
മനുഷ്യ സ്‌നേഹികളെ സംബന്ധിച്ച് ഇന്ത്യ-പാക് വെടി നിര്‍ത്തല്‍ ആശ്വാസകരമായ വാര്‍ത്തയാണ്: എം. സ്വരാജ്
|'ഭീകരതയ്‌ക്കെതിരായ സമരം തുടരേണ്ടതാണ്'
കോഴിക്കോട്: മനുഷ്യ സ്‌നേഹികളായ എല്ലാവരെയും സംബന്ധിച്ച് ഇന്ത്യ-പാക് വെടി നിര്‍ത്തല്‍ ആശ്വാസകരമായ വാര്‍ത്തയാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം എം. സ്വരാജ്. പഹല്‍ഗാം ഭീകരാക്രമണത്തിന് ഇന്ത്യ തിരിച്ചടി നല്‍കിയതിന് പിന്നാലെ പാകിസ്താന്‍ ഇത് അവസാനിപ്പിക്കണമായിരുന്നു എന്ന് എം. സ്വരജ് മീഡിയവണിനോട് പറഞ്ഞു.
അതിര്‍ത്തിയില്‍ ഷെല്‍ ആക്രമണം നടത്തുക വഴി പാകിസ്താന്‍ വീണ്ടും പ്രകോപനം സൃഷ്ടിക്കുകയാണ് ചെയ്തത്. ആണവായുധങ്ങള്‍ ഉള്‍പ്പടെ പല രാജ്യങ്ങളുടെയും കയ്യിലുള്ള സാഹചര്യത്തില്‍ എന്തായിരിക്കും ലോകത്തിന്റെയും നമ്മുടെ രാജ്യത്തിന്റെയും ഭാവിയെന്ന് ചിന്തിക്കുന്നവര്‍ ഒരിക്കലും യുദ്ധത്തെ പിന്തുണയ്ക്കില്ല. അത് ഭീകര അമര്‍ച്ച ചെയ്യരുത് എന്നത് കൊണ്ടല്ലെന്നും സ്വരാജ് വ്യക്തമാക്കി.
'നമ്മുടെ സമൂഹത്തില്‍ വലിയ ഒരു യുദ്ധാസക്തി വളര്‍ന്നുവരുന്നുണ്ട്. അതിന് മനശാസ്ത്രപരമായ കാരണങ്ങളും ഉണ്ടാകാം. യുദ്ധാസക്തരായ തെറിവിളിക്കാര്‍ ഇനി ആരെ തെറിവിളിക്കും. യുദ്ധത്തിന് നിന്ന് കൊടുക്കാത്ത ഇന്ത്യന്‍ പ്രധാനമന്ത്രിയെ തെറിവിളിക്കുമോ എന്നുള്ളത് കാത്തിരുന്ന് കാണേണ്ട കൗതുകകരമായ കാര്യമാണ്'- എം. സ്വരജ് പറഞ്ഞു. ഭീകരതയ്‌ക്കെതിരായ സമരം തുടരേണ്ടതാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.