< Back
Kerala
കൽപ്പറ്റ പൊലീസ് സ്റ്റേഷനിൽ ആദിവാസി യുവാവ് ജീവനൊടുക്കിയ സംഭവം; ഉദ്യോഗസ്ഥർക്ക് വീഴ്ച സംഭവിച്ചതായി പ്രാഥമിക റിപ്പോർട്ട്
Kerala

കൽപ്പറ്റ പൊലീസ് സ്റ്റേഷനിൽ ആദിവാസി യുവാവ് ജീവനൊടുക്കിയ സംഭവം; ഉദ്യോഗസ്ഥർക്ക് വീഴ്ച സംഭവിച്ചതായി പ്രാഥമിക റിപ്പോർട്ട്

Web Desk
|
2 April 2025 3:45 PM IST

പൊലീസിനെതിരെ ആരോപണവുമായി ഗോകുലിന്റെ ബന്ധുക്കൾ

വയനാട്: കൽപ്പറ്റ പൊലീസ് സ്റ്റേഷനിൽ ആദിവാസി യുവാവിനെ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തിയതിൽ ഉദ്യോഗസ്ഥർക്ക് വീഴ്ച സംഭവിച്ചതായി പ്രാഥമിക റിപ്പോർട്ട്. ഉത്തര മേഖലാ ഡിഐജിക്ക് എസ്പി റിപ്പോർട്ട് കൈമാറി. ഗോകുൽ ശുചിമുറിയിലേക്ക് പോയി പുറത്തു വരാൻ വൈകിയതിൽ ജാഗ്രത ഉണ്ടായില്ലെന്നും കൃത്യമായി നിരീക്ഷണം നടന്നില്ലെന്നും റിപ്പോർട്ടിൽ പറഞ്ഞു.

പൊലീസ് പലതവണ വീട്ടിൽ വന്ന് ഭീഷണിപ്പെടുത്തിയെന്ന് ഗോകുലിന്റെ ബന്ധുക്കൾ ആരോപിച്ചു. വീട്ടിൽ പലതവണ വന്നു. ഗോകുലിനെ കയ്യിൽ കിട്ടിയാൽ വെറുതെ വിടില്ലെന്ന് ഭീഷണി മുഴക്കി. പൊലീസ് ഗോകുലിനോടൊപ്പം ഉണ്ടായിരുന്ന മറ്റുള്ളവരുടെ ഫോണുകൾ പിടിച്ചെടുത്തെന്നും ബന്ധുക്കൾ മീഡിയവണിനോട് പറഞ്ഞു.

സംഭവത്തിൽ ഉദ്യോഗസ്ഥർക്കെതിരെ നടപടിയുണ്ടായേക്കും. ഇന്നലെ രാവിലെ എട്ടുമണിയോടെയാണ് അമ്പലവയൽ നെല്ലാറച്ചാൽ സ്വദേശി ഗോകുലിനെ സ്റ്റേഷനിലെ ശുചിമുറിയിൽ മരിച്ച നിലയില്‍ കണ്ടെത്തിയത്. കോഴിക്കോട് മെഡിക്കൽ കോളജിൽ പോസ്റ്റ്മോർട്ടം നടപടികൾ പൂർത്തിയാക്കി വീട്ടുവളപ്പിൽ സംസ്കരിക്കാനുളള ഒരുക്കങ്ങൾ നടക്കുന്നതിനിടയാണ് ഗോകുലിന് 18 വയസ്സായില്ലെന്ന വിവരം പുറത്തുവന്നത്. എഫ്ഐആറിൽ ജനന വർഷം മാത്രമാണ് രേഖപ്പെടുത്തിയതെന്നും പൊലീസ് നടപടികളിലും മരണത്തിലും ദുരൂഹതയുണ്ടെന്നും കുടുംബം ആരോപിച്ചിരുന്നു.

കേസ് ഏറ്റെടുത്ത് അന്വേഷണം ആരംഭിച്ച ക്രൈംബ്രാഞ്ച്, സ്റ്റേഷനിലെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചു. ഇക്കഴിഞ്ഞ ഇരുപത്തിയേഴാം തീയതി കാണാതായ വയനാട് സ്വദേശിയായ ആദിവാസി പെൺകുട്ടിയെ കഴിഞ്ഞദിവസം കോഴിക്കോട് നിന്ന് ഗോകുലിനൊപ്പം കണ്ടെത്തിയിരുന്നു. രാത്രി പതിനൊന്നരയോടെ ഇരുവരെയും കൽപ്പറ്റ സ്റ്റേഷനിൽ എത്തിച്ചപ്പോൾ തന്നെ കുടുംബത്തെ വിവരമറിയിച്ചിരുന്നെന്നും രാവിലെ എട്ടുമണിയോടെ ശുചിമുറിയിൽ ഗോകുൽ മരിക്കുകയായിരുന്നു എന്നുമാണ് പൊലീസ് വിശദീകരണം. ഗോകുലിന്റെ സംസ്കാരം അൽപസമയത്തിനകം നടക്കും.

Similar Posts