
ആദിവാസി യുവാവിനെ റിസോര്‍ട്ടില്‍ പൂട്ടിയിട്ട് മര്‍ദ്ദിച്ച സംഭവം: റിസോര്‍ട്ട് ഉടമ ഒളിവില്‍
|യുവാവിനെ പൂട്ടിയിട്ടതായി വിവരം നല്‍കിയ വയോധികനെയും കാണാനില്ലന്ന് പരാതി
പാലക്കാട്: മുതലമടയില്‍ ആദിവാസി യുവാവിനെ റിസോര്‍ട്ടില്‍ പൂട്ടിയിട്ട് മര്‍ദ്ദിച്ച സംഭവത്തില്‍ റിസോട്ട് ഉടമ ഒളിവില്‍. യുവാവിനെ പൂട്ടിയിട്ടതായി വിവരം നല്‍കിയ ആളെയും കാണാനില്ലന്ന് പരാതി.
തിരുന്നാവ കരസു എന്ന വയോധികനെയാണ് കാണാതായത്. അതിനിടെ, തനിക്ക് എന്തെങ്കിലും സംഭവിച്ചാല്‍ അതിന് ഉത്തരവാദി റിസോര്‍ട്ട് ഉടമയെന്ന് പറയുന്ന വീഡിയോ പുറത്തായി.
മുതലമടയിലെ ഫാം സ്റ്റേയിലാണ് ആദിവാസി യുവാവിനെ ആറു ദിവസത്തോളം അടച്ചിട്ട മുറിയില്‍ പട്ടിണിക്കിട്ട് മര്‍ദ്ദിച്ചത്. സംഭവത്തില്‍ വെസ്റ്റേണ്‍ ഗേറ്റ് വേയ്‌സ് ഉടമ പ്രഭുവിനെതിരെ കൊല്ലംകോട് പോലീസ് കേസെടുത്തു. എസ്‌സി, എസ്ടിക്കെതിരായ അതിക്രമം തടയല്‍ വകുപ്പ് പ്രകാരമാണ് കേസെടുത്തിരിക്കുന്നത്.
ഫാംസ്റ്റേയിലെ ഒരു ജീവനക്കാരന്‍ വിവരമറിയിച്ചതിനെ തുടര്‍ന്നാണ് മുതലമട പഞ്ചായത്ത് അംഗം കല്പനാദേവിയുടെ നേതൃത്വത്തില്‍ നാട്ടുകാരും പോലീസും ചേര്‍ന്ന് യുവാവിനെ രക്ഷപ്പെടുത്തിയത്.