< Back
Kerala
നവജാത ശിശുവിന്‍റെ മൃതദേഹം കണ്ടെത്തിയ സംഭവം; അമ്മയും കാമുകനും പൊലീസ് കസ്റ്റഡിയിൽ
Kerala

നവജാത ശിശുവിന്‍റെ മൃതദേഹം കണ്ടെത്തിയ സംഭവം; അമ്മയും കാമുകനും പൊലീസ് കസ്റ്റഡിയിൽ

ijas
|
22 Dec 2021 9:59 AM IST

തൃശ്ശൂർ പൂങ്കുന്നത്തിന് സമീപം എം.എൽ.എ റോഡിലുള്ള കനാലിൽ നിന്ന് ഇന്നലെയാണ് നവജാത ശിശുവിന്‍റെ മൃതദേഹം കണ്ടെത്തിയത്

തൃശൂരിൽ നവജാത ശിശുവിന്‍റെ മൃതദേഹം കണ്ടെത്തിയ സംഭവത്തില്‍ മൂന്നു പേർ കസ്റ്റഡിയിൽ. യുവതിയും കാമുകനും സുഹൃത്തുമാണ് പൊലീസ് കസ്റ്റഡിയിലായത്. തൃശൂർ വരിയം സ്വദേശികളായ മേഘ(22), ഇമ്മാനുവേൽ(25) ഇവരുടെ സുഹൃത്ത് അമല്‍ എന്നിവരാണ് കസ്റ്റഡിയിലായത്. വീട്ടിലെ ശുചി മുറിയിൽ പ്രസവിച്ച ശേഷം വെള്ളത്തിൽ മുക്കി കുഞ്ഞിനെ കൊലപ്പെടുത്തുകയായിരുന്നു.

അവിവാഹിതയായ മേഘയും ഇമ്മാനുവലും തമ്മില്‍ പ്രണയത്തിലായിരുന്നു. ഇതിനിടെ യുവതി ഗര്‍ഭിണിയായി. ഗർഭിണിയായതും പ്രസവിച്ചതും പക്ഷേ വീട്ടുകാർ അറിഞ്ഞിരുന്നില്ല. ഇക്കാരണത്താല്‍ കുഞ്ഞിനെ ഒഴിവാക്കാന്‍ വേണ്ടി ഉപേക്ഷിച്ചു കളയുകയായിരുന്നുവെന്നാണ് പൊലീസ് പറയുന്നത്. കുഞ്ഞിന്‍റെ മരണം കൊലപാതകമാണെന്ന് പൊലീസ് പറഞ്ഞു. പ്രസവിച്ച ഉടനെ ബക്കറ്റിലെ വെള്ളത്തിൽ മുക്കി കൊല്ലുകയായിരുന്നു. ശേഷം കവറിലാക്കി ഇമ്മാനുവേലും അമലും ചേർന്ന് എം.എൽ.എ റോഡിലുള്ള കനാലിൽ ഉപേക്ഷിക്കുകയായിരുന്നു.

തൃശ്ശൂർ പൂങ്കുന്നത്തിന് സമീപം എം.എൽ.എ റോഡിലുള്ള കനാലിൽ നിന്ന് ഇന്നലെയാണ് നവജാത ശിശുവിന്‍റെ മൃതദേഹം കണ്ടെത്തിയത്. മൂന്ന് ദിവസം പഴക്കമുള്ള പെൺകുഞ്ഞിന്‍റെ മൃതദേഹം വലിയ കവറില്‍ പൊതിഞ്ഞ നിലയിലാണ് കണ്ടെത്തിയത്. ശാന്തി ഘട്ടിൽ ബലിയിടാൻ എത്തിയവർ മൃതദേഹം കണ്ടതിനെ തുടർന്ന് പൊലീസിനെ അറിയിക്കുകയായിരുന്നു. മൃതദേഹം കനാലിലൂടെ ഒഴുകി വന്നതാണെന്ന് പൊലീസ് പറഞ്ഞു. ഇൻക്വസ്റ്റ് നടപടികൾക്ക് ശേഷം മൃതദേഹം തൃശ്ശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. വെസ്റ്റ് പൊലീസ് കേസെടുത്ത് അന്വേഷണത്തിലാണ്.

Similar Posts