< Back
Kerala
പൊരുതി നേടിയ വിജയം; വിവേചനത്തിനെതിരെ നിയമപോരാട്ടം നടത്തിയ ഇന്ത്യൻ ഗവേഷകർക്ക് കോടികളുടെ നഷ്ടപരിഹാരം
Kerala

പൊരുതി നേടിയ വിജയം; വിവേചനത്തിനെതിരെ നിയമപോരാട്ടം നടത്തിയ ഇന്ത്യൻ ഗവേഷകർക്ക് കോടികളുടെ നഷ്ടപരിഹാരം

ശരത് ഓങ്ങല്ലൂർ
|
14 Jan 2026 4:02 PM IST

'എനിക്ക് ഇഷ്ടമുള്ള ഭക്ഷണം കഴിക്കാനുള്ള സ്വാതന്ത്ര്യത്തിന് വേണ്ടിയായിരുന്നു ഈ പോരാട്ടം' എന്ന് ഊർമ്മി സോഷ്യൽ മീഡിയയിൽ കുറിച്ചു

ന്യുയോർക്ക്: പാലക് പനീർ മൈക്രോവേവ് ഓവനിൽ ചൂടാക്കിയതിനെ തുടർന്ന് വംശീയാധിക്ഷേപം നേരിട്ട ഇന്ത്യൻ വിദ്യാർഥികൾക്ക് 1.8 കോടി രൂപ നഷ്ടപരിഹാരം നൽകി അമേരിക്കയിലെ സർവകലാശാല. അമേരിക്കയിലെ കൊളറാഡോ ബോൾഡർ സർവകലാശാലയിൽ നിന്നാണ് ഇന്ത്യൻ വിദ്യാർഥികളായ ആദിത്യ പ്രകാശും ഊർമ്മി ഭട്ടാചാര്യയുമാണ് വംശീയ അധിക്ഷേപത്തിന് വിധേയരായത്.

2023 ലാണ് കേസിനാസ്പദമായ സംഭവം നടക്കുന്നത്. ഡിപ്പാർട്ട്‌മെന്റിലെ മൈക്രോവേവ് ഓവനിൽ ആദിത്യ പ്രകാശ് തന്റെ ഉച്ച ഭക്ഷണമായ പാലക് പനീർ ചൂടാക്കാൻ ശ്രമിച്ചു. ഇതിന് രൂക്ഷഗന്ധമാണെന്ന് ആരോപിച്ച് ഒരു ജീവനക്കാരൻ ഇത് തടയുകയായിരുന്നു. എന്നാൽ, ഇത് ഭക്ഷണമാണെന്നും ചൂടാക്കി ഉടൻ താൻ പോകുമെന്നും ആദിത്യ മറുപടി നൽകുകയും ചെയ്തു. ഇതിനെ തുടർന്ന് യൂണിവേഴ്‌സിറ്റിയുടെ ഭാഗത്ത് ഇവർക്ക് നേരെ ചില അച്ചടക്ക നടപടികളുണ്ടായതോടെയാണ് ഇവരുവരും നിയമവഴി തേടിയത്.

ജീവനക്കാരെ 'ഭയപ്പെടുത്തി' എന്ന് ആരോപിച്ച് ആദിത്യയെ സീനിയർ ഫാക്കൽറ്റി മീറ്റിംഗുകളിലേക്ക് വിളിപ്പിച്ചു. യാതൊരു വിശദീകരണവുമില്ലാതെ ഊർമ്മിയെ ടീച്ചിംഗ് അസിസ്റ്റന്റ് സ്ഥാനത്ത് നിന്ന് പുറത്താക്കുകയും ചെയ്തു. തുടർന്നുള്ള ദിവസങ്ങളിലും ഇന്ത്യൻ ഭക്ഷണം കഴിച്ച ഊർമ്മിക്ക് വംശീയ അധിക്ഷേപം നേരിടേണ്ടി വന്നു.

ഡിപ്പാർട്ട്മെന്റ് അടുക്കളയിലെ നിയമങ്ങൾ ദക്ഷിണേഷ്യൻ വംശജരെ ലക്ഷ്യം വെച്ചുള്ളതാണെന്ന് ആരോപിച്ച് വിദ്യാർത്ഥികൾ കോടതിയെ സമീപിക്കുകയായിരുന്നു. രണ്ട് വർഷം നീണ്ട നിയമപോരാട്ടത്തിനൊടുവിൽ, 2025 സെപ്റ്റംബറിൽ സർവകലാശാല വിദ്യാർഥികളുമായി ഒത്തുതീർപ്പിലെത്തുകയായിരുന്നു. നഷ്ടപരിഹാരമായി 1.8 കോടി രൂപ ഇന്ത്യൻ വംശജർക്ക് നൽകാമെന്ന് യൂണിവേഴ്‌സിറ്റി അധികൃതർ സമ്മതിക്കുകയായിരുന്നു. അതേസമയം, ഈ യൂണിവേഴ്‌സിറ്റിയിൽ ജോലി ചെയ്യാനോ തുടർന്ന് പഠിക്കാനോ പറ്റില്ലെന്നും ഒത്തുതീർപ്പ് വ്യവസ്ഥയിലുണ്ട്. കേസ് ഒത്തുതീർപ്പാക്കിയെങ്കിലും സർവകലാശാല തങ്ങളുടെ ഭാഗത്ത് പിഴവുണ്ടായതായി സമ്മതിച്ചിട്ടില്ല.

'എന്റെ തൊലിയുടെ നിറമോ വംശമോ എന്തുതന്നെയായാലും എനിക്ക് ഇഷ്ടമുള്ള ഭക്ഷണം കഴിക്കാനുള്ള സ്വാതന്ത്ര്യത്തിന് വേണ്ടിയായിരുന്നു ഈ പോരാട്ടം' എന്ന് ഊർമ്മി സോഷ്യൽ മീഡിയയിൽ കുറിച്ചു. ഈ മാസം ഇന്ത്യയിൽ തിരിച്ചെത്തിയ ഇവർക്ക് സോഷ്യൽ മീഡിയയിൽ വലിയ പിന്തുണയാണ് ലഭിക്കുന്നത്.

Similar Posts