Photo | MediaOneപ്ലാസ്റ്റിക് കുപ്പികൾ നീക്കം ചെയ്യാത്ത സംഭവം: നടപടി നേരിട്ട കെഎസ്ആർടിസി ഡ്രൈവർ ഡ്യൂട്ടിക്കിടെ കുഴഞ്ഞുവീണു
|കഴിഞ്ഞ ബുധനാഴ്ചയാണ് ബസിനകത്ത് പ്ലാസ്റ്റിക് കുപ്പിയിട്ടതിന് മന്ത്രി ബസ് തടഞ്ഞ് ജീവനക്കാരെ ശകാരിച്ചത്
കെല്ലം: ഡ്രൈവർ സീറ്റിനു മുന്നിൽ കുപ്പി അടുക്കിവെച്ചതിന് സ്ഥലം മാറ്റൽ നടപടി നേരിട്ട കെഎസ്ആർടിസി ജീവനക്കാരന് ദേഹാസ്വാസ്ഥ്യം. പൊൻകുന്നം ഡിപ്പോയിലെ ഡ്രൈവർ ജെയ്മോൻ ജോസഫിനെയാണ് ഡ്യൂട്ടിക്കിടയിൽ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിന് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. കഴിഞ്ഞ ബുധനാഴ്ച കൊല്ലം ആയൂർ വെച്ചാണ് ഗതാഗതമന്ത്രി ഗണേഷ് കുമാർ ബസ് തടഞ്ഞ് ജീവനക്കാരെ ശകാരിക്കുകയും ശേഷം നടപടിയെടുക്കുകയും ചെയ്തത്.
ആയൂരിലെ സംഭവവുമായി ബന്ധപ്പെട്ട നടപടിയുടെ കോപ്പി ഇന്നലെയൈാണ് ഡ്രൈവർക്ക് ലഭിച്ചത്. ശേഷം ഇത് മരവിപ്പിച്ചുവെന്ന വാർത്തയും വന്നിരുന്നു. പിന്നീട് ഉത്തരവ് പ്രാബല്യത്തിലുണ്ടെന്ന വിവരം ലഭിച്ചു. ഇതിനെത്തുടർന്ന് ജെയ്മോന് ദേഹാസ്വാസ്ഥ്യമുണ്ടാവുകയും ആശുപത്രിയിൽ പ്രവേശിപ്പിക്കുകയുമായിരുന്നു. കാഞ്ഞിരപ്പള്ളി താലൂക്ക് ആശുപത്രിയിൽ ജെയ്മോൻ നിരീക്ഷണത്തിൽ തുടരുകയാണ്.
കഴിഞ്ഞ ബുധനാഴ്ചയാണ് ബസിനകത്ത് പ്ലാസ്റ്റിക് കുപ്പിയിട്ടതിന് മന്ത്രി ബസ് തടഞ്ഞ് ജീവനക്കാരെ ശകാരിച്ചത്. ബസിനകത്ത് മാലിന്യം നിക്ഷേപിക്കാൻ ബോക്സ് വെച്ചിട്ടുണ്ടെന്നും ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾക്കെതിരെ നടപടിയുണ്ടാകുമെന്നും മന്ത്രി പറഞ്ഞിരുന്നു.