
'കെ.ടി ജലീലിന് വിവരങ്ങൾ ചോർത്തി നൽകിയിട്ടില്ല'; യൂത്ത് ലീഗ് നേതാവ് സുഹൈൽ തച്ചൊറടി
|'പാർട്ടിയുമായി ബന്ധപ്പെട്ട ഒരു കാര്യങ്ങളും സംസാരിക്കാറില്ല'
പാലക്കാട്: കെ.ടി ജലീലിന് പി.കെ ഫിറോസുമായി ബന്ധപ്പെട്ട വിവരങ്ങളൊന്നും ചോർത്തി നൽകിയിട്ടില്ലെന്ന് തിരുവേഗപ്പുറ യൂത്ത് ലീഗ് പഞ്ചായത്ത് പ്രസിഡൻ്റ് സുഹൈൽ തച്ചൊറടി. ജലീൽ പഴയ സുഹൃത്താണെന്നും ഇപ്പോഴും ബന്ധമുണ്ടെന്നും സുഹൈൽ പറഞ്ഞു.
പാർട്ടിയുമായി ബന്ധപ്പെട്ട ഒരു കാര്യങ്ങളും സംസാരിക്കാറില്ല. താൻ ജലീലുമായി സംസാരിക്കുന്നത് സുഹൃത്താണ് റെക്കോർഡ് ചെയ്തത്. എനിക്കെതിരെ പാർട്ടി ഒരു നടപടിയും സ്വീകരിച്ചിട്ടില്ല. തന്നെ അപകീർത്തിപ്പെടുത്തുകയും വാർത്താ സമ്മേളനം നടത്തുകയും ഫേസ്ബുക്ക് പോസ്റ്റിടുകയും ചെയ്ത ജലീലിനെതിരെ നേതൃത്വവുമായി ആലോചിച്ച് നിയമനടപടികൾ സ്വീകരിക്കുമെന്നും സുഹൈൽ പറഞ്ഞു.
തനിക്ക് വിവരങ്ങൾ നൽകിയ സുഹൈലിനെ യൂത്ത് ലീഗ് പുറത്താക്കിയെന്ന് കെ.ടി ജലീൽ ഫേസ്ബുക്ക് പോസ്റ്റിട്ടിരുന്നു. സുഹൈലിനെ പാർട്ടിയിൽ നിന്ന് പുറത്താക്കിയിട്ടില്ലെന്ന് യൂത്ത് ലീഗ് പാലക്കാട് ജില്ലാ പ്രസിഡൻ്റ് മുസ്തഫ തങ്ങൾ പറഞ്ഞു. ജലീലിൻ്റെ ആരോപണമല്ലാതെ സുഹൈലിനെതിരെ ഒരു പരാതിയും ലഭിച്ചിട്ടില്ലെന്നും പരാതി ലഭിച്ചാൽ അന്വേഷിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.