന്ത്രിമാരായ വി. മുരളീധരൻ, അൽഫോൺസ് കണ്ണന്താനം , ബെന്നി ബഹനാൻ എംപി, ഷോൺ ജോർജ് എന്നിവരാണ് കേന്ദ്രസർക്കാർ പ്രതിനിധികളായി പങ്കെടുക്കുന്നത്. ലെബനിനിലേക്ക് പ്രതിനിധി സംഘത്തെ അയക്കുന്നത് സ്റ്റേ ചെയ്യണമെന്ന ആവശ്യം ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് അംഗീകരിച്ചില്ല. കോടതി ഇടപെടേണ്ട വിഷയമല്ല ഇതെന്ന് ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ഡിവിഷന്‍ ബെഞ്ച് നിരീക്ഷിച്ചു.

പ്രതിനിധി സംഘത്തെ അയക്കുന്നത് സുപ്രിംകോടതി ഉത്തരവുകള്‍ക്ക് വിരുദ്ധമല്ലെന്ന സര്‍ക്കാര്‍ നിലപാട് അംഗീകരിച്ചാണ് ഹൈക്കോടതിയുടെ നടപടി. യാക്കോബായ സഭ അധ്യക്ഷനെ വാഴിക്കുന്നത് സുപ്രിംകോടതി വിധിക്ക് വിരുദ്ധമെന്നും സ‍ർക്കാർ പ്രതിനിധി സംഘത്തെ അയക്കരുതെന്നും ഓർത്തഡോക്സ് സഭ നേതൃത്വം പ്രതികരിച്ചു. ഓർത്തഡോക്സ് സഭ അധ്യക്ഷൻ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവാ ​ഗവർണർക്കും മുഖ്യമന്ത്രിക്കും പ്രതിനിധി സംഘാഗങ്ങൾക്കും ഇക്കാര്യം ചൂണ്ടിക്കാട്ടി കത്ത് അയച്ചു. സമാന്തരഭരണത്തെ പിന്തുണയ്ക്കുന്നത് മലങ്കരസഭയിലെ സമാധാന അന്തരീക്ഷം തകർക്കുമെന്ന് കത്തിൽ പറഞ്ഞു. ഈ മാസം 25നാണ് ചടങ്ങ് നിശ്ചയിച്ചിരിക്കുന്നത്.

Similar Posts