< Back
Kerala
K Gopalakrishnan
Kerala

കെ. ഗോപാലകൃഷ്ണനെതിരെ നടപടിയെന്ന് സൂചന; ചീഫ് സെക്രട്ടറി വിശദീകരണം തേടും

Web Desk
|
10 Nov 2024 10:37 AM IST

ഗോപാലകൃഷ്ണന്റെ പ്രവൃത്തികൾ സംശയാസ്പദമെന്ന റിപ്പോർട്ട് ചീഫ് സെക്രട്ടറിക്ക് മുന്നിലുണ്ട്

തിരുവനന്തപുരം: മല്ലു ഹിന്ദു ഓഫീസേഴ്സ് വാട്സ്ആപ്പ് ഗ്രൂപ്പ് വിവാദത്തിൽ ഗ്രൂപ്പ് ഉണ്ടാക്കിയ ഗോപാലകൃഷ്ണനെതിരെ നടപടിയെന്ന് സൂചന.

വ്യവസായ വകുപ്പ് ഡയറക്ടറായ കെ. ഗോപാലകൃഷ്ണനോട് ചീഫ് സെക്രട്ടറി വിശദീകരണം തേടും. ഗോപാലകൃഷ്ണന്റെ പ്രവൃത്തികൾ സംശയാസ്പദമെന്ന റിപ്പോർട്ട് ചീഫ് സെക്രട്ടറിക്ക് മുന്നിലുണ്ട്.

ഐഎഎസ് മല്ലു ഹിന്ദു ഗ്രൂപ്പ് വിവാദത്തില്‍ കഴിഞ്ഞ ദിവസമാണ് ഡിജിപി, ചീഫ് സെക്രട്ടറിക്ക് റിപ്പോര്‍ട്ട് കൈമാറിയത്. കെ ഗോപാലകൃഷ്ണന്റെ ഫോൺ ഹാക്ക് ചെയ്തിട്ടില്ലെന്നാണ് റിപ്പോർട്ടില്‍ പറയുന്നത്.

മൊബൈൽ ഫോൺ ഹാക്ക് ചെയ്തിട്ടില്ലെന്ന കണ്ടെത്തലാണ് ഫോറൻസിക് പരിശോധനയിലും മെറ്റയുടെ റിപ്പോർട്ടിലുമുള്ളത്. മറ്റൊരു ഐ പി അഡ്രസ് ഫോണില്‍ ഉപയോഗിച്ചിട്ടില്ലെന്നാണ് മെറ്റ അന്വേഷണ സംഘത്തിന് മറുപടി നല്‍കിയിട്ടുള്ളത്. അസ്വാഭാവികമായി ഒന്നും കണ്ടെത്താന്‍ കഴിഞ്ഞില്ലന്ന മെറ്റ ചൂണ്ടിക്കാണിച്ചതും റിപ്പോർട്ടിൽ സൂചിപ്പിച്ചിട്ടുണ്ട്.

തന്റെ ഫോണ്‍ ഹാക്ക് ചെയ്താണ് മല്ലു ഹിന്ദു വാട്സ് ആപ്പ് ഗ്രൂപ്പുണ്ടാക്കിയതെന്ന കെ. ഗോപാലകൃഷ്ണന്റെ പരാതി പൊലീസ് ആദ്യമെ തള്ളിയിരുന്നു. ഫോറൻസിക് പരിശോധനയിലോ മെറ്റയുടെ വിശദീകരണത്തിലോ ഹാക്കിങ് സ്ഥികരിക്കാൻ കഴിഞ്ഞില്ലെന്ന റിപ്പോർട്ടാണ് തിരുവനന്തപുരം സിറ്റി പൊലിസ് കമ്മീഷണർ ഡിജിപിക്ക് നൽകിയത്.

കെ. ഗോപാലകൃഷ്ണന് കുരുക്കായി മാറിയിരിക്കുകയാണ് പൊലീസ് റിപ്പോർട്ട്. അദ്ദേഹത്തിന്റെ രണ്ടു ഫോണുകള്‍ ഫോറൻസിക് പരിശോധനക്ക് നൽകിയിരുന്നു. രണ്ട് ഫോണുകളും ഒന്നിലേറെ തവണ ഫോർമാറ്റ് ചെയ്ത് നൽകിയതിനാൽ പ്രത്യകിച്ചൊന്നും അതിൽ നിന്ന് കണ്ടെത്താൻ കഴിഞ്ഞിരുന്നില്ല.

Similar Posts